ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് പരിശീലന ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശനയത്തിന്റെ പരാജയമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തിനെതിരെ നിരന്തരം നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ തീവ്രവാദികള്‍ക്ക് ഇന്ത്യയെ ഭയമില്ലെന്നാണ് തെളിയിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് സുഷ്മിത ദേവ് പറഞ്ഞു.
ഇന്ത്യ ശക്തമായ രാജ്യമാണെന്നാണ് തെരഞ്ഞെടുപ്പ് വേളയില്‍ മോഡി പറഞ്ഞത്. എന്നാല്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനത്തെ തുടര്‍ന്ന് വീരമൃത്യു വരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്. ഇത് നരേന്ദ്ര മോഡിയുടെ വിദേശ നയത്തിന്റെ പരാജയമാണ്. ഇന്ത്യയുടെ അകത്തും പുറത്തുമുള്ള ശത്രുക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു. രാജ്യസുരക്ഷയ്ക്ക് വേണ്ടി പ്രധാനമന്ത്രി മോഡി എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണക്കുമെന്നും അവര്‍ പറഞ്ഞു.