മൽബിക്ക് അതൊരു ദുഃഖ വെള്ളിയാഴ്ചയായിരുന്നു. മൽബു സ്വന്തം കാർ വിറ്റതിന്റെ രണ്ടാം ദിവസം. പിന്നീടൊരിക്കൽ അന്വേഷിച്ചു വരാതിരിക്കാൻ പരിചയക്കാരേയും നാട്ടുകാരേയും ഒഴിവാക്കി ഒരു അപരിചതന്റെ തലയിൽ കെട്ടിവെച്ചുവെന്നു വേണം പറയാൻ.
രാവിലെ എട്ടു മണിയായിട്ടും മൽബു എഴുന്നേറ്റ് ഓടാത്തതു കണ്ടാണ് മൽബി കിച്ചണിൽനിന്ന് ചാടി ബെഡ് റൂമിലെത്തിയത്.
അലാറം വെക്കാതെയും നല്ലപാതിയുടെ ഒച്ചപ്പാടില്ലാതെയും കുറച്ചധികം നേരം ഉറങ്ങാനുള്ള ദിവസമാണ് പലർക്കും വെള്ളിയെങ്കിലും അതിനു ഭാഗ്യമില്ലാത്തയാളാണ് മൽബു.
സ്വന്തമായുള്ള ഒരു ഫോർഡ് കാറായിരുന്നു ഇതുവരെ അതിനു കാരണം.
ചെറുക്കന്മാർ കാറിന് താക്കോൽ കൊണ്ടോ നാണയം കൊണ്ടോ വരയ്ക്കുമെന്ന ആധിയുള്ള കാറുടമകൾ ധാരാളമുണ്ടെങ്കിലും മൽബുവിനെ അങ്ങനെ ആകുലപ്പെടുത്തുന്ന ഒരു കാറല്ല ഈ ഫോർഡ്.
കാറിൽ ആരേലും കുത്തിവരയ്ക്കുമോ എന്ന ആധി മൽബുവിന്റെ കൂട്ടുകാരൻ മൊയ്തുവിനുണ്ട്.
ആരോ എപ്പോഴോ എവിടെയോ ഒരു കാറിന് താക്കോൽ കൊണ്ടുവരച്ചുവെന്നുവെച്ച് ഇങ്ങനെ ആധി പിടിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിനു മൊയ്തു നൽകിയ മറുപടിയാകട്ടെ മറ്റാർക്കും നൽകാൻ കഴിയുന്നതുമല്ല.
പ്ലസ് ടുവിനു പഠിക്കുമ്പോൾ നാട്ടിലെ ഒരു മുതലാളിയുടെ കാറിന് നാണയം കൊണ്ട് വരച്ചത് അയാളുടെ ജോലിക്കാർ കണ്ടുപിടിച്ചതും വീട്ടിലേക്ക് ജാഥയായി കൊണ്ടുപോയതുമാണ് ഇപ്പോഴും മൊയ്തുവിന്റെ മനസ്സിൽ. അതിനുള്ള ശിക്ഷ എന്നെങ്കിലും ലഭിക്കുമെന്ന തോന്നലുകൊണ്ടാണത്രേ ഈ വേവലാതി.
ഇതുകൊണ്ടാണോ എന്നറിയില്ല മിസിസ് മൊയ്തുവിന്റെ നീണ്ട നാളത്തെ സമ്മർദത്തിനൊടുവിലാണ് മൊയ്തു ഒരു കാറുടമയായത്.
മൽബുവിന് സ്വന്തം ഫോർഡ് വെള്ളിയുറക്കം പോലും നഷ്ടപ്പെടുത്തിയത് മറ്റൊരു തരത്തിലാണ്. ഒരു പ്രവാസിക്ക് വെള്ളിയുറക്കം നഷ്ടപ്പെടുകയെന്നു പറഞ്ഞാൽ മറ്റെല്ലാം നഷ്ടപ്പെടുന്നതിനു തുല്യമാണ്.
എല്ലാ ദിവസവും മൽബു ജോലി കഴിഞ്ഞെത്തുമ്പോൾ രാത്രി 11 കഴിയും. പിന്നെ താമസിക്കുന്ന ഫഌറ്റിനു സമീപത്തെവിടെയെങ്കിലും ഈ ഫോർഡ് ഒന്നൊതുക്കിയിടാനുള്ള ശ്രമമാണ്.
മിക്ക ദിവസങ്ങളിലും പരാജയമായിരിക്കും ഫലം. ഒടുവിൽ ഗത്യന്തരമില്ലാതെ രാവിലെ എട്ടു മണിക്കു തുറക്കുന്ന ഒരു കടയുടെ ഷട്ടറിനു നേരെ മുന്നിൽ നിർത്തിയാണ് വീട്ടിലേക്ക് കയറുക.
റൂമിൽ കയറിയ ഉടൻ മൊബൈലിൽ എട്ടു മണിക്കൊരു അലാറം വെച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തും. ഈ അലാറം മുഴങ്ങുമ്പോൾ താക്കോലുമെടുത്ത് ഒറ്റയോട്ടമാണ്. കടക്കാരൻ എത്തുമ്പോഴേക്കും മൽബു കാർ മാറ്റിയിരിക്കും. ഇതൊരു ജീവിത ശൈലിയായതിനാൽ ഒരിക്കൽ പോലും കടക്കാരന്റെ വായിലുള്ളത് മൽബുവിന് കേൾക്കേണ്ടി വന്നിട്ടില്ല.
കാർ പോയ മൽബുവാണ് കൂർക്കം വലിച്ചുറങ്ങുന്നതെന്ന് അറിയാതെ മൽബി ചോദിച്ചു.
അല്ലാ, ഇങ്ങളിന്ന് കാറു മാറ്റിയിടാൻ പോകുന്നില്ലേ?
അത് ഇനി ഹൈദരാബാദി മാറ്റിയിട്ടുകൊള്ളും.
ബ്ലാങ്കറ്റ് ഒന്നു കൂടി വലിച്ചു മൂടി മൽബു പറഞ്ഞപ്പോൾ മൽബിക്ക് സംഗതി കത്തി. കാർ വിൽക്കണമെന്നു പറഞ്ഞിരുന്നെങ്കിലും അത് ഇത്ര പെട്ടെന്ന് നടപ്പിലാകുമെന്ന് കരുതിയിതല്ല.
ചുകപ്പ് സിഗ്നൽ കട്ട് ചെയ്തതിന് 3000 റിയാൽ പിഴയടയ്ക്കുന്നതു സ്വപ്‌നം കണ്ടതിനു ശേഷം തുടങ്ങിയതായിരുന്നു കാർ വിൽക്കാനുള്ള ചിന്ത. പിന്നൊരിക്കൽ ഒരു ട്രാഫിക് പോലീസുകാരൻ ക്യാമറയുമായി കാറിനു നേരെ നടന്നു വന്നത് കൂടിയായപ്പോൾ തീരുമാനം യാഥാർഥ്യമായി.
പക്ഷേ, മിസിസ് മൽബിയുടെ വലിയ സ്വപ്‌നങ്ങൾ പഞ്ചറാക്കുന്നതായിരുന്നു ആ തീരുമാനം.
നാട്ടിൽനിന്ന് ഡ്രൈവിംഗ് ലൈസൻസുമായി വിമാനം കയറിയ മൽബി ഒരു തവണ ഫോർഡിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറിയത് ഇക്ക കണ്ടില്ലെങ്കിലും ഒരു ട്രാഫിക് പോലീസുകാരൻ കാണുകയും താക്കീത് ചെയ്യുകയുമുണ്ടായിട്ടുണ്ട്.
നട്ടുച്ചനേരത്ത് റോഡിൽ ആരുമുണ്ടാകില്ലെന്ന് കരുതിയാണ് മൽബി ചുമ്മാ ഒന്ന് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നത്. കാർ മുന്നോട്ടു നീക്കിയിട്ടൊന്നുമില്ല.
അപ്പോഴേക്കും ഒരു ട്രാഫിക് പോലീസുകാരൻ അവിടെ പ്രത്യക്ഷപ്പെടുകയായിരുന്നു.
അറബിയിൽ നൽകിയ താക്കീത് മേലിൽ ആവർത്തിക്കരുതെന്നാണെന്ന് മനസ്സിലാക്കി മൽബി വേഗം ഫഌറ്റിനകത്തേക്ക് കയറി.
ബാക്കി താക്കീത് മൽബു നൽകി.
എല്ലാവർക്കും വണ്ടി ഓടിക്കാൻ അനുമതിയായതോടെ ആ നല്ല ദിനത്തിനു വേണ്ടി മൽബി കാത്തിരിക്കുമ്പോഴാണ് മൽബു ഇങ്ങനെയൊരു കൊടുംചതി ചെയ്തിരിക്കുന്നത്.
പാർക്കിംഗും പിഴയും പേടിസ്വപ്‌നമായതുകൊണ്ടു തന്നെയാണോ അതോ മൽബിയെ പേടിച്ചാണോ ഫോർഡ് ഭാരം ഇറക്കി മൽബു ഇങ്ങനെ സുഖസുഷുപ്തി കൈവരിച്ചതെന്ന് ന്യായമായും സംശയിക്കാം.