റിയാദ് - സൗദി ഐ.ഡികൾ ഉപയോഗിച്ച് പ്രശസ്തമായ ഓൺലൈൻ ടാക്‌സി ആപ്പിനു കീഴിൽ ജോലി ചെയ്ത വിദേശികളെ റിയാദ് പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ പരിശോധനാ സംഘങ്ങൾ പിടികൂടി. പൊതുഗതാഗത അതോറിറ്റിയുമായി സഹകരിച്ച് ഈ ഐ.ഡികൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ബ്ലോക്ക് ചെയ്തു. ഹൗസ് ഡ്രൈവർ, ഇടയൻ പ്രൊഫഷനുകളിലുള്ള വിസകളിൽ രാജ്യത്തെത്തി ഫാക്ടറിയിൽ ജോലിയിൽ പ്രവേശിച്ച ഏതാനും വിദേശികളെയും റിയാദ് പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ പരിശോധനകർ പിടികൂടി. സ്‌പോൺസർ മാറി ജോലി ചെയ്തവരും പരിശോധനക്കിടെ പിടിയിലായി.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് 1,400 ലേറെ സ്ഥാപനങ്ങളിൽ റിയാദ് പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി. ഇതിനിടെ 125 നിയമ ലംഘനങ്ങൾ കണ്ടെത്തി. റെന്റ് എ കാർ സ്ഥാപനങ്ങൾ, ചരക്ക് ഗതാഗതം, ഓൺലൈൻ ടാക്‌സി, വിദേശ നമ്പർ പ്ലേറ്റുകളുള്ള ട്രക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങി ഏതാനും പ്രവർത്തന മേഖലകളിൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനകൾ നടത്തി. ഓൺലൈൻ ടാക്‌സി കമ്പനികളിൽ വിദേശികൾ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കിയ മേഖലയാണിത്.