Sorry, you need to enable JavaScript to visit this website.

നന്ദു: കണ്ണീർ ബിന്ദു

അവശേഷിക്കുന്നത് ഒരു നിമിഷമെങ്കിൽ ഒരു നിമിഷം. അത് വരെ പുകയാതെ ജ്വലിച്ചു നിൽക്കുക- അതികഠിനമായ അർബുദം ഇഞ്ചിഞ്ചായി കാർന്നു തിന്നുമ്പോഴും, അന്യർക്ക് അതിജീവനമന്ത്രമോതിക്കൊടുത്ത്, മരണത്തിലേക്ക് മടങ്ങിയ നന്ദു മഹാദേവ. ബാല്യത്തിലേ കാൻസർ തട്ടിയെടുത്ത മകൻ ഹാഫിസിനോടൊപ്പം നന്ദുവിന്റെ ആശുപത്രി ജീവിതത്തിന് സാക്ഷിയായിരുന്ന ലേഖകന്റെ സ്‌നേഹാഞ്ജലി. 

നമുക്കിടയിൽ ചിരിക്കാൻ മറന്നുപോയ കുറേ സഹജീവികളുണ്ട്. തിരുവനന്തപുരം ആർ.സി.സി യിലോ, സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ കാൻസർ വാർഡുകളോ സന്ദർശിച്ചാൽ ഇവരെ കാണാനാകും. അവിടെയാരും ചിരിക്കാറില്ല. മുഖത്ത് ചിരി വരുത്താൻ പാഴ്ശ്രമം നടത്തുന്നവരെ ചിലപ്പോൾ കണ്ടെന്നിരിക്കും. ജീവിതത്തിന്റെ ഏതോ ദശാസന്ധിയിൽ കാൻസർ എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ട് ശരീരവും, മനസ്സും തളർന്നവശരായി ചിരിയും പുഞ്ചിരിയും ജീവിതത്തിൽ നിന്ന് മറന്ന് പോയവരാണിവർ. ശാസ്ത്രീയ കണക്കുകൾ അടിസ്ഥാനപ്പെടുത്തുമ്പോൾ, അർബ്ബുദ രോഗികളിൽ കേവലം 10 ശതമാനം പേർക്ക് മാത്രമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താനുള്ള സാധ്യത. മറ്റ് രോഗികളെല്ലാം തന്നെ അസഹനീയമായ വേദനയനുഭവിച്ച് മരണത്തെ പുൽകുന്നു. വസന്ത കാലത്തിന് മുമ്പ് ചില വൃക്ഷങ്ങൾ ഇല പൊഴിക്കുന്ന പോലെ, ഏറിയ പങ്ക് രോഗികൾക്കും ചികിത്സക്കിടയിൽ അൽപ്പം രോഗശമനമുണ്ടാകുന്നു. ജീവിതം തിരിച്ച് കിട്ടി എന്നാശ്വസിക്കുന്ന ഘട്ടം. അർബ്ബുദ രോഗത്തിന്റെ ക്രൂരമായ ഒരവസ്ഥയാണിത്. പിന്നീട് വർധിത വീര്യത്തോടെയാണ് രോഗത്തിന്റെ ആക്രമണമുണ്ടാവുക. അതോടെ രോഗിയുടെ ജീവിതം അവസാനിക്കുകയും ചെയ്യും. ഒട്ടുമിക്ക അർബുദ രോഗങ്ങളുടേയും പൊതു സ്വഭാവമാണിത്. ഓരോ അർബുദ രോഗിയും ചികിത്സയിൽ 'മിറാക്കിൾ' സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. അല്ലെങ്കിൽ വിശ്വസിക്കാൻ നിർബന്ധിതരാകുന്നു.


തന്റെ ശരീരത്തെ പിടികൂടിയ അർബുദ രോഗത്തിന്റെ ഭീകരതയെക്കുറിച്ച് പൂർണമായ അറിവും, ബോധ്യവുമുണ്ടായിട്ടും, കേരളത്തിൽ പരശ്ശതം വരുന്ന അർബുദ രോഗികൾക്കിടയിൽ ഇഛാശക്തിയുടേയും, പ്രത്യാശയുടേയും കരുത്തുമായി കൂടെക്കൂടെ ചിരിച്ചും, മറ്റ് ചിലപ്പോൾ പൊട്ടിച്ചിരിച്ചും, നൃത്തം ചെയ്തും പാട്ടുപാടിയുമെല്ലാം സദാ ഉല്ലാസഭരിതനായി നിലകൊണ്ട നിറചിരിയുടെ ഒരു യുവത്വമുണ്ട്. ആ യുവാവിനെ നന്ദുമഹാദേവ എന്ന് വിളിക്കാം. തിരുവനന്തപുരം ഭരതന്നൂർ സ്വദേശി ഹരികൃഷ്ണൻ-ലേഖ ദമ്പതിമാരുടെ മൂന്ന് മക്കളിൽ മൂത്തവനാണ് നന്ദു. ബി.ബി.എ പഠനം പൂർത്തിയാക്കി സുഹൃത്തുക്കൾക്കൊപ്പം സ്വന്തമായി ബിസിനസിന് തുടക്കമിട്ടു. അതോടൊപ്പം തുടർ പഠനവും. ഇതിനിടെയാണ് നന്ദുവിനെ അർബുദം പിടികൂടുന്നത്. വിധിയെന്ന് കരുതി അർബുദത്തിന് മുന്നിൽ പകച്ച് നിൽക്കാൻ നന്ദുമഹാദേവ തയ്യാറായില്ല. കാൻസറിനെ ചെറുത്ത് തോൽപ്പിക്കാൻ നന്ദു പ്രതിജ്ഞയെടുത്തു.

 

'അതിജീവനം കാൻസർ ഫൈറ്റേഴ്‌സ് ആന്റ് സപ്പോട്ടേഴ്‌സ്' എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് രൂപം നൽകി അതിന്റെ പ്രധാന അമരക്കാരിലൊരാളായി നന്ദുമഹാദേവ. കേരളത്തിലെ അർബുദ രോഗികൾക്കെല്ലാം ആശ്വാസവും, സാന്ത്വനവും, കരുത്തുമായിരുന്നു ഈ കൂട്ടായ്മ.'കുഴഞ്ഞ് വീണാലും ഇഴഞ്ഞ് നീങ്ങണമെന്ന' സന്ദേശമാണ് ഈ കൂട്ടായ്മയിലൂടെ നന്ദു സമൂഹത്തിന് നൽകിയത്. അർബുദരോഗ ചികിത്സയ്ക്കിടയിൽ സാമ്പത്തികമായി തകർന്ന് ഒന്നും അവശേഷിക്കാതെ ചുരുട്ടിപ്പിടിച്ച ഉള്ളംകയ്യിൽ ശൂന്യത മാത്രം അവശേഷിക്കുമ്പോൾ രോഗി മാത്രമല്ല ബന്ധുക്കളും തളരുന്നു.  ഇത്തരത്തിൽ ഒളിഞ്ഞിരിക്കുന്ന സങ്കടമനസ്സുകൾക്ക്  സാന്ത്വനമേകി കേരളത്തിലുടനീളമുള്ള ഒട്ടേറെ കാൻസർ രോഗികൾക്ക് സാമ്പത്തികമായും മാനസികമായും അതിജീവനം കൂട്ടായ്മ പിന്തുണയുമേകി. 


അസ്ഥികൾ നുറുങ്ങുന്ന  തീഷ്ണമായ വേദന അനുഭവിച്ച മൂന്ന് വർഷത്തെ നാളുകൾ മൂന്ന് നൂറ്റാണ്ടിന്റെ ദൈർഘ്യമാണ് നന്ദുവിന് അനുഭവഭേദ്യമായതെങ്കിലും, മരണം വരെയുള്ള നാളുകളിൽ നന്ദു കേരളീയ സമൂഹത്തിന് പകർന്നു നൽകിയ ആത്മവിശ്വാസം ഒട്ടും ചെറുതായിരുന്നില്ല. കീമോ മരുന്നുകൾ മൂലം മുടിപൊഴിഞ്ഞ തന്റെ മൊട്ടത്തലയെ 'മാൻഡ്രേക്കിന്റെ മൊട്ടത്തല'-യെന്ന് നന്ദു സ്വയം കളിയാക്കി ചിരിച്ചു. അർബുദ രോഗത്തിനെതിരെ ബോധവൽക്കരണവുമായി സാമൂഹിക മാധ്യമങ്ങളിൽ നന്ദുവിന്റെ വീഡിയോകളും പോസ്റ്ററുകളും നിറഞ്ഞ് നിന്നതോടെ നന്ദുമഹാദേവൻ മലയാളി മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി. മാരകരോഗങ്ങൾക്ക് അടിമപ്പെട്ട് അവയെ സധൈര്യം നേരിട്ട ഒട്ടേറെ പേരുണ്ടാകാം. പ്രതിസന്ധികളിൽ കാലിടറാതെ മുന്നോട്ട് നടന്നവരുമുണ്ടാകാം. പക്ഷേ നന്ദുവിന്റെ രീതിയും, വഴിയും തീർത്തും വേറിട്ടതായിരുന്നു. മൂന്ന് വർഷം നീണ്ട് നിന്ന അർബ്ബുദ ചികിത്സയുടെ ഓരോ ഘട്ടത്തിലും തന്റെ തീഷ്ണമായ അനുഭവങ്ങൾ സോഷ്യൽ മീഡിയാ വഴി സമൂഹത്തോട് പങ്ക് വെച്ചപ്പോൾ, രോഗികളും അല്ലാത്തവരും മാത്രമല്ല, അലോപ്പതിയിലും, ആയുർവ്വേദത്തിലും, ഹോമിയോപ്പതി ചികിത്സാ രംഗത്തുമുള്ള ഒട്ടേറെ ഭിഷഗ്വരന്മാർക്ക് പോലും നന്ദു 'വിസ്മയകരമായ ഒരു പാഠപുസ്തകമായി' മാറി. 

 

'ഓസ്റ്റിയോ സർക്കോമ'
നന്ദുവിന്റെ കാൽമുട്ടിൽ വീക്കവും വേദനയുമായിരുന്നു തുടക്കത്തിൽ. കുഴമ്പും ഉഴിച്ചിലുമായി കുറേനാൾ. വേദന കൂടി വന്നതോടെ അലോപ്പതി ഡോക്ടർമാരെ സമീപിച്ചു. മാസങ്ങളോളം അവർ മരുന്നുകൾ മാറി മാറി നൽകി. ഒരോ തവണ ഡോക്ടറെ കാണുമ്പോഴും എല്ലാം പഴയ പടിയാകും എന്ന ഉറച്ച വിശ്വാസമായിരുന്നു നന്ദുവിന്. നാളുകൾ പിന്നിടുംതോറും വേദന കൂടുകയല്ലാതെ ഒട്ടും ശമനമുണ്ടായില്ല. മാസങ്ങളുടെ ചികിത്സക്കൊടുവിൽ ബയോപ്‌സി നടത്തി.  2018 ഏപ്രിൽ 1-നാണ് തിരുവനന്തപുരം ആർ.സി.സിയിലെ ഡോക്ടർമാർ നന്ദുവിന്റെ കാലിലെ അസുഖം എല്ലുകളെ ബാധിക്കുന്ന 'ഓസ്റ്റിയോ സർക്കോമ ഹൈഗ്രേഡ്' എന്ന കാൻസറാണെന്ന് സ്ഥിരീകരിച്ചത്.

 

ഡോക്ടർമാരുടെ വാക്കുകൾ കേട്ട് നന്ദു ആദ്യമൊന്ന് പകച്ചുവെങ്കിലും, 'സാരമില്ല, എല്ലാം ശരിയാകും' എന്ന മട്ടിൽ നന്ദു അതിനെ നേരിടാൻ തന്നെ തീരുമാനിച്ചു. തിരുവനന്തപുരം ആർ.സി.സിയിൽ ചെലവിട്ട നാളുകൾ ജീവിതത്തിലെ പ്രധാന നാഴികക്കല്ലായി. ഒരിക്കലും മറക്കാനാകാത്ത ദിനങ്ങൾ.
ദിവസങ്ങൾ ഇഴഞ്ഞ് നീങ്ങവെ നന്ദുവിനെ ബാധിച്ച അർബുദം ക്രൂരമായി അതിന്റെ സ്വഭാവം പ്രകടമാക്കി. മുടക്കമില്ലാതെ തുടർന്ന ചികിത്സ. അതോടൊപ്പം അസഹ്യമായ വേദനയും മുന്നേറുകയായിരുന്നു. മാസങ്ങളായി അനുഭവിച്ച യാതനകൾക്കൊടുവിൽ, ഇനി കാൽ മുറിച്ച് മാറ്റുകയല്ലാതെ മറ്റ് പോംവഴികൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ വിധിച്ചതോടെ, ഒരു ശങ്കയും പ്രകടിപ്പിക്കാതെ തന്റെ ഇടത്കാൽ കാൻസറിന് സംഭാവന ചെയ്യാൻ നന്ദുവിന് ഒട്ടും മടിയുണ്ടായില്ല.

ഇടത് കാൽ തുടയ്ക്ക് മുകളിൽ മുറിച്ച് നീക്കി. തികഞ്ഞ ഈശ്വരവിശ്വാസിയായ നന്ദു, സർവ്വേശ്വരൻ ഒരു കാൽ മാത്രമേ  തനിയ്ക്ക് വിധിച്ചിട്ടുള്ളൂ എന്നുൾക്കൊണ്ടു. ഒരു കാലുമായി രണ്ട് കാലുകളുടെ പുതുജീവിതമായിരുന്നു പിന്നീട് നന്ദുവിന്റേത്. നഷ്ടം ഏറെ വലുതെങ്കിലും ജീവിതം തിരികെ ലഭിച്ചുവെന്ന തോന്നലും അതോടൊപ്പമുണ്ടായി. സന്തോഷത്തിന്റെ നാളുകൾ. അർബുദത്തിനെതിരെയുള്ള മോട്ടിവേഷൻ പ്രഭാഷണങ്ങളും, എഴുത്തും, സംഗീതവും എന്തിന് ക്രച്ചസിന്റെ സഹായത്തോടെ പന്ത്കളിയും ഡാൻസ് പോലും ചെയ്ത് അതിജീവനം കൂട്ടായ്മയിലൂടെ അർബുദ രോഗികൾക്ക് തികഞ്ഞ വിസ്മയമായി മാറുകയായിരുന്നു നന്ദു മഹാദേവൻ. കാൻസറിന്റെ പിടിയിലമർന്ന എത്രയോ ഹതഭാഗ്യർക്ക് ആശ്വാസം മാത്രമായിരുന്നില്ല നന്ദു. അതിജീവനത്തിന്റെ നേർക്കാഴ്ചയായിരുന്നു-കരുത്തായിരുന്നു-ശക്തിയായിരുന്നു-പ്രചോദനമായിരുന്നു അങ്ങനെ എന്തെല്ലാമോ ചേർത്ത് വായിക്കപ്പെടേണ്ട വ്യക്തിത്വമായിരുന്നു നന്ദുവിന്റേത്.

 

നിർഭാഗ്യത്തിന്റെ രണ്ടാംഘട്ടം
പലതവണ അത്ഭുതങ്ങൾ പ്രകടമാക്കിയ ശരീരമായിരുന്നു നന്ദുവിന്റേത്. അർബുദവുമായുള്ള പോരാട്ടത്തിൽ മൂന്ന് വർഷം നന്ദു വിജയക്കൊടി നാട്ടി. ഒരേസമയം അർബുദത്തോടും, മരുന്നിനോടും, വേദനയോടും പൊരുതുന്നതിനിടയിലാണ് നിറപുഞ്ചിരിയുമായി പതിനായിരക്കണക്കിന് അർബുദ രോഗികളെ നന്ദുവിന്റെ സാന്ത്വനത്തിന്റെ കരങ്ങൾ തലോടിയത്. ആ തലോടലേറ്റ രോഗികളെല്ലാം തന്നെ പ്രത്യാശയുടെ ഉണർവ്വിൽ ജീവിത വെളിച്ചത്തെ ആത്മവിശ്വാസത്തോടെ ആസ്വദിച്ച് വരികയായിരുന്നു. മാസങ്ങളുടെ വ്യത്യാസത്തിൽ അർബ്ബുദത്തിന്റെ രണ്ടാംഘട്ടം ഒരു വരാളം കണക്കെ, നന്ദുവിനെ ചുറ്റി വരിയാൻ തുടങ്ങി. ആദ്യതവണ അനുഭവിച്ചതിനേക്കാളും തീവ്രമായിരുന്നു അത്. എന്തിനേയും നേരിടാൻ സ്വന്തം മനസ്സിനെ പാകപ്പെടുത്തിയ നന്ദു, കൂടുതൽ മനസ്സാന്നിധ്യത്തോടെ രണ്ടാംഘട്ട അർബുദത്തേയും നേരിടാൻ തുടങ്ങി. പക്ഷെ, അത്‌വരെ അനുഭവിച്ചതിനേക്കാൾ എത്രയോ മടങ്ങ് തീവ്രമായ വേദനയോടെ, ഭീകരമായ ഒരു യുദ്ധത്തിന്റെ തുടക്കം കൂടിയായിരുന്നു രണ്ടാംഘട്ടം. നന്ദുവിന്റെ എം.ആർ.ഐ സ്‌കാനിംഗ് റിപ്പോർട്ട് കണ്ട് ഡോക്ടർമാർ പകച്ചു. നന്ദുവിന്റെ ശ്വാസകോശത്തിലേക്ക് കൂടി ട്യൂമർ പടർന്നിരിക്കുന്നു. സർജറിയുടെ സാധ്യത എത്രത്തോളമുണ്ടാകുമെന്ന് നിർണ്ണയിക്കാൻ കഴിയാത്ത സങ്കീർണ്ണമായ അവസ്ഥ.


ഡോക്ടർമാരുടെ മുന്നിൽ വെല്ലുവിളികൾ ഏറെയായിരുന്നു. സർജറി ചെയ്യാൻ പറ്റുമോ എന്ന് പോലും ഡോക്ടർമാർ ആശങ്കപ്പെട്ടു. ട്യൂമർ വളർന്ന് വല്ലാത്ത ഒരവസ്ഥയാണ് സ്‌കാൻ റിപ്പോർട്ടിൽ  വ്യക്തമാക്കുന്നത്.  സർജറി നടത്തിയാൽ പോലും അത് പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയാത്ത രീതിയിലാണ് അതിന്റെ ഘടന. ഒരു പക്ഷേ, ജീവിതകാലം മുഴുവനും ഭക്ഷണം ട്യൂബിലൂടെ നൽകേണ്ട അവസ്ഥയിലേക്ക് എത്തപ്പെടാനും, ശബ്ദം പൂർണമായും നഷ്ടപ്പെടുവാനുമുള്ള വലിയ സാധ്യതയാണ് ഡോക്ടർമരെ കുഴക്കിയത്. എങ്കിലും, നന്ദു സർജറിയ്ക്ക് തയ്യാറായിരുന്നു. വിസ്മയകരമായ ഒരത്ഭുതം എന്ന പോലെയായിരുന്നു സർജറിയുടെ ഫലം. സ്‌കാൻ റിപ്പോർട്ടിൽ കണ്ടതിൽ വ്യത്യസ്തമായിരുന്നു ട്യൂമറിന്റെ വളർച്ച. ശ്വാസകോശത്തിനപ്പുറം മറ്റ് ഭാഗങ്ങളെ അത് ബാധിച്ചിരുന്നില്ല. നന്ദുവിന്റെ നെഞ്ച് കുത്തിക്കീറിയ ഡോക്ടർമാർ ഒടുവിൽ വിജയിച്ചു. ട്യൂമർ പൂർണ്ണമായും അവർ നീക്കം ചെയ്തു. ഒപ്പം ഒരു ശ്വാസകോശവും. രണ്ടാം ഘട്ടത്തിലും നന്ദു ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോൾ 'ഇതൊരു വിസ്മയമാണ്. എനിയ്ക്ക് ജീവിക്കണം. മറിച്ചായാൽ ഞാൻ പരാജയപ്പെട്ടുവെന്ന് എന്റെ ചങ്കുകൾ പറയരുതെന്ന്' നന്ദു ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

 

മരണത്തിലേക്കുള്ള മൂന്നാംഘട്ടം
കോഴിക്കോട് മുക്കത്തുള്ള എം.വി.ആർ കാൻസർ സെന്ററിലായിരുന്നു നന്ദുവിന്റെ അവസാന നാളുകളിലെ ചികിത്സ. അന്ത്യവും അവിടെ വെച്ചായിരുന്നു. മരണത്തിന് ഒരു മാസം മുമ്പ് നടത്തിയ 'നെക്സ്റ്റ് ജനറേഷൻ സീക്വൻസിംഗ് ടെസ്റ്റി'ലും പ്രതീക്ഷക്ക് അൽപം പോലും വകയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. സർജറിയിലൂടെ നീക്കം ചെയ്ത ട്യൂമർ നന്ദുവിനെ വിട്ട് പോകാൻ ഒരുക്കമല്ലായിരുന്നു. പൂർവാധികം കരുത്തോടെ അത് വീണ്ടും നന്ദുവിന്റെ ആന്തരാവയവങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലിനേയും, കരളിനേയും കൂടി അത് ബാധിക്കാൻ തുടങ്ങി. വീണ്ടും ഒരു സർജറി നടത്താൻ കഴിയാത്ത ഭാഗങ്ങളിലേക്ക് പടർന്നതിനാൽ ഡോക്ടർമാർ തീർത്തും നിസ്സഹായരായിരുന്നു. 
വലത് കയ്യിന്റെ സ്വാധീനം ദുർബ്ബലമാകാനും തുടങ്ങി. എടുത്ത് പ്രയോഗിക്കാൻ ആവനാഴിയിൽ ഒരസ്ത്രം പോലും ബാക്കിയില്ലാതെ, നന്ദുവും ഡോക്ടർമാരും ചക്രവ്യൂഹത്തിലായിരുന്നു. ശ്വസിക്കാൻ പലപ്പോഴും ഓക്‌സിജൻ മാസ്‌ക് വെക്കേണ്ടി വന്നു. കരൾ നുറുങ്ങുന്ന വേദനയോടൊപ്പം ശരീരത്തിന്റെ ഓരോ ഭാഗവും കത്തിയെരിയുന്ന അവസ്ഥ. ഓരോ അവയവങ്ങളും കാൻസർ രോഗത്തിന്റെ പിടിയിലമരുകയാണ്. അതിശക്തമായ വീര്യമുള്ള മരുന്നുകളുമായി നന്ദു വീണ്ടും അർബുദത്തോടുള്ള പോരാട്ടം തുടർന്നു. 


'ഇനി പരീക്ഷിക്കാൻ മരുന്നുകൾ ബാക്കിയില്ലെന്ന്' ഡോക്ടർമാർ വിഷമത്തോടെ അറിയിച്ചപ്പോൾ, 'സാരമില്ല സർ., അവസാന നിമിഷംവരേയും നമുക്ക് ശ്രമിക്കാമെന്നായിരുന്നു നന്ദുവിന്റെ ചിരിയോടെയുള്ള മറുപടി. ഇനി പാലിയേറ്റീവ് മാത്രമാണ് മുന്നിലുള്ള പോംവഴിയെന്ന് ഡോക്ടർമാർ ബന്ധുക്കളേയും അറിയിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയതോടെ, തന്റെ ആത്മമിത്രങ്ങളേയും കൂട്ടി ഗോവയിലേക്ക് നന്ദു ഒരു ഉല്ലാസയാത്ര നടത്തുകയാണ് ചെയ്തത്. മാസങ്ങൾക്ക് മുമ്പ് ക്രച്ചസും താങ്ങി കൂട്ടുകാേരാടൊപ്പം തമിഴ്‌നാട്ടിലെ പഴനി മലയും, ഇടുക്കിയിലെ പാഞ്ചാലിമേടും കയറിയിരുന്നു. നന്ദുവിന്റെ പാട്ടുകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കെ മറുവശത്ത് അർബ്ബുദവും കരുത്താർജ്ജിക്കുകയായിരുന്നു. അമ്മ ലേഖയായിരുന്നു നന്ദുവിന്റെ ആകാശവും ഭൂമിയുമെല്ലാം. അർബ്ബുദം നന്ദുവിന്റെ സഹചാരിയായതോടെ അമ്മ ലേഖ ഒരു മണിക്കൂർ നേരം പോലും മകനെ പിരിഞ്ഞിട്ടില്ലായിരുന്നു. ഇക്കഴിഞ്ഞ വിഷുവിനും, റമദാനും അമ്മയോടൊപ്പം ഒരു ഗാനം ആലപിച്ച് നന്ദു കൂട്ടുകാർക്ക് ആശംസകളും നേർന്നിരുന്നു. 


അവസാനമായി നന്ദു ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു. ഇനിയുള്ള യുദ്ധം ഒറ്റക്കാണ്, കീമോ മരുന്നുകളോ, സർജറിയോ ഇനിയുണ്ടാകില്ല. എന്റെ മോണിക്യുലാർ ടെസ്റ്റിന്റെ റിസൾട്ട് വന്നപ്പോൾ ഞെട്ടിയത് ഞാൻ മാത്രമല്ല, ഡോക്ടർമാർ കൂടിയാണ്. ഭൂമിയിൽ കോടിക്കണക്കിന് വരുന്ന അർബ്ബുദ രോഗികളിൽ ഇങ്ങനെയൊരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. അത് കൊണ്ട് തന്നെ നിലവിൽ എനിയ്ക്ക് തരാൻ ഇനി മരുന്നുകളില്ല. എനിയ്ക്കായി ഒരു മരുന്ന് കണ്ടുപിടിക്കപ്പെടണം. നെഞ്ചോടു ചേർത്ത് പിടിക്കാൻ അനേകം ഹൃദയ ബന്ധങ്ങൾ കിട്ടി എന്നതാണ് എനിക്കുണ്ടായ നേട്ടം . അതൊരു പുണ്യമായി കരുതുന്നു. ഓരോ ബന്ധവും അത്രമേൽ അമൂല്യമാണെന്നും മനസ്സിലാക്കുന്നു. ജീവിതം വളരെ ചെറുതാണ്. 'ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയാതെ ജ്വലിച്ച് തന്നെ നിൽക്കണം'. ഞാനെന്നെ സർവേശ്വരന് സമർപ്പിക്കുന്നു. എല്ലാവർക്കും നന്മയുണ്ടാകട്ടെ. പ്രാർത്ഥിക്കുക. സ്‌നേഹപൂർവ്വം നിങ്ങളുടെ നന്ദു....
                      
അന്ത്യനിമിഷങ്ങൾ
രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ വീണ്ടും നന്ദുവിനെ എം.വി.ആർ കാൻസർ സെന്ററിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ശരീരത്തിൽ തുടരെ കുത്തി വയ്ക്കുന്ന മോർഫിന്റെ വീര്യമായിരുന്നു വേദന ശമിപ്പിക്കാൻ സഹായകമായത്. തന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞതായി നന്ദുവിന് നേരത്തെ തന്നെ വ്യക്തമായിരുന്നു.  മോഹൻലാൽ നായകനായ 'പ്രജ' എന്ന സിനിമയിലെ ഡയലോഗ് തന്റെതായ ശൈലിയിലേക്ക് മൊഴി മാറ്റി അവസാന നാളുകളിൽ നന്ദു ഫേസ്ബുക്കിൽ ഇപ്രകാരം കുറിച്ചിട്ടു. ശരീരത്തിന്റെ ഓരോ അവയവങ്ങളേയും കാൻസർ പിടിമുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർഭായിക്ക്. അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ഇങ്ങനെ നിവർന്ന് നിന്ന് ജീവിതം പൊരുതാനുള്ളതാണെന്ന് പറയാൻ കഴിയുമോ സക്കീർഭായിക്ക്.

ഇനി പരീക്ഷിക്കാൻ മരുന്നുകൾ ബാക്കിയില്ല എന്ന് ഡോക്ടർമാർ പറയുമ്പോഴും സാരമില്ല സർ അവസാന നിമിഷം വരെയും നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം. എന്ന് പറഞ്ഞ് ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാൻ കഴിയുമോ സക്കീർ ഭായിക്ക്. എനിക്ക് കഴിയും. അതു തന്നെയാണ് എന്നെ ഞാനാക്കുന്നതും. ഫേസ്ബുക്കിൽ അവസാനമായി നന്ദു കോറിയിട്ട ഈ വാക്കുകൾ ലക്ഷങ്ങളുടെ മനസ്സിൽ തീ കോരിയിട്ട അവസ്ഥയാണ് ഉണ്ടാക്കിയത്. ഏത് നിമിഷവും താൻ മരണപ്പെട്ടേക്കുമെന്ന് നന്ദുവിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. എന്നിട്ട് പോലും തന്റെ കൂടപ്പിറപ്പായ ചിരി നന്ദുവിന്റെ മുഖത്ത് നിന്ന് മാഞ്ഞിരുന്നില്ല. ആത്മാവിന്റെ അഗാധതയിൽ അടിഞ്ഞൂറിക്കിടക്കുന്ന നന്ദുവിന്റെ വേദന ആ ചിരിയിൽ ഇല്ലാതാവുകയായിരുന്നു. ഭൂമിയിൽ ഓരോ ജീവനും ദൈവം അനുവദിച്ച, അനുവദിക്കുന്ന ഒരു സമയമുണ്ട്. മരണത്തിനുള്ള സമയം. അല്ലെങ്കിൽ ദൈവസന്നിധിയിലേക്ക് തിരികെ ചെല്ലാൻ. 'മാരക രോഗമാവാം...അല്ലെങ്കിൽ കേവലം ഒരു തലചുറ്റൽ' മാത്രമാകാം. മരണത്തിന് ഹേതുവായി നാം കാണുന്ന കാരണവും. കൃത്യസമയത്ത് തന്നെ അത് സംഭവിക്കുന്നു. ഒരു സെക്കന്റ് പോലും ആർക്കും മറി കടക്കാനാകില്ല. ശാസ്ത്രം അംഗീകരിച്ച സത്യമാണിത്.

ഈ ലേഖകന് നന്ദു നൽകിയ സന്ദേശം
2019 ഡിസംബർ 10-ന് എം.വി.ആർ കാൻസർ ഇൻസ്റ്റിറ്റിയൂട്ടിലെ സ്‌കാനിംഗ് യൂനിറ്റിന് മുന്നിൽ നിരയായി സ്ഥാപിച്ച കസേരയിൽ ഞാനെന്റെ മകൻ ഹാഫിസ് മോന് സ്‌കാനിംഗിനുള്ള ഊഴം കാത്തിരിക്കുകയായിരുന്നു. ഫോട്ടോയിൽ മാത്രം കണ്ട് പരിചയിച്ച ഹാഫിസ്‌മോന്റെ മുഖം തിരിച്ചറിഞ്ഞ് അവരെന്നെ സ്വയം പരിചയപ്പെടുത്തി. 
''ഞാൻ നന്ദുവിന്റെ അമ്മയാണ്'' 


അതൊരു പരിചയപ്പെടലായിരുന്നു, നന്ദുവിന്റെ അമ്മ ലേഖയുമായി. എന്റെ കുഞ്ഞുമോന്റെ അസുഖത്തെക്കുറിച്ചും, നന്ദുവിന്റെ അസുഖത്തെക്കുറിച്ചുമെല്ലാം ഞങ്ങൾ പരിമിതമായ സമയത്തിനുള്ളിൽ ഹ്രസ്വമായി സംസാരിച്ചു. അതിൽ പിന്നീട് നന്ദുവുമായി ഫേസ്ബുക്കിലൂടെ ഇടയ്ക്ക് ഞാൻ സംവദിക്കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് നന്ദു ഫേസ്ബുക്കിൽ അവസാനമായി  ലേഖകനോട് സംവദിച്ചത്. അതിപ്രകാരം.
'ഇക്കാ , സുഖമാണ്. കഴിഞ്ഞ ദിവസം ഗ്രൂപ്പിൽ ഇട്ടിരുന്ന പോസ്റ്റ് വായിച്ചിരുന്നു. കണ്ണു നിറഞ്ഞു. ഒത്തിരി വിഷമിക്കരുത്. എല്ലാം ജീവിത പരീക്ഷണങ്ങളാണ്. നന്മകൾ നേരുന്നു. സ്‌നേഹപൂർവ്വം. നന്ദു'.

Latest News