Sorry, you need to enable JavaScript to visit this website.

മാറി വരുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാൻ സി.പി.എം

കണ്ണൂർ- സംസ്ഥാനത്തെ മാറി വരുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ കൂടുതൽ ജനസമ്മിതിയാർജിക്കുകയെന്ന ലക്ഷ്യമിട്ട് മതപരമായ പ്രശ്‌നങ്ങളിൽ ഇടപെടുകയെന്ന നിലപാടുമായി സി.പി.എം. മലബാറിലെ തന്നെ മുസ്്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ തളിപ്പറമ്പിൽ വഖഫ് സ്വത്തുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം മതപരമായ പ്രശ്‌നങ്ങളിലും മാതൃകാപരമായ ഇടപെടൽ നടത്തുകയാണ് ലക്ഷ്യം.
മലബാറിൽ മുസ്‌ലിം ലീഗിന്റെ കോട്ടയാണ് തളിപ്പറമ്പ്. നിയമസഭാ മണ്ഡലം സി.പി.എം നേടിയെങ്കിലും നഗരസഭ ഉൾപ്പെടെയുള്ള തദ്ദേക സ്ഥാപനങ്ങൾ ലീഗിന് സർവാധിപത്യമുള്ളവയാണ്. പല പ്രദേശങ്ങളിലും സി.പി.എമ്മിന് ജനസമ്മതി നേടാനായിട്ടുണ്ടെങ്കിലും ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ട് ഇത് കൂടുതൽ വിപുലീകരിക്കുകയാണ് ലക്ഷ്യം. നേരത്തെ സി.പി.എം   ലീഗ് സംഘർഷങ്ങൾ പതിവായി നടക്കുന്ന സ്ഥലം കൂടിയായിരുന്നു തളിപ്പറമ്പ്. നിരവധി ലീഗ് പ്രവർത്തകർ കൊല്ലപ്പെടുകയും വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ പരസ്പരം ആക്രമണം നടക്കുകയും ചെയ്തിരുന്നു. എന്നാൽ പത്തു വർഷത്തോളമായി തളിപ്പറമ്പിൽ രാഷ്ട്രീയ സംഘർഷങ്ങളോ ആക്രമണങ്ങളോ നടക്കുന്നില്ല. മാത്രമല്ല, തളിപ്പറമ്പ് വികസനം ലക്ഷ്യമിട്ട് എം.എൽ.എയായിരുന്ന ജെയിംസ് മാത്യു നടപ്പാക്കിയ റോഡ് വികസനം ഉൾപ്പെടെയുള്ള പദ്ധതികളിൽ ലീഗ് നേതൃത്വം രാഷ്ടീയം മറന്ന് കൈ കോർക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് ശിഥിലമായിത്തുടങ്ങുകയും ലീഗിനകത്ത് അന്ത:ഃഛിദ്രങ്ങളുണ്ടാകുകയും ചെയ്യന്ന സാഹചര്യത്തിലാണ് ലീഗ് അണികൾ ഉൾപ്പെടുന്ന മുസ്‌ലിം ജനവിഭാഗങ്ങളിൽ സ്വാധീനം ചെലുത്താൻ സി.പി.എം കരുക്കൾ നീക്കുന്നത്. പൗരത്വ പ്രശ്‌നങ്ങളിലടക്കം നരേന്ദ്ര മോഡിയേയും സംഘപരിവാർ ശക്തികളേയും പരസ്യമായി വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് ജനവിഭാഗത്തിനിടയിൽ  ലഭിക്കുന്ന സ്വീകാര്യതയും ഇതിന് വഴിയൊരുക്കുന്നു. മാത്രമല്ല, തളിപ്പറമ്പിലെ വഖഫ് സ്വത്തുക്കളുടെ കൈയേറ്റം സംബന്ധിച്ച് മുസ്‌ലിം ലീഗിലെ പ്രബലർ പലരും വിരുദ്ധ ചേരികളിലുമാണ്. ഈ സാഹചര്യവും സി.പി.എമ്മിന് അനുകൂലമാണ്.
ഈ സാഹചര്യത്തിലാണ് വഖഫ് സ്വത്തുക്കളുടെ കൈമാറ്റവും സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടനവധി നിയമ പോരാട്ടങ്ങൾ നടന്നുവരുന്ന തളിപ്പറമ്പിൽ വഖഫ് സ്വത്തു സംരക്ഷണത്തിനായി സി.പി.എം നേതൃത്വത്തിൽ സമിതി രൂപീകരിച്ചത്. വഖഫ് ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പിൽ  ആക്ഷൻ കമ്മിറ്റി നിലവിലുണ്ടെങ്കിലും സി.പിഎം നിയന്ത്രണത്തിൽ ഇതാദ്യമായാണ് സമിതി രൂപീകരിക്കുന്നത്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും പാർട്ടി നിയന്ത്രണത്തിലുള്ള കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഏരിയാ പ്രസിഡന്റുമായ സി.അബ്ദുൽ കരീം പ്രസിഡന്റായാണ് തളിപ്പറമ്പ് മഹല്ല് വഖഫ് സംരക്ഷണ സമിതി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചത്. ന്യൂനപക്ഷ സാംസ്‌കാരിക സംഘടനകളുടെ ഏകോപന സമിതി ജില്ലാ സെക്രട്ടറി കൂടിയാണ് അബ്ദുൽ കരിം. സി.പി.എം സഹയാത്രികനും കരുണ അംഗവുമായ കുറിയാലി സിദ്ദീഖാണ് സെക്രട്ടറി. പാർട്ടി മെമ്പർ കെ.പി.എം. റിയാസുദ്ദീനാണ് ട്രഷറർ. മുൻ നഗരസഭാംഗം റഫീഖ്, ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി അനസ് എന്നിവരും കമ്മിറ്റി അംഗങ്ങളാണ്. ഒരു ഐ.എൻ.എൽ പ്രതിനിധിയും കമ്മിറ്റിയിൽ ഉണ്ട്. എങ്കിലും ഭൂരിഭാഗം പേരും സി.പി.എം പ്രവർത്തകരാണ്.
തളിപ്പറമ്പിലെ വഖഫ് ഭൂമി കൈയേറ്റങ്ങളും ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളും കേസുകളുമാണ് നിലനിൽക്കുന്നത്. മുസ്‌ലിം ലീഗ് പ്രവർത്തകർ തന്നെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും പരാതികളുമായി രംഗത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസുകളും അന്വേഷണങ്ങളും വഖഫ് ബോർഡ് മുമ്പാകെ നടന്നു വരുന്നുമുണ്ട്. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ഉള്ള പ്രദേശം കൂടിയാണ് തളിപ്പറമ്പ്. വഖഫ് ഭൂമി സംരക്ഷണ ആക്ഷൻ കമ്മിറ്റിയിൽ വിവിധ രാഷ്ടീയ പാർട്ടികളോട് അനുഭാവമുള്ളവരുണ്ട്.
 

Latest News