Sorry, you need to enable JavaScript to visit this website.

ഗ്രെറ്റ ടൂള്‍ കിറ്റ്: ദിഷ രവി പോലീസ് കസ്റ്റഡിയില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞ് ദിഷ

ന്യൂദല്‍ഹി- കര്‍ഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് പങ്ക് വെച്ച ടൂള്‍കിറ്റുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ബാംഗളൂരുവില്‍നിന്ന് അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ഥിനിയുമായ ദിഷ രവിയെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഖാലിസ്ഥാനി വാദികളുടെ ഗൂഢാലോചനയുടെ ഭാഗമായ ടൂള്‍കിറ്റില്‍ 22കാരിയായ ദിഷ മാറ്റം വരുത്തി പ്രചരിപ്പിച്ചു എന്നാണ് പോലീസിന്റെ ആരോപണം. ബാംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത ദിഷയെ ഇന്നലെ ദല്‍ഹി  പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കോടതിയില്‍ അവര്‍ പൊട്ടിക്കരഞ്ഞു.
ഗൂഗിള്‍ ഡോക്യുമെന്റ് ടൂള്‍കിറ്റ് എഡിറ്റ് ചെയ്തവരില്‍ പ്രധാനിയാണ് ദിഷ രവി എന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ടൂള്‍കിറ്റിന്റെ പിന്നില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കര്‍ഷക സമരത്തെ പിന്‍തുണയ്ക്കുക മാത്രമായിരുന്നെന്നും ദിഷ രവി കോടതിയില്‍ പറഞ്ഞു.

ടൂള്‍കിറ്റിന്റെ ഭാഗമായ രേഖയില്‍ ഫെബ്രുവരി മൂന്നിന് രണ്ട് വരി എഡിറ്റ് ചെയ്തിട്ടുണ്ടെന്നും ദിഷ വ്യക്തമാക്കി. ടൂള്‍കിറ്റുമായി ബന്ധപ്പെട്ട് ദിഷ രവിയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് ദല്‍ഹി പോലീസ് അഡീഷണല്‍ പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞത്. ടൂള്‍കിറ്റ് രൂപീകരണത്തിനായി ദിഷ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും ഇത് തയാറാക്കിയവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നുമാണ് ദല്‍ഹി പോലീസ് ആരോപിക്കുന്നത്.
പോയറ്റിക് ജസ്റ്റീസ് എന്ന ഖാലിസ്ഥാനി സംഘടനയിലും ഭീകരനായ ഗുര്‍പത്‌വന്ത് സിംഗ് പന്നു എന്നയാളുമായും ദിഷ രവിക്ക് ബന്ധം ഉണ്ടെന്നും പോലീസ് പറയുന്നു. ആയിരക്കണക്കിന് ആളുകള്‍ ഉള്‍പ്പടെ ഈ ഗൂഢാലോചനയില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഗ്രേറ്റ തുന്‍ബെര്‍ഗ് പങ്ക് വെച്ച ടൂള്‍കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി ഗ്രൂപ്പുകളാണെന്നാണ് ദല്‍ഹി പോലീസ് പറയുന്നത്. ബാംഗളുരു മൗണ്ട് കാര്‍മല്‍ കോളജ് വിദ്യാര്‍ഥിയായ ദിഷ രവിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പോലീസ് ദല്‍ഹിയില്‍ എത്തിച്ചു കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

 

Latest News