റിയാദ് - കൊറോണ വ്യാപനം തടയാൻ ബാധകമാക്കിയ മുൻകരുതൽ, പ്രതിരോധ നടപടികളും പ്രോട്ടോകോളുകളും ലംഘിച്ചതിനുള്ള പിഴകൾ അടക്കാതെ സൗദി പൗരന്മാരുടെ പേരിൽ പുതിയ പാസ്‌പോർട്ടുകൾ അനുവദിക്കുകയോ പാസ്‌പോർട്ടുകൾ പുതുക്കി നൽകുകയോ ചെയ്യില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. മാസ്‌ക് ധരിക്കാത്തതിന് തന്റെ പേരിൽ ആയിരം റിയാൽ പിഴ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചും പാസ്‌പോർട്ട് പുതുക്കാൻ ഈ പിഴ അടക്കൽ നിർബന്ധമാണോയെന്ന് ആരാഞ്ഞും സൗദി പൗരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പാസ്‌പോർട്ട് അനുവദിക്കാനും പാസ്‌പോർട്ട് പുതുക്കാനും അപേക്ഷകന്റെ പേരിൽ പിഴകളൊന്നും അടക്കപ്പെടാതെ ശേഷിക്കാൻ പാടില്ലെന്ന് ജവാസാത്ത് പറഞ്ഞു. പുതിയ പാസ്‌പോർട്ടിനും പാസ്‌പോർട്ട് പുതുക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കി മൂന്നു പ്രവൃത്തി ദിവസത്തിനു ശേഷം പാസ്‌പോർട്ട് കൈമാറുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.