ന്യൂദൽഹി- ഇന്ത്യ രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലായ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങൾ ഡിജിസിഎ കടുപ്പിച്ചു. മാസ്‌ക് ധരിക്കുന്നത് അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന യാത്രക്കാർക്ക് എതിരേ തത്സമയം പിഴ ചുമത്താൻ എയർപോർട്ട് അധികൃതർക്ക് ഡിജിസിഐ നിർദേശം നൽകി. രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. വിവിധ വിമാനത്താവളങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ഡിജിസിഐ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഡിജിസിഐ വിമാനത്താവള അധികൃതർക്ക് നിർദേശം നൽകിയത്.
മാസ്‌ക് ധരിക്കൽ ഉൾപ്പെടെ വിവിധ കോവിഡ് മാനദണ്ഡങ്ങൾ യാത്രക്കാർ അടക്കമുള്ളവർ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് അധികൃതർ ഉറപ്പുവരുത്തണം. മാസ്‌ക് കൃത്യമായാണോ ധരിച്ചിരിക്കുന്നത് എന്നും നിരീക്ഷിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തണമെന്നും ഡിജിസിഐയുടെ നിർദേശത്തിൽ പറയുന്നു.
നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ഡിജിസിഐ നിർദേശിച്ചത്. ഇതിനായി നിയമത്തിന്റെ സാധ്യത പരിശോധിക്കണം. പോലീസിന്റെ സഹായം തേടണമെന്നും ഡിജിസിഐയുടെ നിർദേശത്തിൽ പറയുന്നു. മാർച്ച് 13ന് ഇറക്കിയ സർക്കുലറിൽ തുടർച്ചയായി മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ പേരുകൾ കൈമാറാൻ ഡിജിസിഐ നിർദേശിച്ചിരുന്നു. മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്താക്കാവുന്നതാണെന്നും ഡിജിസിഐ വ്യക്തമാക്കിയിരുന്നു.