ഗാന്ധിനഗര്‍- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 89 മണ്ഡലങ്ങളില്‍ പോളിംഗ് പുരോഗമിക്കുന്നു. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. രാജ്കോട്ട് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടുന്ന മുഖ്യമന്ത്രി വിജയ് രൂപാനി ഉള്‍പ്പെടെ പ്രമുഖര്‍ വോട്ടു രേഖപ്പെടുത്തി. അധികാരം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് 22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെങ്കിലും കോണ്‍ഗ്രസിന് ലഭിച്ച മികച്ച ജനസ്വീകാര്യതയും പ്രചാരണ രംഗത്തെ മുന്നേറ്റവും പാര്‍ട്ടിയുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.
രണ്ടാം ഘട്ടത്തില്‍ ഡിസംബര്‍ 14-ന് ഗുജറാത്തിലെ വടക്കന്‍, മധ്യ ജില്ലകളില്‍ വോട്ടെടുപ്പു നടക്കും. ഡിസംബര്‍ 18-നാണ് ഫലം പുറത്തു വരിക.
2.12 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. മൊത്തം 977 സ്ഥനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ഈ തെരഞ്ഞെടുപ്പ് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിമാന പ്രശ്നവും കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് വരാനിരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് പരീക്ഷണവുമായാണ് വിലയിരുത്തപ്പെടുന്നത്.