ന്യൂദൽഹി-പ്രവാസി കുടിയേറ്റവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളിൽ കേന്ദ്രസർക്കാരിനെ ഉപദേശിക്കുന്ന വിദഗ്ധ സമിതിയായ (ഇന്ത്യ സെന്‍റർ ഫോർ മൈഗ്രേഷന്‍) ഗവേണിംഗ് കൗൺസിൽ അംഗമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയെ നിയമിച്ചു.
വിദേശത്ത് തൊഴിൽ അന്വേഷകരായി പോകുന്ന പ്രവാസികളെ സംബന്ധിച്ച നയപരമായ കാര്യങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തെ സഹായിക്കുന്ന സമിതിയാണ് ഐ.സി.എം.
തൊഴിൽ മേഖലയിലെ രാജ്യത്തെ മാനവവിഭവ ശേഷി അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാക്കുക, വിദേശ രാജ്യങ്ങളിലെ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാർഗനിർദ്ദേശങ്ങൾ നൽകുക, തികഞ്ഞ യോഗ്യരും നൈപുണ്യ പരിശീലനം ലഭിച്ചവരുമായ തൊഴിൽ സമൂഹം ഏറെ ഉള്ള രാജ്യമായി ഇന്ത്യയെ ഉയർത്തി കാട്ടുക, വിദേശരാജ്യങ്ങളിലെ ഇന്ത്യൻ തൊഴിൽ സമൂഹത്തിനാവശ്യമായ ക്ഷേമപദ്ധതികൾ തയാറാക്കുക തുടങ്ങിയവയാണ് ഐ.സി.എമ്മിന്റെ ചുമതലകൾ.
വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ കേന്ദ്ര സാമ്പത്തിക മന്ത്രാലയം സെക്രട്ടറി, തൊഴിൽ മന്ത്രാലയം സെക്രട്ടറി, ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം സെക്രട്ടറി എന്നിവരും അംഗങ്ങളാണ്.