തിരുവനന്തപുരം- 15 ാം നിയമസഭ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ സത്യവാചകം ചൊല്ലി ചുമതലയേറ്റ് എം.എല്‍.എമാര്‍. കോവിഡ് ബാധയും ക്വാറന്റൈനും കാരണം മൂന്ന് പേരുടെ അഭാവത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയാക്കിയത്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.
മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിലാണ്. മുന്‍പ് മഞ്ചേശ്വരത്തുനിന്നുള്ള എം.സി കമറുദ്ദീനും കന്നഡയില്‍ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.
മുവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടന്‍ സത്യപ്രതിജ്ഞ ചെയ്തത് ഇംഗ്ലീഷിലും. പാലായില്‍നിന്ന് ജയിച്ച എന്‍.സി.കെ നേതാവ് മാണി സി കാപ്പനും ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.
80 പേര്‍ സഗൗരവം പ്രതിജ്ഞ ചെയ്തപ്പോള്‍ 43 പേര്‍ ദൈവനാമത്തിലും 13 പേര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വീണ ജോര്‍ജും ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി. മുഖ്യമന്ത്രി പിണറായി വിജയന്‍ സഗൗരവത്തില്‍ സത്യവാചകം ചൊല്ലി.
53 പേരാണ് പുതുതായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ വീണ്ടും വിജയിച്ചു.
ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് കെ.കെ രമ ആദ്യ സമ്മേളനത്തിനെത്തിയത്. സഗൗരവത്തിലാണ് രമ സത്യപ്രതിജ്ഞ ചെയ്തത്.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും മത്സരിക്കുന്നുണ്ട്. പി.സി വിഷ്ണുനാഥാണ് സ്ഥാനാര്‍ഥി. തൃത്താലയില്‍നിന്നുള്ള എം.ബി രാജേഷാണ് എല്‍.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി.