തിരുവനന്തപുരം- കോവിഡ് ചികിത്സക്കായി 20 സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കാന്‍ ആരോഗ്യ സര്‍വകലാശാലയുടെ ഗവേണിംഗ് കൗണ്‍സിലിന്റെ തീരുമാനം. ഇതിനായി സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും അടിയന്തര യോഗം വ്യാഴാഴ്ച ചേരും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
സംസ്ഥാനത്ത് വലിയ തോതിലുള്ള രോഗവ്യാപനത്തിന്റെ ഘട്ടമായതിനാല്‍ അതിനനുസൃതമായ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍ പറഞ്ഞു.
അതിതീവ്ര വ്യാപന ജില്ലകളില്‍ ഇപ്പോള്‍ ലോക്ഡൗണ്‍ ഉദ്ദേശിക്കുന്നില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഉചിതം. സമ്പൂര്‍ണ ലോക്ഡൗണ്‍ എന്നത് അവസാനത്തെ ആയുധമാണ്. ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴി വാക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. വാര്‍ഡ്തല സമിതികളുടെ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ആദ്യ ഘട്ടത്തില്‍ വോളണ്ടിയര്‍മാരും പൊലീസും ഒന്നിച്ച് ഇടപെടുന്ന രീതി ആവര്‍ത്തിക്കും. എല്ലാ താലൂക്കിലും സി.എഫ്.എല്‍.ടി.സികള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തും. വാക്‌സിന്‍ രണ്ടാം ഡോസ് ഉറപ്പാക്കുതിന് മുന്‍ഗണന നല്‍കും. നിര്‍മ്മാണ ജോലികള്‍ ഇന്ന ത്തെ സ്ഥിതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം. ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഓക്‌സിജന്റെ നീക്കം സുഗമമാക്കാന്‍ എല്ലാ തലത്തിലും ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.