ഈരാറ്റുപേട്ട - മുസ്ലിം വിരുദ്ധ പ്രസ്താവനകളിലൂടെ വിവാദ നായകനായ ജനപക്ഷം നേതാവും പൂഞ്ഞാർ മണ്ഡലം സ്ഥാനാർഥിയുമായ പി.സി. ജോർജിനെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി. ലൗ ജിഹാദ് തുടങ്ങിവെച്ചത് സ്വന്തം വീട്ടിൽനിന്നാണെന്നും വികസന കാര്യങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് വർഗീയ പരാമർശങ്ങളിലൂടെ ശ്രമിക്കുന്നതെന്നുമാണ് ബി.ജെ.പി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഈരാറ്റുപേട്ടയുടെ ചരിത്രം മതസൗഹാർദത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശങ്ങളാണ് നമുക്ക് പകർന്ന് നൽകുന്നത്. ഒരു വർഗീയ ലഹളയോ അതിന്റെ പേരിലുള്ള കൊലപാതകമോ ഈ നാട്ടിൽ നടന്നിട്ടുണ്ടോ? അങ്ങേനെയുള്ള ഒരു പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയുടെ നാവിൽ നിന്ന് വരേണ്ട സംസാരമാണോ പി.സി ജോർജ് നടത്തുന്നത് -ബി.ജെ.പി ചോദിക്കുന്നു.
കഴിഞ്ഞ ദിവസം പ്രചാരണ യോഗങ്ങളിലുണ്ടായ കൂക്കിവിളി പി.സി. ജോർജ് തന്നെ ആസൂത്രണം ചെയ്ത നാടകമായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
ബി.ജെ.പി പ്രസ്താവനയുടെ പൂർണ രൂപം:
ഇക്കഴിഞ്ഞ മൂന്ന് മൂന്നര പതിറ്റാണ്ടു കാലമായി പൂഞ്ഞാർ എം.എൽ.എ ആയ പിസി ജോർജ് പരാജയ ഭീതി മൂലം വിവാദങ്ങൾ സൃഷ്ടിക്കുന്ന തിരക്കിൽ ആണ്. തോൽക്കും എന്ന ഭീതി മൂലം മനപ്പൂർവം വാർത്തകൾ സൃഷ്ടിച്ചു ജനശ്രദ്ധ പിടിച്ചു പറ്റി വോട്ട് പിടിക്കാനുള്ള തത്രപാടിൽ ആണ് അദ്ദേഹം.
ആഖജ യുടെ വോട്ടുകൾ താൻ കാശ് കൊടുത്തു വാങ്ങി എന്ന തികച്ചും വസ്തുതാ വിരുദ്ധം ആയ കാര്യം അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ബുമാനപ്പെട്ട പിസി ജോർജും അദേഹത്തിന്റെ അണികളും അറിയാനായി ഒരു കാര്യം പറയാം......
ഇടതും വലതും ചാടി ഒടുവിൽ താങ്കൾ എൻ.ഡി.എ പാളയത്തിൽ വന്നപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിച്ചവർ ആണ് ഞങ്ങൾ. ആ ഞങ്ങളെ അപമാനിച്ചു മുന്നണി വിട്ട് പോയ താങ്ങൾക്ക് വോട്ട് മറിച്ചു നൽകേണ്ട ഗതികേട് എൻ.ഡി.എ മുന്നണിക്ക് ഇല്ല. ജനങ്ങളെയും പാർട്ടി അനുഭാവികളെയും തെറ്റിദ്ധരിപ്പിച്ചു വോട്ട് പിടുങ്ങാനുള്ള താങ്കളുടെ തന്ത്രം എട്ടായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി.
മൂന്ന് മുന്നണികളും രാഷ്ട്രീയം പറഞ്ഞു വോട്ട് പിടിക്കുമ്പോൾ നാണം കേട്ട കളികൾ കളിച്ചു വോട്ട് പിടിക്കാനുള്ള തന്ത്രങ്ങൾ ജനനങ്ങൾ തിരിച്ചു അറിയും.......
വിജയിക്കണമെങ്കിൽ കഴിഞ്ഞ 30-35 കൊല്ലമായി താങ്കൾ നടപ്പിലാക്കി എന്ന് പറയുന്ന വികസനങ്ങൾ പറഞ്ഞു വോട്ട് പിടിക്കുക.....
പിസി ജോർജിനോടും ആശാൻ സ്‌നേഹികളോടും ബി.ജെ.പിക്ക് ക്ക് ചില ചോദ്യങ്ങൾ ഉണ്ട്.....
1980 മുൽ പി.സി ജോർജ് പൂഞ്ഞാർ മണ്ഡലത്തിന്റെ എം.എൽ.എയാണ്. അതിനിടയിൽ അദ്ദേഹം മാറി നിന്നത് ഒരു ഒമ്പത് വർഷം മാത്രമാണ്. ബാക്കി 30 വർഷത്തോളം അദ്ദേഹം എം.എൽ.എയായി തുടരുകയാണ്. ഒരു എം.എൽ.എ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം പൂർണ്ണ പരാജയമാണ്. ആദ്യ കാലത്ത് നടപ്പിലാക്കിയ ചില വികസന പ്രവർത്തനങ്ങളുടെ പേരിലാണ് ഇപ്പോഴും അദ്ദേഹം പിടിച്ച് നിൽക്കുന്നത്. മണ്ഡലത്തിലെ ജനങ്ങളുടെ ഏറ്റവും അടിസ്ഥാന പ്രശ്‌നമായി നിൽക്കന്നത് കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്നതാണ്.നിരവധി പ്രോജക്ടുകൾ അതിനായി ആലോചിച്ചെങ്കിലും ഒന്ന് പോലും നടപ്പിലാക്കാൻ കഴിഞ്ഞില്ല. പൂഞ്ഞാർ മണ്ഡലത്തോട് ചേർന്ന് കിടക്കുന്ന ടൂറിസ്റ്റ് മേഖലയാണ് വാഗമൺ.തീക്കോയി വാഗമൺ റോഡ് എത്രയോ കാലമായി പൊട്ടിപൊളിഞ്ഞ് കിടക്കുന്നു. ഈ റോഡിന്റെ വികസനം എത്ര നാളായി ജനങ്ങൾ ആഗ്രഹിക്കുന്നതാണ്. എം.എൽ.എക്ക് ഈ റോഡിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ?
ഈരാറ്റുപേട്ട സർക്കാർ കുടുംബാരോഗ്യ കേന്ദ്രം. എത്രയോ വികസന സാധ്യതയുള്ള ഒരു സർക്കാർ ചികിത്സ സംവിധാനമായി മാറ്റാമായിരുന്നു. അതിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആ സ്ഥാപനത്തിന് ഉണ്ട്. ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക് എന്നത് നാം എത്രയോ കാലങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണ്. ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ ക്യാമ്പിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാപനത്ത് ഇരുന്ന പി.സി ജോർജിന് ഇത് നേടിയെടുക്കാൻ എന്തെങ്കിലും പ്രയാസമുണ്ടായിരുന്നോ?
കഴിഞ്ഞ അഞ്ച് വർഷം അദ്ദേഹം പ്രതിപക്ഷത്തും ഭരണപക്ഷത്തും അല്ലാത്ത അവസ്ഥയിലായിരുന്നു.അത് കൊണ്ട് മണ്ഡലത്തിന്റെ വികസന കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞോ? ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചാൽ ഇനിയും അത് തന്നെയല്ലേ ആവർത്തിക്കപ്പെടാൻ പോകുന്നത്. സമീപ നിയോജക മണ്ഡലങ്ങളിലെല്ലാം കോടി ക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കപ്പെടുമ്പോൾ പൂഞ്ഞാർ ജനത കാഴ്ചക്കാരായി നോക്കി നിൽക്കേണ്ട അവസ്ഥയല്ലേ വരുന്നത്. അതിനുള്ള അവസരം ഇനി നാം കൊടുക്കാൻ പാടില്ല.
വികസന കാര്യങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഒരു സമുദായത്തിന് നേരെ നിരന്തരമായി പ്രസ്താവനകൾ ഇറക്കുന്നത്. അവരെ തീവ്രവാദികളെന്നും, ജിഹാദികളെന്നും വിളിച്ച് ആക്ഷേപിക്കുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും മതസൗഹാർദത്തിന് പേരുകേട്ട ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായി പ്രവർത്തിക്കുന്ന എരുമേലി സ്ഥിതിചെയ്യുന്നത് പൂഞ്ഞാർ നിയോജക മണ്ഡലത്തിലാണ്. എത്രയോ നൂറ്റാണ്ടുകളായി മതസൗഹാർദത്തിൽ കഴിയുന്ന പ്രദേശങ്ങളാണിതൊക്കെ. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഈരാറ്റുപേട്ടയുടെ ചരിത്രവും മതസൗഹാർദത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശങ്ങളല്ലേ നമുക്ക് പകർന്ന് നൽകുന്നത്. ഒരു വർഗീയ ലഹളയോ അതിന്റെ പേരിലുള്ള കൊലപാതകമോ ഈ നാട്ടിൽ നടന്നിട്ടുണ്ടോ ? അങ്ങേനെയുള്ള ഒരു പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയുടെ നാവിൽ നിന്ന് വരേണ്ട സംസാരമാണോ പി.സി ജോർജ് നടത്തുന്നത്. തന്റെ വോട്ടർമാരായ ആളുകളെ
ജിഹാദികളാക്കി മാറ്റാനാണ് അദ്ദേഹം ശ്രമം നടത്തി കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക് കുറെ സ്വീകാര്യത കിട്ടുമെന്ന് അദ്ദേഹത്തിനറിയാം.അതിന് വേണ്ടിയാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ കാര്യവും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ കാര്യവും, സിവിൽ സർവ്വീസിലെ ഒരു സമുദായത്തിന്റെ പുരോഗതിയുമൊക്കെ അദ്ദേഹം ചർച്ചയാക്കുന്നത്. അതിനിടയിൽ ലൗജിഹാദും കടന്ന് വന്നു.
അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാണ് ലൗജിഹാദിന് തുടക്കം കുറിച്ചത് എന്ന കാര്യം അദ്ദേഹം മറന്നു പോയി. ഈരാറ്റുപേട്ടക്കാരെ തീവ്രവാദികളാക്കുന്ന പി.സി ജോർജാണ് സ്വന്തം നിയോജക മണ്ഡലത്തിൽപ്പെട്ട മുണ്ടക്കയത്തെ തോട്ടം തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയത് എന്ന കാര്യം അദ്ദേഹം മറന്നോ ? കേരളത്തിൽ തന്നെ വലിയ ചർച്ചയായി മാറിയ ഒരു സംഭവമായിരുന്നില്ലേ ഇത്.
മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ പറഞ്ഞ് വോട്ട് ചോദിക്കാൻ സാധിക്കാതെ വന്നപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പി.സി ജോർജ് കണ്ടെത്തിയ ചെപ്പടി വിദ്യയാണ് ജിഹാദി പ്രയോഗവും തീവ്രവാദവുമൊക്കെ എന്ന് പ്രബുദ്ധരായ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വോട്ടർമാർ തിരിച്ചറിഞ്ഞ് കഴിഞ്ഞു.