കോട്ടക്കൽ- നാലു ദിവസം നീണ്ടു നിൽക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളത്തിന് തിരൂരങ്ങാടിക്കടുത്ത കൂരിയാട്ടെ സലഫി നഗറിൽ തുടക്കം. 'മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന സമ്മേളനം ജംഇയ്യത്ത് അഹ്‌ലെ ഹദീസ് അഖിലേന്ത്യാ അധ്യക്ഷൻ മൗലാന അസ്ഗറലി ഇമാം മഹ്ദി അസ്സലഫി ഉദ്ഘാടനം ചെയ്തു.
ഇതര രാജ്യങ്ങളിലെ മുസ്്‌ലിംകൾ ജീവിക്കുന്നതിനേക്കാൾ നിർഭയത്വത്തോടെയാണ് ഇന്ത്യയിലെ മുസ്്‌ലിംകൾ ജീവിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഇന്ത്യയോടൊപ്പം സ്വതന്ത്രമായ മതാധിഷ്ഠിത രാജ്യമായ പാക്കിസ്ഥാനിലെ അന്തഛിദ്രതയും വിഭാഗീയതയും നാം അറിയണം. ലോകത്തിന്റെ ഏത് കോണിൽ ജീവിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തേക്കാളും ഇന്ത്യൻ മുസ്ലിംകൾ സ്വസ്ഥതയും സമാധാനവും അനുഭവിക്കുന്നുണ്ട്. ഭക്ഷണം, വസ്ത്രം, ചിന്ത, വിശ്വാസം എന്നിവയുടെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കുന്ന നീക്കത്തിന് ഭരണകൂടം കൂട്ടുനിൽക്കരുത്. രാജ്യത്തിന്റെ ആത്മാവിൽ ഉൾചേർന്ന ബഹുസ്വരത ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് അസ്ഗറലി അസ്സലഫി പറഞ്ഞു.
കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് ടി.കെ. മുഹ്‌യുദ്ദീൻ ഉമരി അധ്യക്ഷതവഹിച്ചു. കെ.എൻ.എം. പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡണ്ട് ഡോ. ഹുസൈൻ മടവൂർ, ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, വൈസ് പ്രസിഡണ്ട് പി.കെ. അഹമ്മദ്, എം. സ്വലാഹുദ്ദീൻ മദനി, പ്രൊഫ. എൻ.വി. അബ്ദുറഹ്മാൻ, നൂർ മുഹമ്മദ് നൂർഷ, സ്വാഗതസംഘം ചെയർമാൻ വി.കെ. സകരിയ്യ, ഐ.എസ്.എം. പ്രസിഡണ്ട് ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. സുവനീർ പ്രകാശനം പി.കെ. അബ്ദുറബ്ബ് എം.എൽ.എ നിർവ്വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, പി.കെ. ബഷീർ എം.എൽ.എ, വി.വി. പ്രകാശ്, പി. വാസുദേവൻ, എ. വിജയരാഘവൻ, പി.പി. സുനീർ, ഡോ. ഫസൽ ഗഫൂർ, പി.പി. ഉണ്ണീൻ, എം.വി. ശ്രേയാംസ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണിക്കൃഷ്ണൻ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. കുഞ്ഞാലൻകുട്ടി, വാർഡ് മെമ്പർമാരായ ഇ. മുഹമ്മദലി, കല്ലൻ മുഹമ്മദ് റിയാസ് പങ്കെടുത്തു.
സമ്മേളന പ്രതിനിധികൾക്കായി ഏഴ് ലക്ഷം ചതുരശ്ര അടി വലുപ്പമുള്ള പന്തലാണ് ഒരുങ്ങിയിരിക്കുന്നത്. എൺപത് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ നാന്നൂറ് പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികൾ അടക്കം അഞ്ചുലക്ഷം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. എട്ട് വേദികളിലായിട്ടാണ് സമ്മേളനം നടക്കുന്നത്. മുഖ്യവേദിക്ക് പുറമെ സഹിഷ്ണുത, സഹവർത്തിത്തം, നവോത്ഥാനം, സംസ്‌കാരം, സാന്ത്വനം, വിചാരം, വിജ്ഞാനം തുടങ്ങി നാമങ്ങളിലാണ് വേദികൾ അറിയപ്പെടുക.
ഇന്ന് രാവിലെ 10 മണിക്ക് ഖുർആൻ സമ്മേളനം മൗലാന അബ്ദുൽ ഗനി ഹൈദരാബാദ് ഉദ്ഘാടനം ചെയ്യും. 12.30ന് പ്രധാന പന്തലിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ജുമുഅ നമസ്‌കാരം നടക്കും. ഉച്ചതിരിഞ്ഞ് 2.30ന് ഹദീസ് സമ്മേളനം മൗലാന അബൂ സഹ്ബാൻ റൂഹുൽ ഖുദ്‌സ് നദ്‌വി ലക്‌നൗ ഉദ്ഘാടനം ചെയ്യും. 4ന് നവോത്ഥാന സമ്മേളനം മുൻ കേന്ദ്രമന്ത്രിസൽമാൻ ഖുർശിദ് ഉദ്ഘാടനം ചെയ്യും. ഡോ. എം.ജി.എസ്. നാരായണൻ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. വൈകിട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം മുൻ മഹാരാഷ്ട്രാ ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യും.സമ്മേളനം ഞായറാഴ്ച സമാപിക്കും.
.