അല്‍ഉല, മദീന - അല്‍ ഉല പ്രഖ്യാപനം ജി.സി.സി രാഷ്ട്രങ്ങള്‍ തമ്മിലുളള ഐക്യവും സുരക്ഷയും ശക്തിപ്പെടുത്തുമെന്ന് സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
ഇറാന് ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളും ഇറാന്റെ നശീകരണ പദ്ധതികളും സൃഷ്ടിക്കുന്ന ഭീഷണികള്‍ അടക്കമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കാനും മേഖലയുടെ വളര്‍ച്ചക്കും ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമങ്ങള്‍ ഏകീകരിക്കേണ്ടതിന്റെ ആവശ്യം എന്നെത്തേക്കാള്‍ കൂടുതലായി വര്‍ധിച്ചിരിക്കുന്നു. മേഖലയില്‍ സുരക്ഷാ ഭദ്രതയും സമാധാനവും തകര്‍ക്കാനാണ് ഭീകര, വിഭാഗീയ പ്രവര്‍ത്തനങ്ങളിലൂടെ ഇറാനും ഇറാന്റെ ചട്ടുകങ്ങളും ലക്ഷ്യമിടുന്നത്. മേഖലാ, ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ ഇത്തരം പദ്ധതികള്‍ നിര്ത്തിവെപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടേണ്ട ഉത്തരവാദിത്തം ഗള്‍ഫ് സഹകരണ കൗണ്‍സിലിനാണെന്നും മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
ഗള്‍ഫ്, അറബ്, ഇസ്ലാമിക് രാജ്യങ്ങള്‍ തമ്മിലെ ഐക്യദാര്‍ഢ്യത്തിനും സ്ഥിരതക്കും, രാജ്യങ്ങളും ജനവിഭാഗങ്ങളും തമ്മിലുള്ള സൗഹൃദ, സാഹോദര്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും കരാറില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ബന്ധങ്ങളിലെ വിടവുകള്‍ നികത്തുന്നതിന് മുന്‍ കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് നേതൃത്വം നല്കി നടത്തിയ ശ്രമങ്ങളെയും നിലവിലെ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹ്മദ് ഇക്കാര്യത്തില്‍ തുടര്‍ന്ന ശ്രമങ്ങളെയും ഏറെ വിലമതിക്കുന്നു. ഇക്കാര്യത്തില്‍ അമേരിക്കയും ബന്ധപ്പെട്ട എല്ലാ കക്ഷികളും നടത്തിയ ശ്രമങ്ങളെ പ്രശംസിക്കുന്നു.