Sorry, you need to enable JavaScript to visit this website.

രാഹുലിനെ ഔറംഗസേബാക്കി മോഡി; മണി ശങ്കര്‍ അയ്യരുമായി വാക് പോര്

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ ആരോഹണത്തെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലത്തോട് ഉപമിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കും കോണ്‍ഗ്രസിനുമെതിരെ പരിഹാസവുമായി പ്രധാനന്ത്രി നരേന്ദ്ര മോഡി.
കോണ്‍ഗ്രസിലെ ഔറംഗസേബ് രാജിനെ അഭിനന്ദിക്കുന്നുവെന്നാണ് രാഹുലിന്റെ പുതിയ പദവിയിലേക്കുള്ള വരവിനെ പരിഹസിച്ചു കൊണ്ട് മോഡി പ്രതികരിച്ചത്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരാണ് മുഗള്‍ രാജവംശത്തിന്റെ രീതിയോട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ ഉപമിച്ചതെന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
കോണ്‍ഗ്രസിന്റെ ഔറംഗസേബ് രാജിന് അഭിനന്ദനങ്ങള്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ ക്ഷേമമാണ് കാര്യം. 125 കോടി ഇന്ത്യക്കാരാണ് ഞങ്ങളുടെ ഹൈക്കമാന്‍ഡ്- മോഡി പറഞ്ഞു.

മുഗള്‍ ഭരണകാലത്ത് തെരഞ്ഞെടുപ്പ് നടന്നുവെന്നാണ് മിണശങ്കര്‍ അയ്യര്‍ പറഞ്ഞത്. ജഹാംഗീറിനു ശേഷം ഷാജഹാന്‍ വന്നു. അവിടെ തെരഞ്ഞെടുപ്പു നടന്നിരുന്നോ? ഷാജഹാനു ശേഷം ഔറംഗസേബ് അധികാരത്തിലെത്തുമെന്നാണ് കരുതിയിരുന്നത്. തങ്ങള്‍ ഒരു കുടുംബ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് സമ്മതിക്കുകയാണോ? ഞങ്ങള്‍ക്ക് ഈ ഔറംഗസേബ് ഭരണം ആവശ്യമില്ല- മോഡി പറഞ്ഞു.
തന്റെ വാക്കുകള്‍ വളച്ചൊടിച്ച മോഡിക്കെതിരെ മണിശങ്കര്‍ അയ്യരും രംഗത്തെത്തി. ഔറംഗസേബിന്റെ കാലമല്ല ഇതെന്നും കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് പാര്‍ട്ടിയിലെ ഏതൊരാള്‍ക്കും മത്സരിക്കാമെന്നും അയ്യര്‍ തിരിച്ചടിച്ചു. ഇരുവരേയും താരതമ്യപ്പെടുത്തരുത്. മുഗള്‍ ഭരണകാലത്ത് ജഹാംഗീറിനു ശേഷം ഷാജഹാന്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഇവിടെ രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍ക്കും മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതു തീര്‍ത്തും ജനാധിപത്യപരമായി പ്രക്രിയയാണ്- അയ്യര്‍ വ്യക്തമാക്കി.

രാഹുലിനെതിരെ വിമത ശബ്ദമുയര്‍ത്തിയ മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഷെഹ്‌സാദ് പൂനവാലയെ കുറിച്ച് പ്രതികരിക്കവെയാണ് നേരത്തെ അയ്യര്‍ ഔറംഗസേബിനെ പരാമര്‍ശിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെതിരെ നേരത്തെ പുനവാല രംഗത്തു വന്നിരുന്നു. മുഗള്‍ ഭരണ കാലത്ത് തെരഞ്ഞെടുപ്പിലൂടെയല്ല അധികാരം കൈമാറ്റം ചെയ്യപ്പെട്ടതെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പിലൂടെയാണ് അധ്യക്ഷ പദവി നല്‍കുന്നതെന്നുമായിരുന്നു അയ്യരുടെ പ്രതികരണം. മത്സരിക്കാന്‍ പത്രിക നല്‍കാന്‍ അയ്യര്‍ പുനവാലയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

 

Latest News