ജിദ്ദ- ഇന്ത്യയിൽനിന്ന് നേപ്പാൾ വഴി സൗദിയിലേക്ക് യാത്ര ചെയ്യുന്നവർ ആർ.ടി-പി.സി.ആർ പരിശോധന നടത്തേണ്ടത് അംഗീകൃത ടെസ്റ്റ് ലാബിൽനിന്ന് മാത്രം. അല്ലെങ്കിൽ യാത്ര മുടങ്ങുമെന്ന് മുന്നറിയിപ്പ്. ഇന്ന്(ബുധനാഴ്ച) കാഠ്മണ്ഡുവിൽനിന്ന് യാത്ര ചെയ്ത നിരവധി പേരെ വിമാനത്തിൽനിന്ന് ഇറക്കിയെന്ന് യാത്രക്കാരിൽ ഒരാളായ സാജിദുൽ അൻസാർ ഒളവട്ടൂർ പറഞ്ഞു. നേപ്പാൾ വഴി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് എഴുപത്തിരണ്ട് മണിക്കൂർ മുമ്പ് എടുത്ത RT-PCR ടെസ്റ്റ് അംഗീകൃത കോവിഡ് ടെസ്റ്റ് ലാബിൽ നിന്ന് എടുക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണം. കാഠ്മണ്ഡു വിമാനതാവളത്തിൽനിന്ന് അൽജസീറ J9 540 നമ്പർ ഫ്‌ളൈറ്റിൽ യാത്ര ചെയ്ത മലയാളികളടക്കമുള്ള നിരവധി യാത്രക്കാരെയാണ് ബോർഡിംഗ് പാസ്സെടുത്ത് ,എമിഗ്രേഷൻ കഴിഞ്ഞ് ഫ്‌ളൈറ്റിൽ കയറി ഇരുന്നതിന് ശേഷം ഇറക്കി വിട്ടത്. അംഗീകാരം ഇല്ലാത്ത കോവിഡ് ലാബുകളിൽ നിന്നുള്ള ടെസ്റ്റ് റിപ്പോർട്ട് സ്വീകാര്യമല്ലെന്നും ഈ ടെസ്റ്റ് റിപ്പോർട്ടുമായി യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു ഇത്. ഇവരുടെ ലഗേജ് തിരിച്ചിറക്കുകയും ചെയ്തു.
![]() |
മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ അന്തരിച്ചു |
ബോർഡിംഗിന് വേണ്ടി ക്യൂ നിൽക്കുന്ന സമയത്ത് തന്നെ അൽജസീറ ഫ്‌ളൈറ്റ് ജീവനക്കാരനായ ഒരാൾ എല്ലാവരുടെയും ആർ.ടി-പി.സി.ആർ റിപ്പോർട്ട് ഫോട്ടോ എടുത്ത് അയച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഫ്‌ളൈറ്റിൽ എല്ലാവരും കയറിയ ശേഷമാണ് കുറച്ചു പേർ അംഗീകാരമില്ലാത്ത ടെസ്റ്റ് കേന്ദ്രങ്ങളിൽ നിന്നുള്ള ടെസ്റ്റ് റിപ്പോർട്ടാണ് കൈവശം വെച്ചിട്ടുള്ളത് എന്നും എല്ലാവരും റീചെക്കിംഗിന് വിധേയമാകണമെന്നും അറിയിപ്പ് എത്തിയത്. തുടർന്ന് നടന്ന ചെക്കിംഗിലാണ് മലയാളികളടക്കമുള്ള മുപ്പത് പേരെ ഫ്‌ളൈറ്റിൽ നിന്നും ഇറക്കുകയും ലഗേജടക്കം തിരിച്ചു നൽകുകയും ചെയ്തത്. നേപ്പാളിൽ ഭീമമായ കാഷ് ചിലവാക്കി പതിനാല് ദിവസം ക്വാറന്റൈൻ ചെയ്ത്, ഇന്ത്യൻ എമ്പസിയിൽ നിന്നും എൻ.ഒ.സി ലഭിക്കാൻ യാത്രയുടെ തലേദിവസം ഒമ്പത് മണിക്ക് തുറക്കുന്ന എമ്പസിയിൽ പുലർച്ചെ പോയി വരി നിന്ന് 2590/ രൂപ അടച്ച് ഒരു ദിവസം മെനക്കെട്ട് കിട്ടുന്ന എൻ.ഒ.സി യുമായി ഭീമമായ സംഖ്യ മുടക്കി കണക്ഷൻ ഫ്‌ളൈറ്റ് വഴിയാണ് സൗദിയിലേക്ക് വരുന്നത്... ആ യാത്ര ഈ ഒരശ്രദ്ധ മൂലം മുടങ്ങുകയും വീണ്ടും ഫ്‌ളൈറ്റ് ടിക്കറ്റിനായി ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ടാവുകയെന്നത് പ്രയാസമുണ്ടാക്കും. ഫ്‌ളൈറ്റ് യാത്രക്ക് മുമ്പുള്ള കോവിഡ് ടെസ്റ്റ് അംഗീകൃത ലാബിൽ നിന്നാണെന്ന് ഉറപ്പ് വരുത്തണമെന്നും സാജിദുൽ അൻസാർ വ്യക്തമാക്കി.