മോണിംഗ് വാക്കിനിടയിൽ പൊടുന്നനെ മൊയ്തു അപ്രത്യക്ഷനായി. പ്രഭാത സവാരി എങ്ങനെ ആയിരിക്കണമെന്ന് നിശ്ചയമുള്ളവരായതിനാൽ വാക്കിംഗ് ക്ലബിലെ ആരും പൊതുവെ തിരിഞ്ഞുനോക്കാറില്ല. പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ എന്നിങ്ങനെ ശരീരത്തിൽനിന്ന് പുറത്തു ചാടിക്കേണ്ടവ വ്യത്യസ്തമാണെങ്കിലും ഓരോന്നിനും പ്രത്യേക തരത്തിലുള്ള നടത്തമില്ല.
ലെവിയടയ്ക്കാൻ പോകുന്നതു പോലെയാകരുത് മോണിംഗ് വാക്ക്. ബ്രോസ്റ്റ് കടയിൽ മറന്നുവെച്ച ഫോൺ എടുക്കാൻ പോകുന്നതു പോലെയോ ആരെയെങ്കിലും തല്ലാൻ പോകുന്നതു പോലെയോ വിനിമയ നിരക്ക് മാറുമോയെന്ന ഭയത്തോടെ നാട്ടിലേക്ക് പണമയക്കാൻ പോകുന്നതു പോലെയോ ആഞ്ഞുവലിഞ്ഞ് നടക്കണം.
ഇടയ്ക്ക് വെച്ച് മൽബു തിരിഞ്ഞുനോക്കിയപ്പോൾ മൊയ്തു ഷൂ കെട്ടുന്നത് കണ്ടിരുന്നു. പിന്നെ മിനിറ്റുകൾ കഴിഞ്ഞപ്പോഴാണ് കാണാതായത്.
പക്ഷേ, മറ്റുള്ളവർ ആകുലപ്പെടേണ്ട ഒന്നല്ല മൊയ്തുവിന്റെ തിരോധാനം. മൊയ്തു വാക്കിംഗ് ക്ലബിൽ ചേർന്ന മൂന്നാം ദിവസമുണ്ടായ ആ സംഭവം അറിയാവുന്നതുകൊണ്ട് ഒരു ടെൻഷന്റേയും ആവശ്യമില്ല.
വാക്കിംഗ് ക്ലബ് എന്നുവെച്ചാൽ ഭാരവാഹികളും അഴിമതി ആരോപണങ്ങളും പൊങ്ങച്ചവും ഈഗോയും ചേരുവകളായുള്ള സാധാരണ പ്രവാസി കൂട്ടായ്മയൊന്നുമല്ല. അതുകൊണ്ടു തന്നെ വാട്ട്‌സാപ്പിൽ പരസ്പരമുള്ള ആക്ഷേപമോ തെറിവിളിയോ കേൾക്കേണ്ട സാഹചര്യവുമില്ല, ശാന്തം.
ഒരാൾ തുടങ്ങി, പിന്നെ പലവിധ ഹെൽത്ത് പ്രോബ്ലംസുള്ളവർ കൂടിച്ചേർന്ന് പ്രഭാത സവാരിക്കുളള ഒരു കൂട്ടായ്മയായി മാറി എന്നു മാത്രം.
കൊളസ്‌ട്രോൾ ഒഴുക്കിക്കളയാനുള്ള വ്യഗ്രതയിൽ സ്വന്തം കാര്യം മാത്രം ചിന്തിച്ച് ചീറിപ്പാഞ്ഞു നടക്കുന്നവരുണ്ട്. മതിലുകളോ പോസ്റ്റുകളോ ഉന്തിത്തള്ളിയിടാൻ അവർ നടത്തുന്ന ശ്രമങ്ങൾ കണ്ടാൽ ഓർക്കേണ്ടത് ലാബുകൾ പലവിധത്തിൽ നൽകാറുള്ള കൊളസ്‌ട്രോളിന്റേയും ഷുഗറിന്റേയും അളവാണ്.
പ്രവാസികളെ അതിരാവിലെ മൈതാനത്തോ ഫുട്പാത്തിലോ എത്തിക്കുന്ന ജീവിത ശൈലി രോഗങ്ങളൊന്നുമില്ലാത്തതിനാൽ പുലർകാലത്തുള്ള ദീർഘ സുഷുപ്തിയിലാണ് കുറേക്കാലം മൊയ്തു ആനന്ദം കണ്ടെത്തിയിരുന്നത്.
അങ്ങനെയിരിക്കേയാണ് മൊയ്തുവിൽ കൊളസ്‌ട്രോൾ മഹാത്ഭുതം സംഭവിച്ചത്. ബാച്ചിലർ ഫഌറ്റിലെ അന്തേവാസികളിൽ ആർക്കും അതു വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം ആളുകൾ കൊളസ്‌ട്രോൾ, രക്തസമ്മർദം, പ്രമേഹം തുടങ്ങിയ പ്രവാസി ജീവിത ശൈലി രോഗങ്ങൾ പ്രതീക്ഷിച്ചിരുന്നത് മെസ്സിൽ വാരിവലിച്ചു വിഴുങ്ങുന്ന ഹൈദ്രോസിലായിരുന്നു.
ബീഫില്ലാതെ ഒരുരുള പോലും അകത്ത് പോകാത്ത ആ പഹയന് ഒരു അസുഖവുമില്ല. ഇതിപ്പോൾ ദോശയൊഴിച്ച് മറ്റെല്ലാ ഭക്ഷണങ്ങളും കുറച്ചു മാത്രം കഴിക്കുകയും അതിലൂടെ ലാഭിക്കുന്ന സമയം ടി.വിക്കു മുന്നിൽ ചെലവഴിക്കുകയും ചെയ്യുന്ന മൊയ്തുവിനാണ് കൊളസ്‌ട്രോൾ കിട്ടിയിരിക്കുന്നത്.
ദോശ അധികം കഴിക്കുന്നതു കൊണ്ടാകുമോ കൊളസ്‌ട്രോൾ കൂടിയത്: മൊയ്തു സംശയം പ്രകടിപ്പിച്ചു. അതിനു സാധ്യതയുണ്ടെന്നും കൊളസ്‌ട്രോൾ ഫ്രീ എണ്ണയാണല്ലോ ഉപയോഗിക്കുന്നതെന്നും മൽബു. അതായത് ഈ എണ്ണ കൊണ്ട് ചുട്ട ദോശ കഴിച്ചാൽ ഫ്രീയായി ശരീരത്തിൽ കൊളസ്‌ട്രോൾ ലഭിക്കും.
തമാശ മാത്രമല്ല, പരിഹാരം നിർദേശിക്കാനും മൽബുവിനറിയാം. അങ്ങനെയാണ് മൊയ്തുവിനോട് മോണിംഗ് വാക്ക് നിർദേശിച്ചത്. ഗുളികയൊക്കെ പിന്നെ കഴിച്ചാൽ മതി. ആദ്യം നടത്തം ട്രൈ ചെയ്യണം. എത്രയോ ആളുകൾ നടന്നുനടന്ന് കൊളസ്‌ട്രോൾ ഒഴുക്കിയിട്ടുണ്ട്. ഫുട്പാത്തിൽ കാണുന്ന വെള്ളത്തിന്റെ പാടുകളൊക്കെ ഇങ്ങനെയൊഴുക്കിയ കൊളസ്‌ട്രോളിന്റേതാണ്. അവർക്കൊന്നും ഭക്ഷണം കഴിക്കുന്നതു പോലെ ഗുളിക കഴിക്കേണ്ടി വന്നിട്ടില്ല.
നിങ്ങളുണ്ടെങ്കിൽ ഞാനും എന്നു പറഞ്ഞ് മൊയ്തു വാശി പിടിച്ചതോടെയാണ് മൽബുവും കടുത്ത തീരുമാനത്തിലെത്തിയത്. രാവിലെ രണ്ട് റൗണ്ട് നടക്കുക.
അങ്ങനെ നടത്തം തുടങ്ങിയ മൂന്നാം ദിവസമാണ് ആ സംഭവമുണ്ടായത്. വാക്കിംഗ് ക്ലബിലെ സീനിയർ മെംബർമാർ രാജ്യാന്തര പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നത് കേട്ടുകൊണ്ട് മുന്നോട്ടു നീങ്ങവേ പൊടുന്നനെ മൊയ്തുവിന്റെ കിതപ്പ് കേൾക്കാതായി. മൽബു തിരിഞ്ഞുനോക്കിയപ്പോൾ മൊയ്തു കുനിഞ്ഞുനിന്ന് ഷൂ കെട്ടുന്നുണ്ട്. വേഗത്തിൽ നടന്നോ ഓടിയോ എത്തിക്കോളുമെന്ന് കരുതി മൽബു മുന്നോട്ടു പോയെങ്കിലും മൊയ്തു പിന്നാലെ എത്തിയില്ല. ഒരു റൗണ്ട് കൂടി ചുറ്റിയിട്ടും മൊയ്തു ഇല്ല.
കൈയിൽ ഫോൺ ഉണ്ടായതു ഭാഗ്യം. വിളിച്ചു നോക്കിയപ്പോൾ മൊയ്തു എടുക്കുന്നില്ല. ഇത്തിരി ടെൻഷൻ കൂടി. പഹയനെ ആരെങ്കിലും പിടിച്ചുകൊണ്ടു പോയോ. ഇഖാമ എടുത്തില്ലാന്ന് പറഞ്ഞിരുന്നു. ചിലപ്പോൾ അതുകൊണ്ട് വേഗം മുങ്ങിയതാകും. വീണ്ടും ട്രൈ ചെയ്തിട്ടും മൊയ്തുവിനെ കിട്ടാതായതോടെ പ്രഭാത തീറ്റ ചൂടോടെ അകത്താക്കാൻ എഴുന്നേൽക്കാൻ സാധ്യതയുള്ള ഹൈദ്രോസിന്റെ ഫോണിലേക്ക് വിളിച്ചു.
ഹൈദ്രോസ്‌കാ... നമ്മുടെ മൊയ്തു അവിടെ ഉണ്ടോ?
ഉണ്ടല്ലോ.. അവനല്ലേ ഇവിടിരുന്നു നെയ്‌ദോശ തട്ടുന്നത്. നീയൊരു പോഴത്തക്കാരൻ തന്നെ.
ദോശ ചുടുന്നതു കണ്ടാൽ പിന്നെ അവൻ ഇരിക്കുകയല്ലാതെ നടക്കുമോ?