Sorry, you need to enable JavaScript to visit this website.

കുഴിമന്തി ഹോട്ടലില്‍നിന്ന് പത്ത് ലക്ഷം കവര്‍ന്നത് പിരിച്ചുവിട്ട കിച്ചണ്‍ മാനേജര്‍

വളാഞ്ചേരി-വളാഞ്ചേരിയിലെ നഹ്ദി കുഴിമന്തി ഹോട്ടലില്‍ നിന്നു 10 ലക്ഷത്തോളം രൂപ മോഷ്ടിച്ച മുന്‍ ജീവനക്കാരനെയും ബന്ധുവായ  സഹായിയെയും വളാഞ്ചേരി പോലീസ് പിടികൂടി. ബന്ധുക്കളും സുഹൃത്തുക്കളുമായ മഞ്ചേരി കടമ്പോട് ഓളിക്കല്‍ വീട്ടില്‍ ഷറഫുദീന്‍ (22), മുഹമ്മദ് ഷമീന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

മൂന്നര വര്‍ഷമായി റസ്റ്റോറന്റിലെ കിച്ചണ്‍ മാനേജരായിരുന്നു ഒന്നാം പ്രതിയായ ഷറഫുദീന്‍. ഇയാളെ പെരുമാറ്റ ദൂഷ്യത്തിനു സംഭവത്തിനു പത്തു  ദിവസം മുമ്പ് സ്ഥാപനത്തില്‍ നിന്നു ഒഴിവാക്കിയിരുന്നു. സ്ഥാപനത്തിന്റെ താക്കോലും മറ്റും സൂക്ഷിക്കാറുള്ള സ്ഥലം അറിയാവുന്ന ഷറഫുദീന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ സ്ഥാപനത്തിന്റെ അകത്തു കയറി  കാഷ് കണ്ടറിന്റെ പൂട്ടു പൊളിച്ച് മേശയിലുണ്ടായിരുന്ന പത്തു ലക്ഷത്തോളം രൂപ മോഷ്ടിക്കുകയാിരുന്നു. ഈ പണവുമായി രണ്ടാം പ്രതി ഷമീന്റെ സഹായത്തോടെ ഷറഫുദീന്‍ ഊട്ടിയിലേക്കു കടക്കുകയായിരുന്നു. കളവ് നടത്തുന്നതിനു മുമ്പു ഹോട്ടലിലുണ്ടായിരുന്ന സിസിടിവി കാമറകളുടെ ബന്ധം വിഛേദിക്കുവാന്‍ ഷറഫുദീന്‍ ശ്രമിച്ചെങ്കിലും വിജയിക്കാനാവാത്തതു തിരിച്ചടിയായി. ഹോട്ടലുടമ വളാഞ്ചേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് പ്രതിയുടെ ശരീരചലനങ്ങള്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞതു സൂക്ഷ്മമായി നിരീക്ഷിച്ചതില്‍ അകത്തു കടന്നതു മുന്‍ ജീവനക്കാരനാണെന്ന് മനസിലാവുകയും തുടര്‍ന്നു ഷറഫുദീനെ അന്വേഷിച്ചപ്പോള്‍ ഇയാള്‍ സ്ഥലത്തില്ലെന്നു  വ്യക്തമാവുകയും ചെയ്തു.


തുടര്‍ന്നു ഷറഫുദീന്‍ പോകാനിടയുള്ള സ്ഥലങ്ങളെയും  സ്ഥാപനങ്ങളെയും പറ്റി പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഊട്ടിയിലുണ്ടെന്നു സൂചന ലഭിച്ചു. ഉടന്‍ പോലീസ് ഊട്ടിലെത്തി  ലോഡ്ജുകള്‍ പരിശോധിച്ച്
രണ്ടു പേരെയും പിടികൂടുകയുമായിരുന്നു. ഇവരില്‍ നിന്നു മോഷ്ടിച്ച പണം കണ്ടെത്തി. വളാഞ്ചേരി പോലീസിന്റെ സമര്‍ഥമായ അന്വേഷണമാണ്് മോഷണമുതല്‍ നഷ്ടപ്പെടാതെ പിടിച്ചെടുക്കുവാന്‍ കഴിഞ്ഞതെന്നു പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എം ഷമീര്‍ പറഞ്ഞു. പ്രതികള്‍ മോഷണത്തിനുപയോഗിച്ച് ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണത്തിനു ശേഷം തമിഴ്‌നാട്ടിലേക്കു കടക്കുന്നതിനിടെ ചെക്കുപോസ്റ്റില്‍ പോലീസിനെ വെട്ടിച്ചാണ് പ്രതികള്‍ കടന്നതെന്നും പോലീസ്
പറഞ്ഞു. രണ്ടാം പ്രതി ഷമീന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു കഞ്ചാവ് വാങ്ങി നാട്ടിലെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലാത്ത ആളാണെന്നും പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ അടിപിടി കേസില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. മലപ്പുറം പോലീസ് മേധാവി സുജിത്
ദാസിന്റെയും തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെയും മേല്‍നോട്ടത്തില്‍  വളാഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഒഫീസര്‍ പി.എം ഷമീറിന്റെ നേതൃത്വത്തില്‍  പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി ആനന്ദ്, അഡീഷണല്‍ എസ്.ഐ മുഹമ്മദ് റാഫി, എ.എസ്.ഐ രാജന്‍, സിപിഒമാരായ കൃഷ്ണപ്രസാദ്, രാധാകൃഷ്ണന്‍, എസ്.സി.പി.ഒ ശ്രീജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഹജറുല്‍ അസ്‌വദിന്റെ ഇതുവരെ കാണാത്ത ഫോട്ടോകള്‍

 

 

 

Latest News