ഗുരുഗ്രാം- ഹരിയാനയില്‍ മാള്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലിസ്ഥലത്ത് നിന്ന് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. അതിക്രമത്തിന് ശേഷം യുവതിയെ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. പുലര്‍ച്ചെ മാളിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഗുരുഗ്രാമിലെ എംജി റോഡ് സമീപം ദില്ലിയിലേക്ക് പോകാനായി ടാക്‌സിയില്‍ കയറി. കാറില്‍ രണ്ട് യാത്രക്കാരുമുണ്ടായിരുന്നു. പരിചയമില്ലാത്ത വഴികളിലൂടെ കാര്‍ പോകുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഇത് ചോദ്യം ചെയ്തതോടെ ഡ്രൈവറും വാഹത്തിലുള്ളവരും ചേര്‍ന്ന് ബലമായി പിടിച്ചു വച്ചു. തുടര്‍ന്ന് വാഹനം അന്‍പത് കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ജജ്ജാര്‍ നഗരം പിന്നിട്ട് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ നല്‍കിയ പരാതിയില്‍ പറയുന്നത്.