Sorry, you need to enable JavaScript to visit this website.

കോട്ടയം, വൈക്കം, ഏറ്റുമാനൂർ ഭരണം പിടിക്കാനുള്ള  നീക്കം യു.ഡി.എഫ് സജീവമാക്കി


കോട്ടയം- കോട്ടയം നഗരസഭയിൽ സ്വതന്ത്രാംഗത്തെ അനുനയിപ്പിച്ചതിനു പിന്നാലെ വൈക്കം, ഏറ്റുമാനൂർ നഗരസഭകളിലും ഭരണം പിടിക്കാനുളള നീക്കം യുഡിഎഫ് സജീവമാക്കി. വൈക്കം നഗരസഭയിൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ പദവികളിലേക്കുള്ള കോൺഗ്രസിന്റെ ഔദ്യോഗിക ചർച്ചകൾ ഇന്നു നടക്കുന്ന പുതിയ സ്ഥാനാർഥികളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം. ചർച്ചയിൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ പദവികളിലേക്കുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുക്കുമെന്നാണ് സൂചന.  മൂന്നുപേരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ചെയർപേഴ്സൺ സ്ഥാനത്തേക്ക് രാധികാ ശ്യാം, പ്രീതാ രാജേഷ്, രേണുക രതീഷ് എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തിൽ ഉയർന്നുവന്നിരിക്കുന്നത്. വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് ബി.ചന്ദ്രശേഖരൻ, പി.ടി.സുഭാഷ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.

വൈക്കത്ത് യു.ഡി.എഫിന് 11 സീറ്റാണ് ലഭിച്ചത്. കേവലഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ നഗരസഭ ഭരിക്കാനാകും. എൽ.ഡി.എഫിന് ഒൻപതും എൻ.ഡി.എയ്ക്ക് നാലും സ്വതന്ത്രർക്ക് രണ്ട് സീറ്റുമാണ് ലഭിച്ചത്. സ്വതന്ത്രരായി മത്സരിച്ച് ജയിച്ച ഒന്നാം വാർഡിലെ അയ്യപ്പൻ, 11 -ാം വാർഡിലെ എ.സി.മണിയമ്മ എന്നിവരെ ഒപ്പം നിർത്താനാണ് യു.ഡി.എഫിന്റെ ശ്രമം. എ.സി.മണിയമ്മയ്ക്ക് ചെയർപേഴ്സൺ സ്ഥാനംവരെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അയ്യപ്പന് പ്രത്യേകിച്ച് സ്ഥാനമാനങ്ങൾ വേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവിടെനിന്ന് പേരുകൾ നൽകുന്നതനുസരിച്ച് ഡി.സി.സി. നേതൃത്വമായിരിക്കും ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവരെ പ്രഖ്യാപിക്കുക.

കോട്ടയം നഗരസഭയിലേക്ക് സ്വതന്ത്രയായി ജയിച്ച ബിൻസി സെബാസ്റ്റിയൻ യുഡിഎഫിനെ പിന്തുണയ്ക്കും. കോൺഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച ബിൻസിക്ക് അഞ്ചു വർഷത്തേക്ക് അധ്യക്ഷ സ്ഥാനം നൽകാമെന്ന് യുഡിഎഫ് ഉറപ്പു നൽകിയിട്ടുണ്ട്. പക്ഷേ ബിൻസിയുടെ പിന്തുണ ലഭിച്ചാലും യുഡിഎഫിന് ആകെ 22 അംഗങ്ങളാവും ഉണ്ടാകുക. എൽഡിഎഫിന് 22 അംഗങ്ങൾ ഇതിനകം തന്നെയുണ്ട്. ബിൻസിയുടെ പിന്തുണയോടെ ഭരണം ഉറപ്പാക്കാനുളള നീക്കത്തിലായിരുന്നു ഇടതുമുന്നണി. അതിനിടയിലാണ് ബിൻസി ഡിസിസിയുമായി ചർച്ച നടത്തി ധാരണയിലെത്തിയത്. ഇതോടെ ഇരുമുന്നണികൾക്കും 22 അംഗങ്ങളാകുന്നതോടെ നറുക്കെടുപ്പ് വേണ്ടിവരുമെന്ന് ഉറപ്പായി. നറുക്കെടുപ്പിൽ ഇടതുമുന്നണിക്ക് ഭരണം ലഭിക്കുകയാണെങ്കിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയാക്കാമെന്നാണ് ബിൻസിക്ക് ഡിസിസി നൽകിയിരിക്കുന്ന ഉറപ്പ്. നഗരസഭയിൽ എട്ടുസീറ്റിൽ ബിജെപിയാണ് ജയിച്ചത്. വാർഡ് 52 - ൽ നിന്നാണ് ബിൻസി വിജയിച്ചത്.


ഏറ്റുമാനൂർ നഗരസഭയിലും സ്വതന്ത്ര പിന്തുണ ഉറപ്പാക്കുകയാണ് യു .ഡി.എഫ്. ഇതോടെ ഭരണം യു.ഡി.എഫിന് ലഭിച്ചേക്കും. 35 വാർഡുകളുളള നഗരസഭയിൽ നിലവിൽ യുഡിഎഫ്-13, എൽഡിഎഫ്-12,  ബിജെപി-7,സ്വതന്ത്രർ-3 എന്നിങ്ങനെയാണ് കക്ഷി നില. ഇതിൽ മൂന്നാം വാർഡായ വള്ളിക്കാട് നിന്നുളള ബീന ഷാജി, വെട്ടിമുകളിൽ നിന്നുളള അംഗം സുനിത ബിനീഷ്, വിജി ജോർജ് ചാവറ എന്നിവരുമായുളള യുഡിഎഫ് ചർച്ചയിൽ പുരോഗതിയുണ്ടെന്നാണ് സൂചന. ബിജെപിയുമായി സഖ്യമില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതിനൊപ്പം തന്നെ സ്വതന്ത്രരുടെ പിന്തുണക്ക് ഇടതുമുന്നണിയും ശ്രമിക്കുന്നുണ്ട്.

അതിനിടെ വൈക്കം തലയാഴം പഞ്ചായത്തിൽ വിമതരുടെ സഹായത്തോടെ ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. യു.ഡി.എഫ്. ആറ്, എൽ.ഡി.എഫ്. അഞ്ച്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഈ സ്വതന്ത്രരായി മത്സരിച്ച ജയിച്ച മൂന്നുപേരും കോൺഗ്രസിന്റെ വിമതന്മാരാണ്.

ആറാം വാർഡായ ഉല്ലല സൗത്തിൽനിന്ന് ജയിച്ച രമേഷ് പി.ദാസ്, 10 - ാം വാർഡായ തൃപ്പക്കുടത്തിൽനിന്ന് ജയിച്ച ബി.എൽ.സെബാസ്റ്റ്യൻ(സോമൻ), 14 - ാം വാർഡായ കൊതവറ നോർത്തിൽനിന്ന് ജയിച്ച കെ.ബിനിമോൻ എന്നിവരാണ് ജയിച്ച വിമതർ. ഇവർ പാർട്ടിയിലേക്കുവന്നാൽ അർഹിക്കുന്ന അംഗീകാരം നൽകാനുള്ള തീരുമാനത്തിലാണ് നേതൃത്വം. ഇതിനുള്ള ചർച്ചകൾ ആരംഭിച്ചു. ഇടത് സ്വതന്ത്രയെ കൂട്ടുപിടിച്ച് തലയോലപ്പറമ്പ് പഞ്ചായത്ത് ഭരിക്കാനൊരുങ്ങുകയാണ് എൽ.ഡി.എഫ്. രണ്ടാം വാർഡിൽനിന്നും മത്സരിച്ച് ജയിച്ച അഞ്ജു എം.ഉണ്ണികൃഷ്ണൻ എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നതോടെ എൽ.ഡി.എഫ്. ഭരണത്തിൽ എത്തും. ആറ് സീറ്റിൽ യു.ഡി.എഫും ഒരു ഇടത് സ്വതന്ത്രയെയും കൂട്ടി എട്ട് സീറ്റിൽ എൽ.ഡി.എഫ്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 

 

Latest News