കോഴിക്കോട്- സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളും 50 ഓളം അന്താരാഷ്ട്ര മേളകളിലെ അംഗീകാരങ്ങളും നേടിയ ബിരിയാണി എന്ന സിനിമ സൂപ്പർ സെൻസർ ബോർഡ് ചമഞ്ഞ് ചില തിയേറ്ററുകൾ പ്രദർശിപ്പിക്കാതിരിക്കുകയാണെന്ന് സംവിധായകൻ സജിൻ ബാബു. പ്രസ് ക്ലബ്ബിലെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രേക്ഷകരെത്തിയിട്ടും സിനിമ പ്രദർശിപ്പിക്കാൻ തയാറാവാത്ത അനുഭവം കോഴിക്കോട്ടും ആറ്റിങ്ങലും കൊല്ലത്തും മറ്റുമുണ്ടായി. പ്രതിഷേധം ഉയർന്നപ്പോഴാണ് സിനിമ കാണിക്കാമെന്ന് സമ്മതിച്ചത്. ഏതെങ്കിലും രംഗംമാത്രം കണ്ട് ഈ സിനിമ പ്രേക്ഷകർ കാണേണ്ട എന്ന് ചിലർ തീരുമാനിക്കുന്ന സ്ഥിതിയാണ്. ഭയമോ സദാചാര പ്രശ്‌നമോ ആണോ ഇതിനു കാരണമെന്നറിയില്ല. സിനിമക്കെതിരെ ആസൂത്രിതനീക്കം നടക്കുന്നതായാണ് അനുഭവം. സൂക്ഷ്മമായി സിനിമ കണ്ട് വിലയിരുത്തുന്നവർക്കാർക്കും ഇതേതെങ്കിലും വിഭാഗത്തിനെതിരാണെന്നു കാണാനാവില്ല.
താൻ നേരിട്ടുകണ്ടതും മനസ്സിലാക്കിയതുമായ കാര്യങ്ങളാണ് ബിരിയാണിയിലുള്ളത്. ജീവിതത്തെ നഗ്നമായി ആവിഷ്‌കരിക്കാനാണ് ശ്രമിച്ചത്. ഐ.എഫ്.എഫ്.കെയിലും ഇന്ത്യൻ പനോരമയിലും ആദ്യം ഈ സിനിമയെ തഴയുന്ന സമീപനമാണുണ്ടായത്. വിദേശമേളകളിൽ അംഗീകാരങ്ങൾ നേടിയതോടെയാണ് ഇവിടെയും പരിഗണിക്കപ്പെട്ടത്. സെൻസർബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തെ കാണികളുണ്ടായിട്ടും തിയേറ്ററുകളിൽ ഒഴിവാക്കുന്ന സമീപനം കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷം ഏതുവിധത്തിലാണെന്നതിന്റെ സൂചനയാണ്. സിനിമയുടെ ഒ.ടി.ടി റിലീസിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സംവിധായകൻ പറഞ്ഞു.