പ്രഭാത സവാരിക്കിടയിൽ ആരോടും പറയാതെ മൊയ്തു ദോശ തിന്നാനായി മെസ്സിലേക്ക് മടങ്ങിയതും ഇഖാമയില്ലാത്തതിനാൽ പിടിയിലായോ എന്നു മൽബു ഭയപ്പെട്ടതും വാക്കിംഗ് ഗ്രൂപ്പിൽ വലിയ ചിരിക്ക് വക നൽകി.
കലോറി കുറയ്ക്കാനാണ് നടക്കുന്നതെങ്കിലും അതു വർധിപ്പിക്കാൻ പോകുമ്പോൾ പറഞ്ഞിട്ട് പോകണമെന്നും മനുഷ്യർക്ക് ആധി കൂട്ടരുതെന്നും മൽബു.
തിന്നുനടക്കുന്നതും തിന്നാതെ നടക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് വിശദീകരിച്ചു കൊണ്ടായിരുന്നു അതിന് മൊയ്തുവിന്റെ മറുപടി.
ദോശ തിന്നുകയാണെങ്കിൽ അതു ചൂടോടെ തിന്നണമെന്നും മൊയ്തു സമർഥിച്ചു. അടുപ്പത്തുനിന്നു തന്നെ ദോശ കിട്ടാൻ ഉമ്മയോട് തല്ലുകൂടിയ ചെറുപ്പ കാലം കൂടി ഓർമിച്ചതോടെ മൊയ്തു പെട്ടെന്ന് സങ്കടത്തിലേക്ക് വഴുതി.
തമാശകൾ കേട്ട് കൂട്ടച്ചിരി ഉയരുന്ന വാക്കിംഗ് ക്ലബ് പലപ്പോഴും ലാഫിംഗ് ക്ലബായി മാറുക പതിവാണെങ്കിലും മരണ വീടുപോലെ എല്ലാവരും നിശ്ശബ്ദരാകുന്ന സന്ദർഭവും ഉണ്ടാകാറുണ്ട്. മൊയ്തുവിനെ പോലെ ആരെങ്കിലും സെന്റിയടിക്കുമ്പോഴാണ് അത്.
മൊയ്തുവിന്റെ ഉമ്മ ഇന്നില്ല. അവധിക്കാലം കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തി ഒന്നര വർഷം കഴിഞ്ഞിരുന്നെങ്കിലും യഥാസമയം റീ എൻട്രി കിട്ടാത്തതിനാൽ മൊയ്തുവിനു പോകാൻ കഴിഞ്ഞിരുന്നില്ല.
അവസാനമായി ഉമ്മയെ ഒരു നോക്കു കാണാനുള്ള മോഹം കഫീൽ കരിച്ചുകളഞ്ഞു. ആ സങ്കടം ഇപ്പോഴും കൊണ്ടുനടക്കുകയാണ് മൊയ്തു.
ഫഌറ്റിൽവെച്ച് അമ്പതും അറുപതും വയസ്സായ സഹപ്രവാസികൾ ഉമ്മാ എന്നു വിളിച്ചു നാട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ ഭാഗ്യവാന്മാർ എന്നു പറയും മൊയ്തു. ആയുസ്സിന്റെ പുസ്തകം വെച്ചു നോക്കുമ്പോൾ ഇത് അപൂർവ ഭാഗ്യമാണെന്ന് ഓർമിപ്പിക്കുകയും ചെയ്യും.
ഉമ്മയെ കുറിച്ച് പറയുമ്പോൾ നൂറു നാക്കാണ് മൊയ്തുവിന്. ഉമ്മയെ എന്നും ഓർക്കാൻ ഫെയ്‌സ് ബുക്കിലൂടെ ഒരു കണ്ടുപിടിത്തവും നടത്തിയിട്ടുണ്ട് മൊയ്തു. അതു മറ്റൊന്നുമല്ല, മൊയ്തുവിന്റെ ഫെയ്‌സ് ബുക്ക് പ്രൊഫൈലിൽ പേര് മൊയ്തു ആമിന എന്നാണ്.
മൊയ്തു നീലങ്ങാടൻ എന്ന പേരിൽ ഉമ്മയുടെ വേർപാടിനു ശേഷമാണ് ഇങ്ങനെ ഒരു ഭേദഗതി വരുത്തിയത്.
അതിനു ശേഷം ആമിനയെന്നും ആമിനയുടെ സ്വന്തം മൊയ്തുവെന്നുമൊക്കെയാണ് കൂട്ടുകാർ വിളിക്കാറുള്ളത്. മൊയ്തു കുലുങ്ങില്ല.
അങ്ങനെ അഭിസംബോധന ചെയ്യുന്നതാണ് ഇഷ്ടമെന്നു വേണം കരുതാൻ.
ആമിനയെന്നു വിളിക്കുന്നവർക്കു മുന്നിൽ മൊയ്തു ഒരു ചെറു പ്രഭാഷണം നടത്തും. ആറു പുരുഷന്മാരെ ആമിന കൈകാര്യം ചെയ്ത വീരകഥകളായിരിക്കും അതിന്റെ ഉള്ളടക്കം. ആറു പുരുഷന്മാരെന്നു പറയുമ്പോൾ ഭർത്താവും അഞ്ചു മക്കളും.
പല തവണ കേട്ടതാണെങ്കിലും ആരും മൊയ്തുവിനെ നിരാശപ്പെടുത്തില്ല. പ്രവാസ ലോകത്ത് എത്തിയ ശേഷം തന്റെ തീരാനഷ്ടമെന്നു പറഞ്ഞു കൊണ്ട് അവതരിപ്പിക്കുമ്പോൾ എങ്ങനെ ആളുകൾ കേൾക്കാതിരിക്കും?
എല്ലാ പുരുഷന്മാരുടേയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടെന്ന് പറയുമ്പോൾ പലരുടേയും മനസ്സിലേക്ക് ഓടിയെത്തുക ഭാര്യയുടെ പേരാണ്. ഇത് പാശ്ചാത്യരുടെ സംഭാവനയാണെന്നാണ് മൊയ്തുവിന്റെ പക്ഷം. നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും മൊയ്തു പറയും:
എന്റെ വിജയത്തിനു പിന്നിൽ ഉമ്മ ആമിന മാത്രമാണ്.
കുടുംബം പോറ്റാനായി കടൽ കടന്ന് ദുബായിലെത്തിയ മൊയ്തുവിന്റെ ബാപ്പ നാടു മറന്നപ്പോൾ, ടി.വിക്കാരോടും പത്രക്കാരോടും കദന കഥ പറഞ്ഞു കരയുകയല്ല ആമിന ചെയ്തത്.
ദുബായിലുള്ള ബന്ധുവിനോട് പറഞ്ഞ് ഒരു വിസിറ്റ് വിസ സംഘടിപ്പിച്ച് വിമാനം കയറുകയായിരുന്നു.
അവിടെ ചെന്ന് ഭർത്താവിനെ വരച്ച വരയിൽ നിർത്തി മാസാമാസം കൃത്യമായി കാശയപ്പിച്ചാണ് ആമിന അഞ്ച് മക്കളേയും ഒത്ത പുരുഷന്മാരാക്കിയത്. ജീവിതത്തിൽ ആമിന നിർവഹിച്ച ഓരോ ദൗത്യവും മൊയ്തുവിന് വീരകഥകളാണ്. മറ്റൊരു മാതാവും ഇതു പോലെയുണ്ടാവില്ല.
ദോശ ചുടാൻ ഇരിക്കുമ്പോൾ ചുറ്റും കൂടുന്ന അഞ്ചെണ്ണത്തെ ഉമ്മ നേരിട്ട കാര്യത്തിൽ തുടങ്ങി മൊയ്തു കഥകൾ വിശദീകരിച്ചു കഴിയുമ്പോൾ ശ്രോതാക്കളുടെ മനസ്സിലും ആമിന കയറിക്കൂടിയിരിക്കും.