കാസർകോട് - കാസർകോട് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ യോഗം ചേർന്നു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
മഞ്ചേശ്വരത്ത് നിന്നുള്ള മുസ്ലിംലീഗ് അംഗം ഗോൾഡൻ അബ്ദുൾ റഹ്മാൻ സത്യപ്രതിജ്ഞ കഴിയുന്നത് വരെ വേദിയിൽ എത്തിയിരുന്നില്ല. അദ്ദേഹത്തിനായി റിസർവ് ചെയ്തുവെച്ചിരുന്ന കസേര ഒഴിഞ്ഞുതന്നെ കിടന്നു. 16 അംഗങ്ങളുടെയും സത്യപ്രതിജ്ഞ കഴിഞ്ഞതിന് ശേഷം 20 മിനുട്ട് വരെ കാത്തിരുന്നു. മെമ്പർ എത്തിയില്ലെന്ന് കണക്കാക്കാം എന്നും പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഒരു മാസത്തിനുള്ളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാമെന്നും ജില്ലാ കലക്ടർ പ്രഖ്യാപിച്ചതിന് ശേഷമാണ് ഗോൾഡൻ അബ്ദുൽ റഹ്മാൻ എത്തിയത്. ജില്ലാ കലക്ടർ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗവും മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഗീത കൃഷ്ണൻ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
പിന്നീട് ഗീത കൃഷ്ണൻ മറ്റു മെമ്പർമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബേബി ബാലകൃഷ്ണൻ (മടിക്കൈ) ഷാനവാസ് പാദൂർ (ചെങ്കള), സി ജെ സജിത്ത് (ചെറുവത്തൂർ) എം മനു (പിലിക്കോട്), കെ ശകുന്തള (കരിന്തളം), ഫാത്തിമത്ത് ഷംന (പെരിയ), ഷിനോജ് ചാക്കോ (കളളാർ), ജോമോൻ ജോസ് (ചിറ്റാരിക്കാൽ), എം ശൈലജ ഭട്ട് (എടനീർ), നാരായണ നായ്ക്ക് (പുത്തിഗെ), പി ബി ഷഫീഖ് (ദേലമ്പാടി), കമലാക്ഷി (വോർക്കാടി), ഗോൾഡൻ അബ്ദു റഹ്മാൻ (മഞ്ചേശ്വരം), ജാസ്മിൻ കബീർ ചെർക്കള (സിവിൽ സ്റ്റേഷൻ), ജമീല സിദ്ദിഖ് (കുമ്പള) എന്നിവരാണ് അധികാരമേറ്റത്. ഇടതുമുന്നണി അംഗങ്ങൾ വിദ്യാനഗറിലെ സി പി എം ജില്ലാ കമ്മറ്റി ഓഫീസിൽ നിന്ന് പ്രകടനമായാണ് സത്യപ്രതിജ്ഞക്ക് എത്തിച്ചേർന്നത്.
വിജയികൾക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ ദേശീയപാതയിൽ വെച്ച് അഭിവാദ്യം അർപ്പിച്ചു. എൽ ഡി എഫ് നേതാക്കളായ പി. കരുണാകരൻ, എം വി ബാലകൃഷ്ണൻ, കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി കൃഷ്ണൻ, കെ വി കൃഷ്ണൻ,ടി വി ബാലകൃഷ്ണൻ,കുര്യക്കോസ് പ്ലാപ്പറമ്പൻ, പി ടി നന്ദകുമാർ, ഡോ. കെ. ഖാദർ,യു ഡി എഫ് നേതാക്കളായ എൻ എ നെല്ലിക്കുന്ന് എം എൽ എ, ടി ഇ അബ്ദുല്ല, ഹക്കിം കുന്നിൽ, ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് തുടങ്ങിയവർ സംബന്ധിച്ചു.