മക്ക - ഈ വർഷം രോഗികളായ ഹജ് തീർഥാടകരുടെ പുണ്യസ്ഥലങ്ങളിലെ നീക്കങ്ങൾക്ക് ആംബുലൻസുകളും മെഡിക്കൽ സംഘങ്ങളും അടങ്ങിയ മെഡിക്കൽ വാഹന വ്യൂഹങ്ങളുണ്ടാകില്ലെന്ന് മക്ക പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി ഡോ. വാഇൽ ബിൻ ഹംസ പറഞ്ഞു. ഇതിനു പകരം ഹജ് കർമം പൂർത്തിയാക്കാൻ സഹായിച്ച് തീർഥാടകരെ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യും. മുൻ വർഷങ്ങളിൽ രോഗികളായ തീർഥാടകരെ കൂട്ടത്തോടെ മെഡിക്കൽ കോൺവോയികളിൽ നീക്കുകയാണ് ചെയ്തിരുന്നത്. ഇതിനു പകരം ഈ വർഷം ഓരോ കേസുകളും പ്രത്യേകം കൈകാര്യം ചെയ്യും.
ഹാജിമാരുടെ ആരോഗ്യ നിലക്ക് മേൽനോട്ടം വഹിക്കാനും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താനും മക്കയിലെത്തിയ ഉടൻ ആരോഗ്യ നില ഉറപ്പു വരുത്താനും മക്ക ആരോഗ്യ വകുപ്പിനു കീഴിൽ സൂപ്പർ വൈസറി കമ്മിറ്റികൾ പ്രവർത്തിക്കും. തമ്പുകളിലും മക്കയിലെ താമസ സ്ഥലങ്ങളിലും തീർഥാടകർക്ക് താമസ സൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യ വകുപ്പ് മേൽനോട്ടം വഹിക്കും. നിശ്ചിത എണ്ണം തീർഥാടകരെ മാത്രമാണ് തമ്പുകളിലും താമസ സ്ഥലങ്ങളിലും പാർപ്പിക്കുന്നതെന്നും സാമൂഹിക അകലവും മറ്റു ആരോഗ്യ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്നും കൊറോണ വൈറസിൽ നിന്നും മറ്റു പകർച്ചവ്യാധികളിൽ നിന്നും തീർഥാടകർ മുക്തരാണെന്നും ഉറപ്പു വരുത്തും.
പുണ്യസ്ഥലങ്ങളിൽ എല്ലാവിധ സൗകര്യങ്ങളോടെയും മൂന്നു ആശുപത്രികൾ സജ്ജീകരിച്ചിട്ടുണ്ട്. ജബലുറഹ്മ ആശുപത്രി, മിനാ അൽവാദി ആശുപത്രി, ഈസ്റ്റ് അറഫ ആശുപത്രി എന്നിവയാണ് തീർഥാടകർക്ക് ചികിത്സാ സേവനങ്ങൾ നൽകുന്നതിന് ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ അഞ്ചു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം അറഫയിലും ഒന്ന് മുസ്ദലിഫയിലും മറ്റു രണ്ടെണ്ണം മിനായിലുമാണ്. ഇവയെല്ലാം തീർഥാടകരുടെ താമസ സ്ഥലങ്ങൾക്കു സമീപമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ജബലുറഹ്മ, വാദി അൽമിനാ ആശുപത്രികളിൽ ക്ലിനിക്കുകളും അത്യാഹിത വിഭാഗങ്ങളും ഓപറേഷൻ തിയേറ്ററുകളുമുണ്ട്. കൊറോണബാധ സ്ഥിരീകരിക്കുന്ന തീർഥാടകർക്കുള്ള ഐസൊലേഷൻ കേന്ദ്രം എന്നോണമാണ് ഈസ്റ്റ് അറഫ ആശുപത്രി പ്രയോജനപ്പെടുത്തുക. കൊറോണബാധ സ്ഥിരീകരിക്കുന്ന ഹാജിമാരെ മക്കയിലെ ആശുപത്രികളിലേക്ക് മാറ്റി, ഹജിന്റെ ആത്മീയത തീർഥാടകർക്ക് നഷ്ടപ്പെടാതെ നോക്കാനാണ് ഈസ്റ്റ് അറഫ ആശുപത്രി ഐസൊലേഷൻ സെന്ററാക്കി മാറ്റുന്നത്.
കാർഡിയോളജി, ന്യൂറോളജി പോലുള്ള അതിവിദഗ്ധ വിഭാഗങ്ങളിൽ ചികിത്സ ആവശ്യമുള്ള ഹാജിമാരെ സ്വീകരിക്കാൻ മക്കയിലെ ആശുപത്രികൾ സുസജ്ജമാണ്. ഹജ് ദിവസങ്ങളിൽ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിൽ നിന്ന് രോഗികളായ തീർഥാടകരെ വിദഗ്ധ ചികിത്സക്ക് മറ്റു ആശുപത്രികളിലേക്ക് മാറ്റുന്നതിന് മെഡിക്കൽ ആംബുലൻസ് സേവനം പ്രയോജനപ്പെടുത്തും.
തമ്പുകളിൽ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ആരോഗ്യ വ്യവസ്ഥകളും അംഗീകരിച്ചിട്ടുണ്ട്. തമ്പുകളിൽ ഒത്തുചേരലുകൾ തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിച്ച, ആരോഗ്യകരമായ ഭക്ഷണങ്ങൾ തീർഥാടകരുടെ താമസ സ്ഥലങ്ങളിൽ നേരിട്ട് വിതരണം ചെയ്യും. തമ്പുകളിലും ഹാജിമാരുടെ താമസ സ്ഥലങ്ങളിലും ഓപൺ ബൂഫെ വിലക്കിയിട്ടുണ്ട്. കൊറോണബാധ സംശയിക്കുന്ന സാഹചര്യത്തിൽ സാമ്പിൾ ശേഖരിച്ച് പി.സി.ആർ പരിശോധന നടത്തും. രോഗബാധ സ്ഥിരീകരിക്കുന്ന പക്ഷം തീർഥാടകരെ തമ്പുകൾക്കകത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലാക്കി ആരോഗ്യ നില സസൂക്ഷ്മം നിരീക്ഷിക്കും. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട കേസുകൾ ആംബുലൻസുകളിൽ പുണ്യസ്ഥലങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റി, ഹജ് പൂർത്തിയാക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഡോ. വാഇൽ ബിൻ ഹംസ പറഞ്ഞു.