ന്യൂദൽഹി- കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിന് വേണ്ടി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗം ഇന്ന് നടക്കും. അടുത്ത പത്തു ദിവസം നിരവധി യോഗങ്ങൾക്കാണ് സോണിയ നേതൃത്വം നൽകുന്നത്.
പാർട്ടിക്കുള്ളിൽ നിന്നു തിരുത്തൽ ശബ്ദം ഉയർത്തിയ മുതിർന്ന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നു നടത്തുന്ന കൂടിക്കാഴ്ചയാണ് ഇതിൽ പ്രധാനം. പാർട്ടിക്കുള്ളിൽ സംഘടന തലത്തിൽ അടിമുടി മാറ്റം വേണമെന്ന വിവാദ കത്തിൽ ഒപ്പു വെച്ച 23 നേതാക്കളിൽ പലരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. അതിനിടെ, രാഹുൽ ഗാന്ധി വീണ്ടും പാർട്ടിയുടെ തലപ്പത്ത് മടങ്ങിയെത്തണമെന്നാണ് 99.9 ശതമാനം പേരും ആഗ്രഹിക്കുന്നത് എന്ന് പാർട്ടി വക്താവ് രാജ്ദിപ് സുർജേവാല പറഞ്ഞു. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണു വിവരം. യോഗത്തിൽ സോണിയ ഗാന്ധി രാഹുൽ ഗാന്ധിയുടെ അമ്മ എന്നതിനപ്പുറം പാർട്ടി അധ്യക്ഷ എന്ന നിലയിൽ സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കത്തിൽ ഒപ്പു വെച്ച ഒരു നേതാവ് മാധ്യമങ്ങളോടു പ്രതികരിച്ചു.
മൻമോഹൻ സിംഗ്, എ.കെ ആന്റണി, പി. ചിദംബരം, കെ.സി വേണുഗോപാൽ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ശശി തരൂർ, ഭൂപീന്ദർ ഹൂഡ, കമൽ നാഥ്, പ്രഥ്വി രാജ് ചൗഹാൻ, അശോക് ഗെഹ്ലോട്ട് തുടങ്ങിയവർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ സോണിയക്കു പുറമേ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.
ഡോക്ടർമാരുടെ ഉപദേശ പ്രകാരം ദൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ നിന്നു മാറി രണ്ടാഴ്ച ഗോവയിലേക്ക് പോയി വന്നതിന് ശേഷം സോണിയ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പാർട്ടി യോഗമാണ് ഇന്ന് ചേരുന്നത്. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ കമൽ നാഥ് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. വിമത ശബ്ദം ഉയർത്തിയ നേതാക്കൾക്കും സോണിയക്കും ഇടയിൽ കമൽനാഥ് മധ്യസ്ഥനായി ഇടപെട്ടതിന്റെ പിന്നാലെയാണ് ഇന്നു യോഗം ചേരുന്നത്. ഇതിനോടകം നിരവധി പാർട്ടി നേതാക്കളുമായി വെർച്വൽ കൂടിക്കാഴ്ച നടത്തിയിരുന്നു എങ്കിലും സോണിയ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്.