ചണ്ഡീഗഢ്- കോവിഡിന്റെ രണ്ടാംതരംഗ ഭീതിയിൽ നാല് ജില്ലകളിൽകൂടി രാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. രാത്രി 11 തൊട്ട് രാവിലെ 5 മണിവരെയാണ് നിരോധനാജ്ഞ. ഇതോടെ കർശന നിയന്ത്രണങ്ങൾ നിലവിൽ വന്ന ജില്ലകളുടെ എണ്ണം എട്ടായി. സംസ്ഥാനത്ത് സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ലുധിയാന, പാട്യാല, മോഹാലി, ഫത്തേഗഢ് സാഹിബ്, ജലന്ധർ, നവൻഷഹർ, കപൂർത്തല, ഹോഷിയാർപൂർ എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നിരിക്കുന്നത്.
അതെസമയം സ്കൂളുകളിൽ അധ്യാപകർ സ്ഥിരമായി വന്നിരിക്കണം. അധ്യാപകരിൽ നിന്ന് എന്തെങ്കിലും സംശയനിവൃത്തിയുടെ ആവശ്യമുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് അതിനു വേണ്ടി മാത്രമായി വരാം. സ്കൂളുകളിലെ അവസാനവർഷ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വിജയ് ഇന്ദർ സിംഗ്ല പറഞ്ഞു. ഇതിനുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ അധികം താമസിക്കാതെ പുറത്തിറക്കും.