റിയാദ് - കൂടുതൽ വിഭാഗങ്ങളിൽ പെട്ടവർക്ക് രണ്ടാം ഡോസ് വാക്‌സിൻ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വൃക്കരോഗികൾ, അർബുദ രോഗികൾ, അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായവർ, അമിത വണ്ണമുള്ളവർ, 60 ൽ കൂടുതൽ പ്രായമുള്ളവർ എന്നീ അഞ്ചു വിഭാഗങ്ങളിൽ പെട്ടവർക്ക് രണ്ടാം ഡോസ് വാക്‌സിൻ ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
60 ൽ കൂടുതൽ പ്രായമുള്ളവർക്ക് കഴിഞ്ഞ മാസം 27 മുതൽ രണ്ടാം ഡോസ് വാക്‌സിൻ നൽകാൻ തുടങ്ങിയിട്ടുണ്ട്. ഇന്നലെ മുതൽ പുതുതായി നാലു വിഭാഗങ്ങൾക്കു കൂടിയാണ് രണ്ടാം വാക്‌സിൻ വിതരണം പുനരാരംഭിച്ചത്.
രണ്ടാം ഡോസ് വാക്‌സിൻ അപ്പോയിന്റ്‌മെന്റ് നീട്ടിവെച്ചതായും ഇത് പിന്നീട് പുനർഷെഡ്യൂൾ ചെയ്യുമെന്നും ഏപ്രിൽ പത്തിന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ആദ്യ ഡോസ് വാക്‌സിൻ ലഭ്യമാക്കാൻ വേണ്ടിയാണ് രണ്ടാം ഡോസ് വിതരണം നീട്ടിവെച്ചത്. രാജ്യത്ത് ഇതുവരെ 1.46 കോടിയിലേറെ ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്.
രാജ്യാന്തര യാത്രക്ക് പൊതുവിൽ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്ന് വ്യവസ്ഥയില്ലെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. വിദേശങ്ങളിൽനിന്ന് വരുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ബാധകമാക്കുന്ന രാജ്യങ്ങൾ, യാത്രക്കാർ വരുന്ന രാജ്യങ്ങളിലെ രോഗവ്യാപന തോതുകളും വകഭേദങ്ങളും മറ്റുമാണ് നോക്കുന്നത്. യാത്രക്കാരൻ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യം ഈ രാജ്യങ്ങൾ പരിഗണിക്കുന്നില്ല.
വാക്‌സിൻ ഡോസുകൾക്കിടയിൽ ചില രാജ്യങ്ങൾ മൂന്നു മാസത്തെയും മറ്റു രാജ്യങ്ങൾ നാലു മാസത്തെയും ഇടവേള അംഗീകരിച്ചിട്ടുണ്ട്. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം പ്രതിരോധശേഷി വർധിക്കും. രണ്ടു ഡോസുകൾക്കിടയിൽ പാലിക്കപ്പെടേണ്ട ഏറ്റവും മികച്ച കാലയളവ് ഇല്ല. ചില വാക്‌സിനുകളിൽ രണ്ടാമത് ഡോസിന് കാലതാമസം വരുത്തുന്നത് പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കും. പൊതുതാൽപര്യം മുൻനിർത്തി, സൗദിയിൽ ചില വിഭാഗങ്ങൾക്ക് രണ്ടാം ഡോസിന് കാലതാമസം വരുന്നതിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
രോഗബാധക്കു ശേഷം സ്വാഭാവിക രീതിയിൽ ആർജിക്കുന്ന പ്രതിരോധ ശേഷി വീണ്ടും രോഗം ബാധിക്കുന്നത് പൂർണമായും തടയില്ല. ഇപ്പോഴുള്ള കൊറോണ വൈറസ് വകഭേദങ്ങൾ മഹാമാരിയുടെ തുടക്ക കാലത്തിലുണ്ടായിരുന്ന വൈറസിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ പുതിയ വകഭേദങ്ങളെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് മതിയായ രീതിയിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. വ്യത്യസ്ത വകഭേദങ്ങളുടെ സാന്നിധ്യത്തിനിടെയും ആവശ്യമായ സംരക്ഷണം വാക്‌സിനുകൾ നൽകുമെന്നും ഡോ. അസീരി പറഞ്ഞു.