Sorry, you need to enable JavaScript to visit this website.

ജീവനക്കാരെ പിരിച്ചുവിടൽ നയമല്ല, ചിലപ്പോൾ അനിവാര്യമാകും -മന്ത്രി

റിയാദ് - ജീവനക്കാരെ പിരിച്ചുവിടുന്നത് വേദനയുണ്ടാക്കുന്നതായി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ജീവനക്കാരെ പിരിച്ചുവിടുന്നതിൽ താൻ അഭിമാനിക്കുന്നില്ല. ചിലരെ പിരിച്ചുവിടാൻ നിർബന്ധിതമാവുകയാണ്. കൂടുതൽ വലിയ തെറ്റുകളിലും കുറ്റകൃത്യങ്ങളിലും അകപ്പെടാതെ അകറ്റിനിർത്തുന്നതിനാണ് ചില ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. 


സൗദി അറേബ്യ ഭീകര സംഘടനയായി പ്രഖ്യാപിച്ച മുസ്‌ലിം ബ്രദർഹുഡിനോട് അനുഭാവം പ്രകടിപ്പിച്ച ഇമാമുമാരെയും ഖതീബുമാരെയും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ഭരണാധികാരികൾ പ്രത്യേക താൽപര്യവും ശ്രദ്ധയുമാണ് കാണിക്കുന്നത്. 
ആരെയും ജോലിയിൽനിന്ന് പിരിച്ചുവിടരുതെന്നാണ് ആഗ്രഹിക്കുന്നത്. ആരെങ്കിലും തെറ്റുകൾ വരുത്തുകയോ ഹാനികരമായ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്ന പക്ഷം അവരെ പിരിച്ചുവിടേണ്ടിവരും. ഇത്തരം നടപടികൾക്ക് അവർ തന്നെ തങ്ങളെ നിർബന്ധിതരാക്കുകയാണ്. 


ഭീകര സംഘടനകളെയും ബ്രദർഹുഡ് ആശയങ്ങളെയും ചെറുക്കുന്ന കാര്യത്തിലും പ്രബോധന മേഖലയിലും ഇസ്‌ലാമികകാര്യ മന്ത്രാലയം വലിയ ശ്രമങ്ങളാണ് നടത്തുന്നത്. വിശ്വസിച്ചേൽപിച്ച കർത്തവ്യം നിർവഹിക്കാത്തവരെയാണ് പിരിച്ചുവിടുന്നത്. മുസ്‌ലിം ബ്രദർഹുഡിനോട് അനുഭാവം വെച്ചുപുലർത്തുന്ന ഇമാമുമാരെ കുറിച്ച് ഇപ്പോഴും നിരീക്ഷകർ വഴി ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന് വിവരങ്ങൾ ലഭിക്കുന്നുണ്ട്. മന്ത്രാലയ ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ള വീഴ്ചകളെ കുറിച്ച് വിവരങ്ങൾ നൽകി സ്വദേശികളും മന്ത്രാലയവുമായി സഹകരിക്കുന്നുണ്ട്. 1933 എന്ന നമ്പറിൽ ബന്ധപ്പെട്ടും വാട്‌സ് ആപ്പിൽ തനിക്ക് നേരിട്ട് സന്ദേശം അയച്ചും സ്വദേശികൾ മന്ത്രാലയ ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ള വീഴ്ചകളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വസ്തുനിഷ്ഠമാണന്നും ശരിയാണെന്നും ഉറപ്പു വരുത്തുന്ന പരാതികളിൽ തുടർ നടപടികൾ സ്വീകരിക്കും. ഇതിന്റെ ഫലമായാണ് നിരവധി ഇമാമുമാരെ പിരിച്ചുവിട്ടത്. ഏതാനും ഇമാമുമാരുടെയും ഖതീബുമാരുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങൾ മന്ത്രാലയം പരിശോധിച്ചുവരികയാണ്. 


മതത്തെ രാഷ്ട്രീയവൽക്കരിച്ചും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി മതത്തെ ദുരുപയോഗിച്ചും രാജ്യങ്ങൾ തകർക്കുന്ന, കുഴപ്പങ്ങളും സംഘർഷങ്ങളും കുത്തിപ്പൊക്കുന്നവർക്കെതിരെ ജുമാ മസ്ജിദുകളിലെ മിമ്പറുകളും പ്രബോധന പ്രവർത്തനങ്ങളും വഴി ഇസ്‌ലാമികകാര്യ മന്ത്രാലയം ശക്തമായി വിശ്വാസികളെ ബോധവൽക്കരിക്കുന്നുണ്ട്. മുൻ ദശകങ്ങളിൽ ബ്രദർഹുഡ് പ്രവർത്തകരും അവരുടെ കെണിയിൽ കുടുങ്ങിയവരും മിമ്പറുകളും പ്രബോധന പ്രവർത്തനങ്ങളും തങ്ങളുടെ കുത്സിത ലക്ഷ്യങ്ങൾക്കു വേണ്ടി ദുരുപയോഗിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാൻ മന്ത്രാലയത്തിന് സാധിച്ചതായും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. 

Latest News