ന്യൂദൽഹി- കോൺഗ്രസിൽ പുതുതലമുറ നേതൃത്വത്തിന് തുടക്കം കുറിച്ച് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത്. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി എതിരില്ലാതെ തെരഞ്ഞെടുത്തു. രാഹുലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതായി തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. ശനിയാഴ്ച്ച രാഹുൽ ചുമതലയേൽക്കും. എതിരില്ലാതെയാണ് രാഹുലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ ചരിത്രനിമിഷമാണിതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
രാഹുലിനെ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച ദൽഹി എ.ഐ.സി.സി ആസ്ഥാനത്ത് പ്രവർത്തകരുടെ സന്തോഷപ്രകടനം നടക്കുന്നുണ്ട്.
കോൺഗ്രസ് ഉപാധ്യക്ഷനായ രാഹുൽ ഗാന്ധി പാർട്ടിയുടെ പ്രിയപ്പെട്ടവനാണെന്നും പാർട്ടിയുടെ മഹത്തായ പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടു പോകുമെന്നുമാണു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പറഞ്ഞത്. 19 വർഷം സോണിയ ഗാന്ധി പാർട്ടിയെ നയിച്ചു. ഇപ്പോൾ രാഹുൽ ഗാന്ധി അദ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതോടെ മറ്റൊരു പുതിയ അധ്യായം തുടങ്ങുകയാണെന്നും മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു.