സൗദിയിലേക്കുള്ള യാത്ര തടസ്സപ്പെട്ടതിനെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയിരിക്കുന്ന മലയാളികളുടെ കാര്യത്തില്‍ കാര്യമായി ഇടപെടാതെ പതിവു പോലെ പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടിലേക്ക് തട്ടി സംസ്ഥാന സര്‍ക്കാര്‍. വിദേശ രാജ്യമായതിനാല്‍ സംസ്ഥാനത്തിന് ഇടപെടാന്‍ പിരിമിതിയുണ്ടെന്ന പതിവ് പല്ലവിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
വിമാന സര്‍വീസ് എന്നു പുനരാരംഭിക്കുമെന്നു പോലും അറിയാതെ തികഞ്ഞ അനിശ്ചിതത്വത്തിലാണ് ഇവിടെ എത്തിപ്പെട്ട നൂറുകണക്കിനു മലയാളികള്‍ കഴിയുന്നത്. സൗദി യാത്രാ പാക്കേജിന്റെ ഭാഗമായി 14 ദിവസത്തെ താമസ സൗകര്യമാണ് ട്രാവല്‍ ഏജന്‍സികള്‍ ഏര്‍പ്പാടാക്കിയിരുന്നത്. യു.എ.ഇയിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ ഇവര്‍ പുതിയ താമസ സൗകര്യം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. താമസ സൗകര്യം ലഭിച്ചാലും അത് എത്ര ദിവസത്തേക്ക് എന്ന ചോദ്യം ഉയരുന്നുണ്ട്. സൗദി അറേബ്യ ഏര്‍പ്പെടുത്തിയ ആദ്യത്തെ വിലക്കില്‍ യു.എ.ഇയില്‍ എത്തിപ്പെട്ട മലയാളികള്‍ക്ക് സന്നദ്ധ സംഘടനകളാണ് താമസ സൗകര്യം നല്‍കിയിരുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ താമസിച്ച പലര്‍ക്കും കോവിഡ് പിടിപെടുകയും യാത്ര നീളുകയും ചെയ്തിരുന്നു.
ദുബായില്‍ കുടുങ്ങിയ സൗദി മലയാളികള്‍: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായം തേടി
ദുബായില്‍ കുടുങ്ങിയവരുടെ സൗദി യാത്രക്ക് അനുമതി തേടുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന കേരളം ഉന്നയിക്കുന്ന ആവശ്യത്തില്‍ കാര്യമുണ്ടെങ്കിലും താമസ സൗകര്യവും ഭക്ഷണവും ഏര്‍പ്പെടുത്തണമെന്നും കേന്ദ്രത്തോട് തന്നെ ആവശ്യപ്പെട്ട് കാത്തിരിക്കുകയാണ് സംസ്ഥാന അധികൃതര്‍. അനിശ്ചിതത്വം നീളുകയാണെങ്കില്‍ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുളള സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്. യു.എ.ഇയില്‍ കുടുങ്ങിയവര്‍ക്ക് മാത്രമായി സൗദി അറേബ്യ വിമാന യാത്രാ അനുമതി നല്‍കാന്‍ നിലവില്‍ സാധ്യതയില്ല. സാധാരണ സര്‍വീസില്ലെങ്കിലും എയര്‍ ബബ്ള്‍ കരാറിന്റെ അടിസ്ഥാനത്തില്‍ പരിമിത സര്‍വീസ് ആരംഭിക്കുന്നതിന് ഇന്ത്യന്‍ എംബസി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന്് സൗദിയിലേക്ക് മടങ്ങാനാവാതെ മാസങ്ങളോളം നാട്ടില്‍ ചെലവഴിച്ചവരാണ് ഇഖാമ കാലാവധി തീരുന്നതിനു മുമ്പെങ്കിലും ജോലിസ്ഥലത്ത് എത്താന്‍ വേണ്ടി യു.എ.ഇ വഴിയുള്ള യാത്ര തെരഞ്ഞെടുത്തത്. പലരും കടം വാങ്ങിയാണ് ട്രാവല്‍ ഏജന്‍സികളുടെ പാക്കേജിന് പണം കണ്ടെത്തിയത്.
സൗദി അറേബ്യ ആദ്യത്തെ യാത്രാ വിലക്കിന് നിശ്ചിത സമയം പറഞ്ഞിരുന്നുവെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഇത് അനിശ്ചിതമായി നീണ്ടു പോകാനാണ് സാധ്യത. നിലവില്‍ പല ജി.സി.സി രാജ്യങ്ങളും വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്.
ഈ സാഹചര്യത്തില്‍ കേന്ദ്ര സഹായത്തിനും സന്നദ്ധ സംഘടനകളുടെ ഇടപെടലിനും കാത്തുനില്‍ക്കാതെ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ടത്.