കോഴിക്കോട്- പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മോശം രീതിയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും തന്നെ നിക്ഷിപ്ത താല്‍പര്യത്തിന് ഉപയോഗിക്കുകയാണെന്ന് ബോധ്യമായതിനാല്‍ വേങ്ങരയിലെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍മാറുകയാണെന്നുംട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി അനന്യ കുമാരി അലക്സ്. സര്‍ക്കാരിനെ കുറ്റം പറയണം. പര്‍ദ്ദയിട്ട് ഇറങ്ങണം എന്നും പറഞ്ഞു. ഇതൊന്നും ചെയ്യില്ലെന്നറിയിച്ചു. എന്റെ വ്യക്തിത്വം അടിയറവ് വെച്ച് ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു. തുടര്‍ന്നാണ് പീഡനങ്ങളുണ്ടായത്. എന്നെ അവര്‍ ഉപയോഗിക്കുകയായിരുന്നു. എന്നെ മുന്നില്‍ നിര്‍ത്തി അവര്‍ക്ക് ചില പദ്ധതികളുണ്ടായിരുന്നു. അത് എനിക്ക് മനസ്സിലായിട്ടില്ല. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. എന്റേതായ നിലപാടുണ്ട്. അത് അടിയറവ് വച്ച് പ്രവര്‍ത്തിക്കാന്‍ എനിക്കാകുമായിരുന്നില്ല- അനന്യ കുമാരി പ്രതികരിച്ചു.
തന്നെ സ്ഥാനാര്‍ഥിയാക്കിയ ജനാധിപത്യ സോഷ്യല്‍ ജസ്റ്റിസ് എന്ന പാര്‍ട്ടി നേതാക്കളില്‍നിന്ന് കടുത്ത മാനസിക പീഡനവും വധഭീഷണിയും ഉണ്ടായെന്ന് അനന്യകുമാരി പറഞ്ഞു. സാങ്കേതികമായി പത്രിക പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ താനിപ്പോള്‍ പ്രചാരണം നിര്‍ത്തിയെന്നും അവര്‍ വ്യക്തമാക്കി.
പാര്‍ട്ടി നേതാക്കളുടെ നിലപാടിനെ എതിര്‍ത്തപ്പോള്‍ തന്നെ ഇല്ലാതാക്കി കളയുമെന്ന് പറഞ്ഞു. അഭിസാരികയായും മറ്റു മോശം രീതിയിലും ചിത്രീകരിച്ചു. അസംഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്നും അനന്യകുമാരി പറഞ്ഞു.