Sorry, you need to enable JavaScript to visit this website.

കൽപറ്റയിൽ മുല്ലപ്പള്ളി അല്ലെങ്കിൽ ആര്? ചർച്ച മുറുകുന്നു

കൽപറ്റ- മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനു പെരുമ്പറ മുഴങ്ങുമ്പോൾ വയനാട്ടിൽ കൽപറ്റ നിയോജകമണ്ഡലത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ ചർച്ചകൾക്കു മുറുക്കം. മണ്ഡലത്തിൽ ഇടതും വലതും മുന്നണികൾക്കായി അങ്കത്തട്ടിലിറങ്ങുന്നതു ആരെല്ലാം എന്നതിനെചൊല്ലിയാണ് ചർച്ചകൾ. 
കൽപറ്റ മണ്ഡലം ആഴ്ചകൾ മുമ്പേ സംസ്ഥാന രാഷ്ട്രീയരംഗത്തു ശ്രദ്ധാകേന്ദ്രമായിരുന്നു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപറ്റയിൽ ജനവിധി തേടാനെത്തുന്നു എന്ന പ്രചാരണമാണ് ഇതിനു കാരണമായത്. മുല്ലപ്പള്ളി കൽപറ്റയിലേക്ക് എന്ന വാർത്തയ്ക്കു പിന്നാലെ എതിർപ്പിന്റെ സ്വരം ഉയർത്തി മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് രംഗത്തുവന്നു. കൽപറ്റയിൽ മത്സരിക്കാൻ യോഗ്യതയുള്ളവർ മണ്ഡലത്തിലുണ്ടെന്നും മുല്ലപ്പള്ളി സ്ഥാനാർഥിയാകുന്നതു അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ലീഗ് നേതാവിന്റെ നിലപാട്. കൽപറ്റ മണ്ഡലം യു.ഡി.എഫ് മുസ്‌ലിം ലീഗിനു നൽകണമെന്ന ആവശ്യം ഉന്നയിക്കാനും അദ്ദേഹം മടിച്ചില്ല. ഇതും മാധ്യമങ്ങളിൽ അപ്രധാനമല്ലാത്ത വാർത്തയായി.  
കൽപറ്റയിൽ മത്സരിക്കുമെന്ന പ്രചാരണം മാധ്യമസൃഷ്ടി മാത്രമാണെന്നു മുല്ലപ്പള്ളി അടുത്തിടെ തിരുത്തി. ഇതോടെ മണ്ഡലവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു വർത്തമാനങ്ങൾക്കു കൂടുതൽ നിറമായി. കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് യു.ഡി.എഫിനുവേണ്ടി കളത്തിലിറങ്ങുക എന്നതു വ്യക്തമായിരിക്കെ സ്ഥാനാർഥി ജില്ലയ്ക്കു അകത്തുനിന്നോ പുറത്തുനിന്നോ എന്ന ചോദ്യം പലരുടെയും ചുണ്ടിൽ തത്തിക്കളിക്കുകയാണ്. 
കൽപറ്റയിൽ ഒരുകൈ നോക്കാൻ അവസരം പ്രതീക്ഷിക്കുന്ന കോൺഗ്രസ് നേതാക്കൾ ജില്ലയിൽത്തന്നെ വിരലിൽ എണ്ണാവുന്നതിലും അധികമുണ്ട്. ബത്തേരി എം.എൽ.എയും വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, ബത്തേരി എം.എൽ.എയും മലയോര വികസന ഏജൻസി വൈസ് ചെയർമാനുമായിരുന്ന യു.ഡി.എഫ് ജില്ലാ കൺവീനർ എൻ.ഡി. അപ്പച്ചൻ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും ഡി.സി.സി മുൻ പ്രസിഡന്റുമായ പി.വി. ബാലചന്ദ്രൻ, കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.പി. ആലി, കെ.പി.സി.സി മെംബറും ഡി.സി.സി മുൻ പ്രസിഡന്റുമായ കെ.എൽ. പൗലോസ്, കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ. അനിൽകുമാർ, ഡി.സി.സി മുൻ സെക്രട്ടറി ഗോകുൽദാസ് കോട്ടയിൽ. ഇങ്ങനെ നീളുകയാണ് ജില്ലയിൽ സ്ഥാനാർഥിത്വം ആഗ്രഹിക്കുന്നവരുടെ നിര. ഇവരിൽ പലരും ടിക്കറ്റിനു പാർട്ടിയിലെ ഗ്രൂപ്പ് നേതാക്കളിൽ സമ്മർദം ചെലുത്തിവരികയുമാണ്. ജില്ലയ്ക്കു പുറമേനിന്നുള്ളയാൾ കൽപറ്റയിൽ മത്സരത്തിനെത്തുമോ എന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്. കെ.പി.സി.സി വൈസ് ചെയർമാൻ ടി. സിദ്ദിഖിന്റേതാണ് കൽപറ്റയിൽ ജനവിധി തേടാൻ സാധ്യതയുള്ള ജില്ലയ്ക്കു പുറമേനിന്നുള്ള കോൺഗ്രസ് നേതാക്കളുടെ പേരുകളിൽ പ്രധാനം. സ്ഥാനാർഥി ആരാണെങ്കിലും ജില്ലയിൽനിന്നുള്ള ആളാകണമെന്ന വികാരമാണ് യു.ഡി.എഫ് പ്രവർത്തകരിൽ പൊതുവെ. ലോക്‌സഭയിൽ എ.ഐ.സി.സി മുൻ അധ്യക്ഷൻ രാഹുൽഗാന്ധി എം.പി പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമെന്ന പ്രത്യേകതയും ജില്ലയിലെ ഏക ജനറൽ മണ്ഡലമായ കൽപറ്റയ്ക്കുണ്ട്. 
മണ്ഡലവുമായി ബന്ധപ്പെട്ട ചർച്ച ഇടതുമുന്നണി പ്രവർത്തകരിലും സജീവമാണ്. സി.പി.എം സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രനാണ് സിറ്റിംഗ് എം.എൽ.എ. വീണ്ടും അദ്ദേഹം മത്സരത്തിനിറങ്ങുമോ എന്നതിൽ വ്യക്തയില്ല. രാജ്യസഭാഗം എം.വി. ശ്രേയാംസ്‌കുമാർ നയിക്കുന്ന എൽ.ജെ.ഡി ഇപ്പോൾ എൽ.ഡ.എഫിന്റെ ഭാഗമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു യു.ഡിഎഫിലായിരുന്ന ശ്രേയാംസ്‌കുമാറിനെ വീഴ്ത്തിയാണ് ശശീന്ദ്രൻ നിയമസഭയിലെത്തിയത്. കൽപറ്റ സീറ്റ് ഇടതുമുന്നണി എൽ.ജെ.ഡിക്കു അനുവദിക്കാനുള്ള സാധ്യത ജില്ലയിലെ സി.പി.എം നേതാക്കൾ തള്ളുന്നില്ല. എം.വി. ശ്രേയാംസ്‌കുമാർ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയാകുമെന്നു കരുതുന്നവരും കുറവല്ല. മണ്ഡലം ഇടതുമുന്നണി എൽ.ജെ.ഡിക്കു നൽകിയാൽ സി.കെ. ശശീന്ദ്രൻ ഇക്കുറി മത്സരരംഗത്തു ഉണ്ടാകില്ല. 
കൽപറ്റയിൽ പാട്ടുംപാടി ജയിക്കാമെന്ന ചിന്ത എൽ.ഡി.എഫിനും യു.ഡി.എഫിനും ഇല്ല. 2011 ലെ തെരഞ്ഞെടുപ്പിൽ എസ.്‌ജെ.ഡി ടിക്കറ്റിൽ മത്സരിച്ച ശ്രേയാംസ്‌കുമാർ 18,169 വോട്ടിനു സി.പി.എമ്മിലെ പി.എ. മുഹമ്മദിനെ മുട്ടുകുത്തിച്ച മണ്ഡലമാണ് കൽപറ്റ. ഇതേ മണ്ഡലത്തിലാണ് 2016 ൽ സി.കെ. ശശീന്ദ്രൻ 13,083 വോട്ടിനു ശ്രേയാംസ്‌കുമാറിനെ വീഴ്ത്തിയത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുൽ കൽപറ്റ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽഗാന്ധിക്കു 1,01,229 വോട്ടാണ് ലഭിച്ചത്. 37,475 വോട്ടാണ് എൽ.ഡി.എഫിനു നേടാനായത്. 
മണ്ഡലത്തിൽ ഉൾപ്പെടുന്ന കൽപറ്റ നഗരസഭയും മുട്ടിൽ, കോട്ടത്തറ, തരിയോട്, മൂപ്പൈനാട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മേപ്പാടി പഞ്ചായത്തുകളും നിലവിൽ യു.ഡി.എഫ് ഭരണത്തിലാണ്. പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകൾ എൽ.ഡി.എഫാണ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലുമായി 73,086 വോട്ടാണ് യു.ഡി.എഫിനു ലഭിച്ചത്. എൽ.ഡി.എഫ് 68,481 വോട്ടുപിടിച്ചു. 14,601 വോട്ടാണ് എൻ.ഡി.എ നേടിയത്. 

Latest News