കൊണ്ടോട്ടി- കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുളള അനുമതിക്കായി വിമാന കമ്പനികളും എയര്‍പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് സമര്‍പ്പിച്ചു.
എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന്റെ ശുപാര്‍ശ സഹിതമാണ് റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കിയത്.
അതോറിറ്റിയുടെ നേതൃത്വത്തില്‍ വിമാനകമ്പനികളും, വിമാനനത്താവള എജന്‍സികളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിമാനകമ്പനികള്‍ പുതുതതായി സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങന്ന മേഖലകള്‍, അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ടൈം സ്ലോട്ടുകള്‍, വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ എന്നിവയടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഈ മാസം 15 മുതല്‍ ആരംഭിക്കുന്ന റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി.രാധാകൃഷ്ണ പറഞ്ഞു.
കരിപ്പൂരില്‍നിന്ന് ബി 777-200 ഇ.ആര്‍,ബി 777-200 എല്‍.ആര്‍,എ-330-300, ബി 787-800 തുടങ്ങിയ വിമാനങ്ങളുടെ സര്‍വീസിനാണ് ഡി.ജി.സി.എ ഉപാധികളോടെ അനുമതി നല്‍കാനിരിക്കുന്നത്. ഇതിന് നിലവില്‍ കരിപ്പൂരിലെ സൗകര്യങ്ങളെ കുറിച്ചാണ് അതോറിറ്റി സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത്.
റണ്‍വെ നീളം, റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)യുടെ നിലവിലുളള വിസ്തീര്‍ണ്ണം, വികസിപ്പിക്കുമ്പോഴുളള റിസയുടെ വിസ്തീര്‍ണം, വിമാന ലാന്റിംഗ് ഏരിയ, റണ്‍വെയില്‍ നിന്നുളള ആകാശക്കാഴ്ച, സുരക്ഷിത വിമാന ലാന്റിംഗിന് ആവശ്യമായി ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ഡി.ജി.സി.എക്ക് സമര്‍പ്പിച്ചിരിക്കുന്നത്. 200 മുതല്‍ 350 വരെ യാത്രക്കാരെ ഉള്‍ക്കൊളളുന്ന വിമാനങ്ങള്‍ക്ക് കരിപ്പൂരിലെ റണ്‍വേ അനുയോജ്യമാണെന്നാണ് റിപ്പോര്‍ട്ടിലുളളത്. ഡി.ജി.സി.എ അനുമതി ലഭിച്ചാല്‍ കരിപ്പൂരില്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്താനും ഇതോടെ കഴിയും.