Sorry, you need to enable JavaScript to visit this website.

സത്യപ്രതിജ്ഞക്ക് മുമ്പേ വാഗ്ദാനങ്ങൾ നടപ്പാക്കി വാർഡ് അംഗം 

അരിപ്രയിൽ കളിസ്ഥലത്തിനുള്ള പ്രവൃത്തികൾ നടക്കുന്നു.

മങ്കട- വാർഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പേ  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കാൻ തുടങ്ങിയിരിക്കുകയാണ് സാലിഹ നൗഷാദ്. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ വിജയിച്ച വെൽഫെയർ പാർട്ടി അംഗം സാലിഹ നൗഷാദ് ആണ് പുതിയ വികസന മാതൃകയുമായി രംഗത്തുള്ളത്. മേലെ അരിപ്ര രണ്ടാം വാർഡിൽ തെരഞ്ഞെടുപ്പ് വേളയിൽ വിളിച്ചു ചേർത്ത ക്ലബുകളുടെ കൺവൻഷനിൽ യുവാക്കൾ ആവശ്യപ്പെട്ട ഗ്രൗണ്ട് എന്ന ആഗ്രഹം നിറവേറ്റുന്നതിനായി പാർട്ടിയുടെ കൈവശമുള്ള സ്ഥലത്ത് തന്നെയാണ് കളിസ്ഥലമൊരുക്കുന്നത്.

പാർട്ടി ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തികൾ നടക്കുന്നത്. ആറു മാസത്തെ  കളിയോടൊപ്പം യുവാക്കളെ ആറുമാസത്തെ കൃഷിയിലും പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അരിപ്രയിൽ ക്ഷേമ കാലം തുടങ്ങിയെന്നും നിയുക്ത അംഗം അറിയിച്ചു. പ്രവൃത്തികളുടെ പ്രഥമ ഘട്ടം ഇന്നലെ നിയുക്ത വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നടന്നു. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു. ഉമ്മർ, എം. സക്കീർ ഹുസൈൻ, റഹീം മാസ്റ്റർ, കോയക്കുട്ടി, അബൂബക്കർ.  എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം ഇവരുടെ നേതൃത്വത്തിൽ സംസ്ഥാനപാതക്കിരുവശവുമുള്ള പൊന്തക്കാടുകൾ വെട്ടി വൃത്തിയാക്കിയിരുന്നു.

 

Latest News