തായിഫ് - നീണ്ട പത്തൊമ്പതു വർഷമായി എല്ലാവരുടെയും സ്‌നേഹവും ഇഷ്ടവും നേടി സ്തുത്യർഹമായും ഏറ്റവും ഭംഗിയായും ആത്മാർഥമായും സേവനമനുഷ്ഠിച്ചുവരുന്ന മലയാളി നഴ്‌സിന് നാട്ടുകാരുടെ വികാരോഷ്മള ആദരം. ആർദ്രയും അലിവും മുഖമുദ്രയാക്കി നല്ല പെരുമാറ്റത്തിലൂടെ രോഗികളുടെയും ബന്ധുക്കളുടെയും ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരുടെയും മേലധികാരികളുടെയും സ്‌നേഹവും ഇഷ്ടവും പ്രീതിയും സമ്പാദിച്ച ജെസി മൈക്കിളിനെയാണ് പ്രദേശവാസികളും തായിഫിലെ അശീറ ഹെൽത്ത് സെന്റർ ജീവനക്കാരും ചേർന്ന് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ആദരിച്ച് സ്‌നേഹ പ്രകടനം നടത്തിയത്. പത്തൊമ്പതു വർഷമായി അശീറ ഹെൽത്ത് സെന്ററിലാണ് ജെസി മൈക്കിൾ ജോലി ചെയ്തുവരുന്നത്. രണ്ടു ദശകം നീണ്ട നിസ്വാർഥ സേവനത്തിലൂടെ എല്ലാവരുടെയും ഇഷ്ടം നേടാനും ആദരവ് ആർജിക്കാനും ജെസിക്ക് സാധിച്ചു.
സ്വർണാഭരണങ്ങളും നോട്ടുകൾ തിരുകിയ പൂച്ചെണ്ടുകളും ഷീൽഡും നൽകി ഹെൽത്ത് സെന്റർ അധികൃതരും നാട്ടുകാരും ജെസി മൈക്കിളിനെ സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. നാട്ടുകാരും ഹെൽത്ത് സെന്റർ അധികൃതരും ചേർന്ന് ഒരുക്കിയ അപ്രതീക്ഷിതമായ ആദരിക്കൽ ചടങ്ങും സമ്മാനങ്ങളും കണ്ട് സന്തോഷവും ആഹ്ലാദവും ഒതുക്കാൻ കഴിയാതെ ജെസി മൈക്കിളിന്റെ കണ്ണുകൾ ആനന്ദാശ്രു പൊഴിച്ചു.
പത്തൊമ്പതു വർഷമായി സമർപ്പണത്തോടെയും ആത്മാർഥമായും സേവനമനുഷ്ഠിക്കുകയും നല്ല രീതിയിൽ പെരുമാറുകയും ചെയ്ത് നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും സ്‌നേഹവും ഇഷ്ടവും ആർജിച്ച ജെസി മൈക്കിളിനോടുള്ള ആദരവും നന്ദിയുമാണ് ചടങ്ങിലൂടെ തങ്ങൾ പ്രകടിപ്പിച്ചതെന്ന് അശീറ ഹെൽത്ത് സെന്റർ ഡയറക്ടർ രിഫാഅ് അലി അൽഉതൈബി പറഞ്ഞു. ഇത്രയും കാലത്തെ ജോലിക്കിടെ തനിക്ക് പിന്തുണ നൽകുകയും ഒപ്പംനിൽക്കുകയും ചെയ്ത എല്ലാവർക്കും ജെസി മൈക്കിൾ ചടങ്ങിൽ വെച്ച് നന്ദി പറഞ്ഞു. എല്ലാവരും തന്നോട് നല്ല നിലയിൽ മാത്രമാണ് പെരുമാറിയത്. ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ച നാട്ടുകാർക്കും ഹെൽത്ത് സെന്റർ അധികൃതർക്കും നന്ദി പറഞ്ഞ ജെസി മൈക്കിൾ, ഈ ആദരവ് ജീവിതത്തിൽ ഒരിക്കലും താൻ വിസ്മരിക്കില്ലെന്നും കൂട്ടിച്ചേർത്തു.