തിയേറ്ററുകളിൽ സിനിമ കാണുന്നതിനു വേണ്ടി മാത്രം അയൽ രാജ്യങ്ങളിലേക്ക് യാത്ര പോകുന്ന സൗദികളുണ്ട്. വിദേശങ്ങളിൽ വിനോദ ആവശ്യങ്ങൾക്ക് സൗദികൾ പ്രതിവർഷം രണ്ടായിരം കോടിയിലേറെ ഡോളർ ചെലവഴിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. സൗദിയിൽ വീണ്ടും തിയേറ്ററുകൾ തുറക്കുന്നതിനെ കുറിച്ച തർക്കങ്ങൾ വർധിക്കുന്നതിന് ഈ യാഥാർഥ്യങ്ങൾ ഇടയാക്കി. സൗദിയിൽ സിനിമാ പ്രദർശനങ്ങളും ഫിലിം ഫെസ്റ്റിവലുകളും ആരംഭിക്കുക വഴി തിയേറ്ററുകൾ വീണ്ടും തുറക്കണമെന്ന് വാദിക്കുന്നവർക്ക് മേൽക്കൈ ലഭിച്ചു.
അര നൂറ്റാണ്ടു മുമ്പ് സിനിമാ തിയേറ്ററുകളെയോ സിനിമാ പ്രദർശനങ്ങളെയോ കുറിച്ച് സൗദിയിൽ തർക്കങ്ങളുണ്ടായിരുന്നില്ല. കയ്‌റോയിലെയും ബെയ്‌റൂത്തിലെയും മറ്റു നഗരങ്ങളിലെയും പോലെ റിയാദിലെയും ജിദ്ദയിലെയും പ്രധാന തെരുവുകളിൽ അന്ന് തിയേറ്ററുകളുണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകൾ വരെ സൗദിയിൽ സിനിമാ പ്രദർശനങ്ങൾ സാധാരണ കാഴ്ചയായിരുന്നു. തുറസ്സായ തിയേറ്ററുകളിൽ സിനിമകൾ കാണുന്നതിന് ആളുകൾ തടിച്ചുകൂടിയിരുന്നു. അധികവും ഇത്തരം സിനിമാ പ്രദർശനങ്ങൾ സ്‌പോർട്‌സ് ക്ലബ്ബുകൾ കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. പരമ്പരാഗത ഡോക്യുമെന്ററികളും ഈജിപ്ഷ്യൻ, ഏഷ്യൻ ആക്ഷൻ സിനിമകളും ആണ് അക്കാലത്ത് ബിഗ് സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ചിരുന്നത്. ഇവ ആഗോള മത്സര നിലവാരത്തിലുള്ളവയായിരുന്നില്ലെന്ന് നിരൂപകർ പറയുന്നു.
സൗദി അറാംകൊയുടെ ആദ്യ രൂപമായ കാലിഫോർണിയ അറേബ്യൻ സ്റ്റാന്റേർഡ് ഓയിൽ കമ്പനിയിലെ പാശ്ചാത്യ ജീവനക്കാരാണ് സൗദിയിൽ ആദ്യമായി സിനിമ തിയേറ്റർ സ്ഥാപിച്ചത്. മുപ്പതുകളിൽ തങ്ങളുടെ കോംപൗണ്ടുകളിൽ കൂറ്റൻ സ്‌ക്രീനുകൾ സ്ഥാപിച്ച് ഇവർ അമേരിക്കൻ, യൂറോപ്യൻ സിനിമകൾ പ്രദർശിപ്പിച്ചു. സിനിമ പ്രദർശനത്തിൽ മാത്രമല്ല, സിനിമ നിർമാണത്തിലും സൗദി അറാംകൊ പങ്കു വഹിച്ചു. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ സാന്നിധ്യത്തിൽ സൗദിയിലെ ആദ്യത്തെ എണ്ണക്കിണർ ഉദ്ഘാടനം ചെയ്തതിനെ കുറിച്ച് നിർമിച്ച ഡോക്യുമെന്ററി സൗദി അറാംകൊ നിർമിച്ച സിനിമകളിൽ പ്രശസ്തമാണ്. വിദേശ ജീവനക്കാരുടെ റെസിഡൻഷ്യൽ കോംപൗണ്ടുകളിൽ നിന്ന് സൗദിയിലെ നാലു നഗരങ്ങളിലേക്ക് തിയേറ്ററുകൾ വ്യാപിച്ചു. റിയാദ്, ജിദ്ദ, തായിഫ്, അബഹ നഗരങ്ങളിലാണ് തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചത്. ജിദ്ദയിൽ മാത്രം മുപ്പതു തിയേറ്ററുകളുണ്ടായിരുന്നു. മൂന്നു റിയാൽ മുതൽ പത്തു റിയാൽ വരെയായിരുന്നു പഴയ കാലത്ത് ടിക്കറ്റ് നിരക്ക്.
റിയാദ് അൽമുറബ്ബ ഡിസ്ട്രിക്ടിൽ സിനിമാ ഗലി തന്നെയുണ്ടായിരുന്നു. ഇവിടെ നിരവധി സിനിമാ പ്രദർശന ശാലകളുണ്ടായിരുന്നു. അൽമുറബ്ബ ഡിസ്ട്രിക്ടിൽ പ്രൊജക്ടറുകൾ വാടകക്ക് നൽകുന്ന ബിസിനസുമുണ്ടായിരുന്നു. മദീനയിൽ ആദ്യമായി സിനിമ പ്രദർശനത്തിന് ഓപ്പൺ തിയേറ്റർ സ്ഥാപിച്ചത് അബുസ്സുറൂർ അൽബരിയായിരുന്നു.
ഓപ്പൺ തിയേറ്ററുകൾ സ്ഥാപിക്കുന്നതിന് അക്കാലത്ത് ഔദ്യോഗിക ലൈസൻസ് ആവശ്യമുണ്ടായിരുന്നില്ല. ഇന്ന് വൻകിട ഷോപ്പിംഗ് മാളുകളിൽ കാണുന്ന തിയേറ്ററുകളെയോ സൗദിയിലെ കോഫി ഷോപ്പുകളിൽ സിനിമകളും സീരിയലുകളും മറ്റും വീക്ഷിക്കുന്നതിന് കൂറ്റൻ സ്‌ക്രീനുകൾ സ്ഥാപിക്കുന്നതു പോലെയോ ആയിരുന്നില്ല അക്കാലത്തെ ഓപ്പൺ തിയേറ്ററുകൾ. സിനിമകൾ വീക്ഷിക്കുന്നതിന് ആവശ്യമായ മതിയായ സൗകര്യങ്ങളോ തിയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതിന് പര്യാപ്തമായ വിപണന തന്ത്രങ്ങളോ അക്കാലത്തുണ്ടായിരുന്നില്ല. പഴയ കാലത്തെ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമാ പ്രദർശന കേന്ദ്രങ്ങളിൽ നിന്നുള്ള ഫോട്ടോകൾ തന്നെ അവിടങ്ങളിലെ ക്രമീകരണമില്ലായ്മയും സൗകര്യങ്ങളുടെ അപര്യാപ്തയും വിളിച്ചോതുന്നു.
തുടക്കത്തിൽ പുരുഷന്മാർ മാത്രമാണ് ഓപ്പൺ തിയേറ്ററുകളിൽ സിനിമ കാണുന്നതിന് എത്തിയിരുന്നത്. പിന്നീടാണ് ഫാമിലികൾ തിയേറ്ററുകളിലേക്ക് എത്തുന്നതിന് തുടങ്ങിയത്. ഫാമിലികൾക്ക് തിയേറ്ററുകളിലെ പിൻഭാഗത്തെ സീറ്റുകളാണ് നീക്കിവെച്ചിരുന്നത്. സൗദിയിൽ ഒരു വ്യവസായമെന്നോണം സിനിമയെ കാണുന്നതിനെ സിനിമാ പ്രദർശനങ്ങളുടെയും തിയേറ്ററുകളുടെയും കുത്തഴിഞ്ഞ ഈയവസ്ഥ പ്രതികൂലമായി ബാധിച്ചു. കയ്‌റോയിലെയും ബെയ്‌റൂത്തിലെയും പോലെ വ്യവസ്ഥാപിതമായ സിനിമാ പ്രദർശനങ്ങൾ പഴയ കാലത്ത് സൗദിയിലുണ്ടായിരുന്നില്ല.
ഇതൊക്കെയാണെങ്കിലും അമ്പതുകൾ മുതൽ സൗദിയിൽ സിനിമാ നിർമാണത്തിനും തുടക്കമായി. എഴുപതുകളുടെ അവസാനം വരെ സിനിമാ നിർമാണം സജീവമായിരുന്നു. 1950 ലാണ് ആദ്യ സൗദി സിനിമ വെളിച്ചം കണ്ടത്. അൽദുബാബ് (ഈച്ചകൾ) എന്ന് പേരിട്ട സിനിമയിലെ നായകൻ ഹസൻ അൽഗാനിം ആയിരുന്നു. ആദ്യ സൗദി സിനിമാ നടൻ എന്ന നിലയിൽ ഇദ്ദേഹത്തിന്റെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പൂർണാർഥത്തിലുള്ള സൗദി സിനിമ നിർമിച്ചത് 1966 ലായിരുന്നു. സംവിധായകൻ സഅദ് അൽഫരീഹ് തഅ്‌നീബുദ്ദമീർ (മനഃസാക്ഷിയുടെ കുറ്റപ്പെടുത്തൽ) എന്ന പേരിൽ നിർമിച്ച സിനിമയിൽ മുഖ്യവേഷം അവതരിപ്പിച്ചത് സൗദി നടൻ ഹസൻ ദർദൈർ ആയിരുന്നു. 1976 ആയപ്പോഴേക്കും സൗദി സിനിമാ നിർമാണം ഏറെ സാങ്കേതിക തികവ് കൈവരിച്ചിരുന്നു. ലെബനോൻ ആഭ്യന്തര യുദ്ധം പ്രമേയമാക്കി സൗദി സംവിധായകൻ അബ്ദുല്ല അൽമുഹൈസിൻ നിർമിച്ച, ഇഗ്തിയാലു മദീന എന്ന് പേരിട്ട സിനിമ ആഭ്യന്തര യുദ്ധത്തിൽ ബെയ്‌റൂത്ത് നഗരത്തിനേറ്റ പരിക്കുകളുടെ ആഴം വ്യക്തമാക്കുന്നു. 1977 കയ്‌റോ ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു. ഏറ്റവും മികച്ച ഹ്രസ്വ സിനിമക്കുള്ള നെഫർതീതി അവാർഡ് ഈ സിനിമ നേടി. എന്നാൽ സിനിമാ വ്യവസായ മേഖലയിൽ കൈവരിച്ച ഈ നേട്ടങ്ങൾ തുടരുന്നതിന് സൗദി അറേബ്യക്ക് സാധിച്ചില്ല. രാജ്യത്ത് സിനിമാ തിയേറ്ററുകൾ തന്നെ അപ്രത്യക്ഷമാകുന്നതിലേക്ക് കാര്യങ്ങൾ എത്തിപ്പെട്ടു.
സമൂഹം പിന്തുടരുന്ന മൂല്യങ്ങൾക്ക് നിരക്കാത്ത ചില സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചതാണ് രാജ്യത്ത് സിനിമാ വ്യവസായത്തിന്റെ അന്ത്യം കുറിക്കുന്നതിലേക്ക് നയിച്ചത്. രാജ്യത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായ മൂല്യച്യുതികളും നിയമ ലംഘനങ്ങളും സിനിമകളിൽ അടങ്ങിയതായും ഇവ സാമൂഹികമൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും നിരക്കുന്നതല്ലെന്നും കാടടച്ച് ആരോപിക്കുന്നതിന് ഈ സിനിമകൾ ഇടയാക്കി. സിനിമാ തിയേറ്ററുകൾ പടിപടിയായി അടച്ചുപൂട്ടുന്നതിന് ഇതായിരുന്നു പ്രധാന കാരണം. എൺപതുകളിൽ സൗദിയിൽ സിനിമാ തിയേറ്ററുകൾ പൂർണമായും ചരിത്രത്തിന്റെ ഭാഗമായി. തിയേറ്ററുകൾ അപ്രത്യക്ഷമായെങ്കിലും സൗദികളുടെ ജീവിതത്തിൽ നിന്ന് സിനിമ പൂർണമായും തുടച്ചുനീക്കപ്പെട്ടില്ല. മികച്ച സിനിമകളും പുതിയ സിനിമകളും വീടുകളുടെ അകത്തളങ്ങളിലെ സ്വകാര്യ സദസ്സുകളിൽ ടി.വി സ്‌ക്രീനുകളിൽ പ്രദർശിക്കപ്പെട്ടു.
സൗദിയിൽ സിനിമാ വ്യവസായം നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി താരം സഅദ് ഖിദ്ർ എൺപതുകളിൽ രണ്ടര മണിക്കൂർ നീളമുള്ള സിനിമ നിർമിച്ചു. മൗഇദ് മഅൽമജ്ഹൂൽ എന്ന് പേരിട്ട സിനിമയുടെ നിർമാണം 1980 ലാണ് പൂർത്തിയാത്. 1982 ൽ അബ്ദുല്ല അൽമുഹൈസിൻ അൽഇസ്‌ലാം ജിസ്‌റുൽമുസ്തഖ്ബൽ എന്ന പേരിൽ സിനിമ നിർമിച്ചു. തതാരികളുടെയും മുഗളന്മാരുടെയും ആക്രമണ കാലം മുതൽ ഇംഗ്ലീഷ്, ഫ്രഞ്ച് അധിനിവേശവും മേഖലയിലേക്കുള്ള ജൂതന്മാരുടെ നുഴഞ്ഞുകയറ്റവും വരെയുള്ള കാലത്ത് അറബ്, ഇസ്‌ലാമിക് പ്രശ്‌നങ്ങളുടെ ചരിത്ര ഘട്ടങ്ങളാണ് ഈ ചിത്രം ഇതിവൃത്തമാക്കിയത്. അറബ്, ഇസ്‌ലാമിക സമൂഹങ്ങളുടെ ദിരിതങ്ങളിലേക്ക് സിനിമ വെളിച്ചം വീശുന്നു. അറബ്, ഇസ്‌ലാമിക് പ്രശ്‌നങ്ങളെ കുറിച്ച അവബോധം പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ മാധ്യമമായി സിനിമയെ പ്രയോജനപ്പെടുത്താമെന്ന സന്ദേശം അബ്ദുല്ല അൽമുഹൈസിനിന്റെ സിനിമ പലർക്കും നൽകിയെങ്കിലും സൗദിയിൽ സിനിമ തിരിച്ചെത്തുന്നതിന് പലരെയും സമ്മതിപ്പിക്കുന്നതിന് അത് പര്യാപ്തമായിരുന്നില്ല.
സംവിധായകൻ ബദർ അൽ ഹമൗദ് (മധ്യത്തിൽ)
ആറാമത് കയ്‌റോ ഫിലിം ഫെസ്റ്റിവലിൽ അബ്ദുല്ല അൽമുഹൈസിനിന്റെ സിനിമ പ്രദർശിപ്പിക്കുകയും ഈ സിനിമ ഗോൾഡ് മെഡൽ നേടുകയും ചെയ്തു. ആഗോള തലത്തിൽ മത്സരിക്കുന്നതിന് കഴിയുന്ന സിനിമ നിർമിക്കുന്നതിന് ഈ പുരസ്‌കാരം അബ്ദുല്ല അൽമുഹൈസിന് പ്രചോദനമായി. 1990 ലെ കുവൈത്ത് അധിനിവേശവും കുവൈത്ത് വിമോചന യുദ്ധവും, ഇറാഖിന്റെ കുവൈത്ത് യുദ്ധവും കുവൈത്ത് വിമോചനവും മേഖലയിലുണ്ടാക്കിയ സ്വാധീനങ്ങളും പ്രമേയമാക്കി 1991 ൽ അൽസ്വദമ എന്ന പേരിൽ അബ്ദുല്ല അൽമുഹൈസിൻ സിനിമ നിർമിച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സൗദി സിനിമാ നിർമാണ ചരിത്രത്തിന്റെ പുതിയ യുഗം ആരംഭിച്ചു. സർക്കാർ സ്‌കോളർഷിപ്പോടെ ഉപരിപഠനം നടത്തുന്നതിന് പതിനായിരക്കണക്കിന് സൗദി വിദ്യാർഥികളെ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നതിന് തുടങ്ങിയതോടെയായിരുന്നു ഇത്. ഇക്കൂട്ടത്തിൽ ചിലർ സിനിമാ സംവിധാനം അടക്കമുള്ള മേഖലകളിൽ പ്രാഗത്ഭ്യം നേടി. ഇതോടെ സൗദി സിനിമാ നിർമാണവും വർധിച്ചു.
തിയേറ്ററുകൾക്ക് വീണ്ടും ലൈസൻസ് നൽകുന്നതിനുള്ള പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സൗദി സിനിമാ വ്യവസായ മേഖലക്ക് മികച്ച ഭാവിയുണ്ടെന്ന് പറയാൻ കഴിയും. സൗദി സിനിമാ നിർമാണ ചരിത്രത്തിലെ സുവർണ കാലത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 1975 മുതൽ 2012 വരെയുള്ള കാലത്ത് സൗദികൾ 255 സിനിമകളാണ് നിർമിച്ചത്. ഇതിൽ ഭൂരിഭാഗവും രണ്ടായിരാമാണ്ട് പിറന്ന ശേഷമായിരുന്നു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ സൗദി സംവിധായകർക്കും നടന്മാർക്കും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ഹുറുമ എന്ന സിനിമയാണ്. 2013 ബെയ്‌റൂത്ത് ഫിലിം ഫെസ്റ്റിവലിൽ വെച്ച് ഈ സിനിമക്ക് സ്വർണ മെഡൽ ലഭിച്ചു. ഇതേ വർഷം തന്നെയാണ് സൗദി സിനിമ വജ്ദയെ ഓസ്‌കാറിലേക്ക് നോമിനേഷൻ ചെയ്തതായി അമേരിക്കൻ അക്കാഡമി ഓഫ് ആർട്‌സ് ആന്റ് സയൻസസ് അറിയിച്ചത്. 71 സിനിമകൾ അടങ്ങിയ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വജ്ദയെ ഓസ്‌കാറിലേക്ക് നോമിനേഷൻ ചെയ്തത്. ഈ നേട്ടം ലഭിക്കുന്ന ആദ്യ സൗദി സിനിമയാണ് വജ്ദ. ഈ വർഷത്തെ ഓസ്‌കാറിലേക്ക് വിദേശ സിനിമാ വിഭാഗത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഹാസ്യ, പ്രണയ സിനിമയായ ബറക യുഖാബിലു ബറക എന്ന സിനിമ തെരഞ്ഞെടുക്കപ്പെട്ടു.
പഴയ തിയേറ്റർ ഓർമ (ഫയൽ)
സാംസ്‌കാരിക, ഭൗമശാസ്ത്ര അതിരുകൾ ഇന്റർനെറ്റ് ഭേദിച്ചതോടെ ഓരോ സൗദി പൗരന്റെയും വിരൽതുമ്പിലായി വീഡിയോ ഷെയറിംഗ് നെറ്റ്‌വർക്ക് ആയ യൂട്യൂബ് മാറി. സാറ്റലൈറ്റ് ചാനൽ സിനിമകൾ വീടുകളിൽ മാത്രമല്ല, കോഫി ഷോപ്പുകളിലെ കൂറ്റൻ സ്‌ക്രീനുകളിലും പ്രദർശിപ്പിക്കുന്നത് പതിവായി. ചില ചാനലുകൾ സിനിമകൾക്കു മാത്രമുള്ളവയാണ്. ഇതോടെ സൗദിയിൽ പുതിയ സിനിമാ സംസ്‌കാരം വ്യാപകമായി. എഴുപതുകളിൽ സിനിമാ തിയേറ്ററുകൾ തന്നെ അപ്രത്യക്ഷമാകുന്നതിലേക്ക് നയിച്ച സാഹചര്യം ഇന്ന് രാജ്യത്തില്ല. എഴുപതുകളിൽ സൗദിയിൽ പ്രദർശിപ്പിച്ച സിനിമകളുടെ നിലവാരവും ഇന്നത്തെ സിനിമകളുടെ നിലവാരവും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്. എഴുപതുകളിൽ എണ്ണക്കമ്പനികളാണ് സിനിമ വ്യവസായത്തിന് പിന്തുണ നൽകിയിരുന്നത്. അതുകൊണ്ടു തന്നെ അക്കാലത്തെ സിനിമികളിൽ ഭൂരിഭാഗവും വാണിജ്യ ശൈലിയിലുള്ളവയായിരുന്നു. ഇന്ന് ഓരോ സൗദി പൗരന്മാരുടെയും പോക്കറ്റുകളിലെ മൊബൈൽ ഫോണുകളിൽ സിനിമകളുണ്ട്. സൗദിയിൽ പ്രചരിച്ച ആദ്യ കാലത്തെ പോലെ തിയേറ്ററുകളിൽ സിനിമ പ്രദർശനം ഇല്ല എന്ന വ്യത്യാസമാണ് ഇന്നുള്ളത്. മൊബൈൽ ഫോണുകളിലൂടെയും കംപ്യൂട്ടറുകളിലൂടെയും ടി.വികളിലൂടെയും ഇഷ്ടമുള്ള സിനിമകൾ എമ്പാടും കാണുന്നവർ തിയേറ്ററുകളെ എതിർക്കുന്നത് ന്യായീകരിക്കാൻ കഴിയാത്ത ഇരട്ടത്താപ്പായി ചിലർ പറയുന്നു. സിനിമാ തിയേറ്ററുകൾ സൗദിയിൽ നിന്ന് അപ്രത്യക്ഷമായിരുന്നെങ്കിലും സിനിമകൾ ഒരു കാലത്തും സൗദികളുടെ ജീവിതത്തിൽനിന്ന് അപ്രത്യക്ഷമായിട്ടില്ല.
തിയേറ്ററുകളിൽ സിനിമ കാണുന്നതിനു വേണ്ടി മാത്രം അയൽ രാജ്യങ്ങളിലേക്ക് യാത്ര പോകുന്ന സൗദികളുണ്ട്. വിദേശങ്ങളിൽ വിനോദ ആവശ്യങ്ങൾക്ക് സൗദികൾ പ്രതിവർഷം രണ്ടായിരം കോടിയിലേറെ ഡോളർ ചെലവഴിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. സൗദിയിൽ വീണ്ടും തിയേറ്ററുകൾ തുറക്കുന്നതിനെ കുറിച്ച തർക്കങ്ങൾ വർധിക്കുന്നതിന് ഈ യാഥാർഥ്യങ്ങൾ ഇടയാക്കി. സൗദിയിൽ സിനിമാ പ്രദർശനങ്ങളും ഫിലിം ഫെസ്റ്റിവലുകളും ആരംഭിക്കുക വഴി തിയേറ്ററുകൾ വീണ്ടും തുറക്കണമെന്ന് വാദിക്കുന്നവർക്ക് മേൽക്കൈ ലഭിച്ചു.
സൗദിയിലെ ആദ്യ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത് 2006 ൽ ജിദ്ദയിലായിരുന്നു. സംവിധായകൻ മംദൂഹ് സാലിമിന്റെ മേൽനോട്ടത്തിലാണ് ജിദ്ദ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. 2010 ൽ ജിദ്ദയിൽ സംഘടിപ്പിച്ച ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ 13 രാജ്യങ്ങളിൽ നിന്നുള്ള 28 സിനിമകൾ പ്രദർശിപ്പിച്ചു. ഇതൊക്കെയായിട്ടും തിയേറ്ററുകൾ വീണ്ടും തുറക്കുന്നതിനെ കുറിച്ച തർക്കം രൂക്ഷമായി തുടർന്നു.
ധാർമിക മൂല്യച്യുതികൾ വ്യാപിക്കുന്നതിന് തിയേറ്ററുകൾ തുറക്കുന്നത് ഇടയാക്കുമെന്ന വാദത്തിൽ തിയേറ്ററുകളെ എതിർക്കുന്നവർ ഉറച്ചുനിന്നു. ഇതായിരുന്നു തിയേറ്ററുകൾ തുറക്കുന്നതിന് ഏറ്റവും വലിയ പ്രതിബന്ധമായി നിന്നത്. സൗദി സിനിമാ പ്രവർത്തകരിൽ ചിലർ തന്നെ ഇത്തരമൊരു ഭീതി പങ്കുവെക്കുന്നുണ്ട്. അറുപതുകളിലും എഴുപതുകളിലും മികച്ച സിനിമകളും അരോചകമായ സിനിമകളും പ്രദർശിപ്പിച്ചതാണ് സിനിമ ഹറാം (മതനിഷിദ്ധം) ആണെന്ന നിലപാട് സ്വീകരിക്കുന്നതിന് നിരവധി പണ്ഡിതരെ പ്രേരിപ്പിച്ചതെന്ന് സൗദി സംവിധായകൻ മംദൂഹ് സാലിം പറയുന്നു. ഈയൊരു വേലി തകർക്കുകയാണ് തന്റെയും സഹപ്രവർത്തകരുടെയും ദൗത്യം. മൂല്യങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമല്ലാത്ത സിനിമാ വ്യവസായമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് മംദൂഹ് സാലിം പറയുന്നു.
സിനിമാ, വിനോദ പരിപാടികളിലെ നിയമ ലംഘനങ്ങളിൽ ജനറൽ എന്റർടൈന്റ്‌മെന്റ് അതോറിറ്റിക്ക് വ്യക്തമായ നിലപാടാണുള്ളതെന്ന് അതോറിറ്റി പ്രസിഡന്റ് അഹ്മദ് അൽഖതീബ് പറയുന്നു. എന്റർടൈൻമെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ അപേക്ഷ സമർപ്പിച്ച 150 ലേറെ പരിപാടികൾക്ക് അതോറിറ്റി ലൈസൻസ് നിഷേധിച്ചിട്ടുണ്ട്. അതോറിറ്റി പിന്തുടരുന്ന രീതിശാസ്ത്രത്തിന് വിരുദ്ധമായതിനാലാണ് ഈ പരിപാടികൾക്ക് അനുമതി നിരാകരിച്ചത്. ദിവസങ്ങൾക്കു മുമ്പ് സൗദിയിലെ പ്രമുഖ ഓൺലൈൻ പത്രം നടത്തിയ അഭിപ്രായ സർവേയിൽ പങ്കെടുത്തവരിൽ 51 ശതമാനം പേരും സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കുന്നതിനെ പിന്തുണക്കുന്നതായി അറിയിച്ചു. 36 ശതമാനം തിയേറ്ററുകൾ തുറക്കുന്നതിനെ എതിർത്തു. മതപരമായ വ്യവസ്ഥകളോടെ തിയേറ്ററുകൾ തുറക്കുന്നതിനെ അനുകൂലിക്കുന്നതായി ഒമ്പതു ശതമാനം പേർ അഭിപ്രായപ്പെട്ടു. നാലു ശതമാനം പേർ ഈ പ്രശ്‌നം തങ്ങൾ ഗൗനിക്കുന്നേയില്ലെന്ന് പറഞ്ഞു.
സൗദിയിലെ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് സിനിമ എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇവ എങ്ങിനെ പ്രദർശിപ്പിക്കുമെന്നതിനെ ചൊല്ലിയാണ് തർക്കം നടക്കുന്നത്.
എഴുപതുകളിലെ സിനിമാ പ്രദർശന അനുഭവങ്ങൾ നൽകിയ ഭീതിയാണ് തർക്കങ്ങൾക്ക് മൂർച്ച കൂട്ടുന്നത്. എന്നാൽ ഇന്റർനെറ്റ് വഴിയും വിദേശങ്ങളിലെ തിയേറ്ററുകളും വഴി തങ്ങൾ സിനിമയെ വരിക്കുന്നതായി വ്യക്തമാക്കി ഇക്കാര്യത്തിൽ തങ്ങളുടെ തീരുമാനം പൊതുസമൂഹം അറിയിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. മാസങ്ങൾക്കകം സൗദിയിലും തിയേറ്ററുകളിലെ ബിഗ് സ്‌ക്രീനുകളിൽ സ്വദേശികൾക്കും വിദേശികൾക്കും സിനിമകൾ കാണുന്നതിന് അവസരമൊരുങ്ങും.
സൗദിയിലെ ഷോർട്ട് ഫിലിം നിർമാതാക്കൾ
ബില്യൺ കണക്കിന് ഡോളർ ലാഭിക്കുന്നതിനും ആയിരക്കണക്കിന് സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും തിയേറ്ററുകൾ തുറക്കുന്നതിലൂടെ സാഹചര്യമൊരുങ്ങുമെന്നാണ് കരുതുന്നത്. സിനിമാ വ്യവസായ മേഖലയിൽ 2030 ഓടെ 30,000 സ്ഥിരം തൊഴിലവസരങ്ങളും 1,30,000 ലേറെ താൽക്കാലിക തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിന് സാധിക്കുമെന്നാണ് കണക്കാക്കുന്നത്. മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് പ്രതിവർഷം 9,000 കോടിയിലേറെ റിയാൽ സിനിമാ, തിയേറ്റർ വ്യവസായം സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.