Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് നഗരസഭകളുടെ ഭരണം കൈപ്പിടിയിലാക്കി യു.ഡി.എഫ്

സത്യപ്രതിജ്ഞയ്ക്കുശേഷം ചെയർപേഴ്‌സനേയും വൈസ് ചെയർമാനേയും മറ്റ് കൗൺസിലർമാരേയും ഈരാറ്റുപേട്ട നഗരത്തിലൂടെ സ്വീകരിച്ചാനയിക്കുന്നു.


കോട്ടയം -  കോട്ടയത്ത് നഗരസഭകളുടെ ഭരണം കൈപ്പിടിയിലാക്കി യുഡിഎഫ്. കോട്ടയം ജില്ലയിലെ നഗരസഭകളിൽ ആറിൽ അഞ്ചിലും യുഡിഎഫ് ഭരണത്തിലെത്തി. പാല നഗരസഭ മാത്രമാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. കോട്ടയം നഗരസഭയിൽ  നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ചെയർപേഴ്‌സണായി ബിൻസി സെബാസ്റ്റ്യൻ വിജയിച്ചത്. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമുളള കോട്ടയത്ത് രണ്ടു തവണ വോട്ടെടുപ്പ് നടത്തിയപ്പോഴും തുല്യനിലയിലെത്തിയതിനാൽ നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. നറുക്കെടുപ്പിൽ ബിൻസിയെ ഭാഗ്യം തുണച്ചു. ഉച്ചയ്ക്കു ശേഷം നടന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബി. ഗോപകുമാർ വിജയിച്ചു. ഇതോടെ നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി.


പാല നഗരസഭാ അധ്യക്ഷനായി കേരള കോൺഗ്രസി(എം) ലെ ആന്റോ ജോസ് പടിഞ്ഞാറേക്കരയെ തെരഞ്ഞെടുത്തു. എൽഡിഎഫിന്റെ പാലായിലെ ആദ്യ ചെയർമാനാണ് ആന്റോ ജോസ്. നഗരസഭ പത്താം വാർഡിൽ നിന്നുമാണ് ആന്റോ ജയിച്ചത്.നഗരസഭ അധ്യക്ഷസ്ഥാനം ആദ്യത്തെ രണ്ടുവർഷം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനും അടുത്ത ഒരു വർഷം സി.പി.എമ്മിനും അവസാനത്തെ രണ്ടുവർഷം വീണ്ടും കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനുമെന്ന് തീരുമാനമായിരുന്നു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗമാണ് ആന്റോ ചെയർമാൻ സ്ഥാനത്തേക്കു നിർദ്ദേശിച്ചത്.


വൈക്കം നഗരസഭയിൽ യുഡിഎഫിന്റെ രേണുക രതീഷ് ചെയർപേഴ്‌സണായി.ആദ്യ റൗണ്ടിൽ സ്വതന്ത്ര അംഗങ്ങൾ വിട്ടുനിന്നു. യു ഡി എഫ് - 11, എൽ ഡി എഫ് - 9, ബിജെപി - 4 എന്നിങ്ങനെയായിരുന്നു ആദ്യ റൗണ്ടിൽ വോട്ട്. രണ്ടാം റൗണ്ട് മത്സരം നടന്നപ്പോഴും യുഡിഎഫ് - 11, എൽഡിഎഫ് - 9 എന്നിങ്ങനെയായിരുന്നു വോട്ടു നില. തുടർന്നാണ് രേണുകയെ വിജയിയായി പ്രഖ്യാപിച്ചത്. 


കോട്ടയം നഗരസഭാ ചെയർപേഴ്‌സണായ യു.ഡി എഫിലെ ബിൻസി സെബാസ്റ്റ്യൻ നഗരസഭയുടെ 52-ാം വാർഡിൽ നിന്നാണു വിജയിച്ചത്. 
യുഡിഎഫ് വിമതയായി മത്സരിച്ച ബിൻസിയെ ഡിസിസി നേതൃത്വം ഇടപെട്ടാണ് യുഡിഎഫിലേക്ക് തിരികെ കൊണ്ടുവന്നത്. അഞ്ചു വർഷം അധ്യക്ഷപദവി നൽകാമെന്ന ഉറപ്പാണ് ബിൻസിക്ക് നൽകിയത്. ഷീജ അനിലായിരുന്നു ഇടതുമുന്നണി സ്ഥാനാർഥി. ഇരുവർക്കും 22 വോട്ടു വീതം ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. 


ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്‌സൺ ആയി കോൺഗ്രസിലെ ലൗലി ജോർജ് തെരഞ്ഞെടുക്കപ്പെട്ടു.ലൗലിക്ക് 2 സ്വതന്ത്രരുടെ  ഉൾപ്പെടെ 15 വോട്ട്  ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥിക്ക് 13 വോട്ടു ലഭിച്ചു. നഗരസഭ ഉപാധ്യക്ഷനായി  കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ  കെ.ബി ജയമോഹൻ തെരഞ്ഞെടുക്കപ്പെട്ടു. 


ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്‌സൺ ആയി യുഡിഎഫിലെ സുഹറ അബ്ദുൽ ഖാദർ തെരഞ്ഞെടുക്കപ്പെട്ടു.  മുസ്‌ലിം ലീഗിന്റെ പ്രതിനിധിയാണ്‌സുഹ്‌റ. സുഹ്‌റ അബ്ദുൽഖാദറിന് 14 വോട്ടു ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥിയ്ക്ക് 8 വോട്ടുകൾ ലഭിച്ചു. 


എൽഡിഎഫിന് 9 അംഗങ്ങളാണെങ്കിലും ഒരു വോട്ട് അസാധുവായി മാറി. എസ്ഡിപിഐക്ക് അഞ്ചു വോട്ടു ലഭിച്ചു. കോൺഗ്രസിലെ മുഹമ്മദ് ഇല്യാസാണ് വൈസ് ചെയർമാൻ.
ചങ്ങനാശേരി നഗരസഭാ ഭരണവും യുഡിഎഫ് നേടി.മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് യുഡിഎഫ് ഭരണത്തിലെത്തിയത്.സ്വതന്ത്ര അംഗമായി വിജയിച്ച സന്ധ്യാ മനോജ് ആദ്യ ഒന്നര വർഷം ചെയർപേഴ്‌സണാകും.യു.ഡി.എഫ് വിമതനായി വിജയിച്ച ബെന്നി ജോസഫ് വൈസ് ചെയർമാനുമായി. കോട്ടയം നഗരസഭ വൈസ് ചെയർമാനായി കോൺഗ്രസിലെ ബി. ഗോപകുമാർ വിജയിച്ചു. കോട്ടയം നഗരസഭയിൽ കൊവിഡ് ബാധിതനായ സി.പി.എം അംഗം വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതോടെ നറുക്കെടുപ്പില്ലാതെ 21 നെതിരെ 22 വോട്ടിന് ബി. ഗോപകുമാർ വിജയിച്ചു.

കോവിഡ് ബാധിതനായ അംഗം രാവിലെ ചെയർമാൻ തെരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നു. ജില്ലയിലെ ആറു നഗരസഭകളിൽ അഞ്ചിലും അധികാരത്തിലെത്തിയതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ നേട്ടത്തിന്റെ വ്യക്തമായ ചിത്രം പുറത്തുവന്നതായി ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട എന്നീ നാലു നഗരസഭകളുടെ ഭരണം നിലനിർത്തുന്നതിനും, വൈക്കം നഗരസഭാ ഭരണം ഇടതുമുന്നണിയിൽ നിന്നും പിടിച്ചെടുക്കുന്നതിനും യു.ഡി.എഫിനു കഴിഞ്ഞു.

 

 

Latest News