Sorry, you need to enable JavaScript to visit this website.

മുൻഗണന മുമ്പ് ഹജ് നിർവഹിക്കാത്തവർക്ക് 

റിയാദ് - മുമ്പ് ഹജ് നിർവഹിക്കാത്തവർക്ക് ഇത്തവണ മുൻഗണന നൽകുമെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. മറ്റുള്ളവർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹജ് നിർവഹിച്ചവരാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ടാകും. രജിസ്‌ട്രേഷൻ സംവിധാനങ്ങളും തീർഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും തീർത്തും സുതാര്യമായിരിക്കും. ഇക്കാര്യത്തിൽ സൗദി, വിദേശി വ്യത്യാസമുണ്ടാകില്ല. 

ഹജ് സംഘാടനം മൂലമുള്ള സാമ്പത്തിക നേട്ടത്തെക്കാൾ ഉപരി തീർഥാടകരുടെ സുരക്ഷയാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിക്കൽ ഈ വർഷത്തെ ഹജിനുള്ള അടിസ്ഥാന വ്യവസ്ഥയാണെന്നും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിൽ സൗദി അറേബ്യക്ക് വിപുലമായ അനുഭവസമ്പത്തുണ്ട്. ഹജ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ സൗദി അറേബ്യ സസൂക്ഷ്മം നിരീക്ഷിക്കും.
ഹജിന് രജിസ്റ്റർ ചെയ്യുന്നവർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യം ഇലക്‌ട്രോണിക് രീതിയിലാണ് ഉറപ്പുവരുത്തുക. കൃത്രിമങ്ങൾ തടയുന്നതിന് ഹജുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും ഇലക്‌ട്രോണിക് സംവിധാനത്തിലായിരിക്കും. തീർഥാടകരുടെ ശരീര ഊഷ്മാവ് പരിശോധിച്ചും നിരന്തര പരിശോധനകളിലൂടെ ലക്ഷണങ്ങൾ നിരീക്ഷിച്ചും ഹാജിമാരുടെ സുരക്ഷ കൃത്യമായി നിരീക്ഷിക്കും. മുഴുവൻ ഹജ് തീർഥാടകർക്കും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വാക്‌സിൻ നൽകാൻ ആഗ്രഹിക്കുന്നു. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാൻ മക്കയിലെ ആശുപത്രികൾ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

Latest News