ജിദ്ദ- വെള്ളിയാഴ്ച പുലർച്ചെ ജിദ്ദയിൽനിന്നും കൊച്ചിയിലേക്ക് യാത്ര പുറപ്പെടാനൊരുങ്ങിയ സൗദിയ വിമാനത്തിന് ഡി.ജി.സി.എ അനുമതി നിഷേധിച്ചു. കാരണങ്ങളൊന്നും പറയാതെയാണ് അനുമതി നിഷേധിച്ചത്. സൗദിയയുടെ എസ്.വി 3572 വിമാനത്തിന്റെ സർവീസാണ് മുടങ്ങിയത്. ഗർഭിണികളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ ഇതോടെ പ്രതിസന്ധിയിലായി. ഓരോരുത്തർക്കും മുന്നൂറോളം റിയാൽ(അയ്യായിരത്തോളം രൂപ) മുടക്കി കോവിഡ് ടെസ്റ്റ് പൂ്ർത്തിയാക്കിയാണ് പലരും നാട്ടിലേക്ക് പോകാൻ തയ്യാറായി വന്നത്. ഈ നെഗറ്റീവ് റിപ്പോർട്ടും ഇനി ഉപയോഗിക്കാനാകില്ല. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് വിമാനങ്ങൾക്ക് അനുമതി നൽകാത്തതെന്ന ആരോപണവും ചില കേന്ദ്രങ്ങളിൽനിന്നുയർന്നു.