ന്യൂദല്‍ഹി- യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയും നികിത ജേക്കബ്, ശാന്തനു എന്നിവര്‍ ചേര്‍ന്നാണ് കര്‍ഷക സരമവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് നിര്‍മിച്ചതെന്നും തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തുവെന്നും ദല്‍ഹി പോലീസ്. ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പായ പി.എഫ്.ജെ സംഘടിപ്പിച്ച സൂം മീറ്റിംഗില്‍ നികിതയും ശാന്തനവും പങ്കെടുത്തിരുന്നു. ടൂള്‍കിറ്റ് പ്രചരിപ്പിക്കുന്നതിന് ദിശ ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പ് പിന്നീട് ഡിലീറ്റ് ചെയ്തുവെന്നും ദല്‍ഹി പോലീസ് പറയുന്നു.
ബംഗളൂരുവില്‍ അമ്മയുടെയും പ്രദേശത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടേയും സാന്നിധ്യത്തിലാണ് ദിശയെ അറസ്റ്റ് ചെയ്തതെന്നും എല്ലാ നടപടികളും കൃത്യമായി പാലിച്ചിട്ടുമ്‌ടെന്നും ദല്‍ഹി പോലീസ് അവകാശപ്പെട്ടു. ദിശ രവി ടൂള്‍കിറ്റ് ടെലഗ്രാം ആപ്പിലൂടെയാണ് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്ത ഗ്രേറ്റ തുന്‍ബര്‍ഗിന് അയച്ചതെന്നും ദല്‍ഹി പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.
കര്‍ഷക സമരത്തെ അനുകലിച്ചു കൊണ്ടുള്ള ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള ദിശയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പോലീസിന്റെ വാര്‍ത്താ സമ്മേളനം.