തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെന്നും രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് രോഗികൾ കേരളത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഐസിഎംആർ പഠനം ഇത് വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നുണ്ട്. ഏകദേശം 5.8 ശതമാനം കുറവ് ഒരാഴ്ചക്കിടെ ഉണ്ടായെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ച് സമഗ്രമായ ചിത്രം ലഭിക്കാൻ ഐസിഎംആർ പഠനം സഹായിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറഞ്ഞ തോതിലാണ് കേരളത്തിലുണ്ടായത്. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ മുൻപത്തെ അപേക്ഷിച്ച് കൂടി. നിയന്ത്രണത്തിലുണ്ടായ ഇളവുകൾ അതിന് കാരണമായി കാണും. വ്യക്തിപരവും സാമൂഹികവുമായ സുരക്ഷയെ മുൻനിർത്തിയുള്ള ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കണം.
രോഗപ്രതിരോധത്തിന്റെ പ്രധാന മാർഗം വാക്സീനേഷനാണ്. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും അത് സ്വീകരിക്കാൻ സന്നദ്ധരാകണം. അനാവശ്യ ആശങ്ക ഇക്കാര്യത്തിൽ വേണ്ട. വാക്സിനേഷൻ എല്ലാവർക്കും വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.