Sorry, you need to enable JavaScript to visit this website.

പത്തനംതിട്ട നഗരസഭ, മുഴുവൻ കണ്ണുകളും സ്വതന്ത്രനിലേക്ക്‌

പത്തനംതിട്ട - എൽ.ഡി.എഫും യു.ഡി.എഫും 13 സീറ്റ് വീതം നേടിയിരിക്കുന്ന പത്തനംതിട്ട നഗരസഭയിൽ എല്ലാ കണ്ണുകളും സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച കെ.ആർ അജിത്ത് കുമാറിലേക്ക്. ഇതോടെ അജിത്കുമാർ ചെയർമാനാകാനുള്ള സാധ്യതയായി. പിന്തുണ തേടി സമീപിച്ച രണ്ടു മുന്നണികളോടും ചെയർമാൻ സ്ഥാനമാണ് അജിത്ത് കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളാണ് നഗരസഭയിൽ വിജയിച്ചിരിക്കുന്നത്. 
15-ാം വാർഡിൽ നിന്ന് ഇന്ദിരാമണിയമ്മ, 21 ൽ നിന്ന് ആമിന ഹൈദരാലി 29 ൽ നിന്ന് കെ.ആർ. അജിത്ത് കുമാർ. ഇതിൽ ആമിന ഹൈദരാലി എസ്.ഡി.പി.ഐയുടെ ഒപ്പമാണെന്ന് അവരുടെ ഒപ്പമുള്ളവർ പറയുന്നു. അക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഇവർ മൂന്നു പേരും കോൺഗ്രസ് വിമതരായി മത്സരിച്ച് വിജയിച്ചവരാണ്. അതു കൊണ്ട് തന്നെ കോൺഗ്രസിനൊപ്പം നിലകൊള്ളുമെന്ന് കരുതുന്നവർക്ക് തെറ്റി.
ഇന്ദിരാമണിയമ്മ നേരിട്ട് എൽ.ഡി.എഫിൽ പോകാൻ താൽപര്യപ്പെടില്ല. എന്നാൽ എൽ.ഡി.എഫിന്റെ ഭാഗമായ കേരളാ കോൺഗ്രസി(എം) നൊപ്പം നില കൊള്ളുമെന്നാണ് ലഭിക്കുന്ന സൂചന. ഇതോടെ എൽ.ഡി.എഫിന്റെ അംഗസംഖ്യ 14 ആകും. കെആർ അജിത്ത്കുമാർ കൂടി എൽഡിഎഫിനൊപ്പം ചേർന്നാൽ 15 സീറ്റുമായി ഏറ്റവും വലിയ മുന്നണിയാകാൻ എൽ.ഡി.എഫിന് കഴിയും. പക്ഷേ, അജിത്കുമാർ ഒപ്പം ചെല്ലണമെങ്കിൽ ചെയർമാൻ സ്ഥാനം കൊടുക്കണം. എന്തുവില കൊടുത്തും ഭരണം പിടിക്കാൻ നിൽക്കുന്ന എൽ.ഡി.എഫ് അതിന് സമ്മതിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല.


2010 ലെ കൗൺസിലിന്റെ കാലത്ത് തിരുവല്ല നഗരസഭയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫ് നടത്തിയ അതേ നീക്കം ഇവിടെയും ആവർത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അന്ന് കേരളാ കോൺഗ്രസ് പി.സി തോമസ് വിഭാഗത്തിലെ ഡെൽസി സാമിനെ ചെയർപേഴ്‌സൺ സ്ഥാനാർഥിയാക്കി പുറമേ നിന്ന് ബി.ജെ.പിയും എൽ.ഡി.എഫും സ്വതന്ത്രരും ചേർന്ന് ഭരണം പിടിക്കുകയാണ് ചെയ്തത്. അതേ പോലെ ഇവിടെ അജിത്കുമാറിനെ ചെയർമാൻ സ്ഥാനാർഥിയാക്കി എസ്.ഡി.പി.ഐയും എൽ.ഡി.എഫും പുറമേ നിന്ന് പിന്തുണക്കും. ഇതോടെ 18 അംഗങ്ങളുടെ പിന്തുണയും കേവല ഭൂരിപക്ഷവുമാകും. എസ്.ഡി.പി.ഐയും എൽ.ഡി.എഫുമായി സഖ്യമുണ്ടെന്ന് പറയാനും ആർക്കും കഴിയാത്ത അവസ്ഥയാകും.


ഇനി അജിത്തിനെ ചെയർമാനാക്കാൻ എൽ.ഡി.എഫ് തയാറായില്ലെങ്കിൽ അദ്ദേഹം യു.ഡി.എഫിനൊപ്പം പോകും. ഇതോടെ കക്ഷിനില വീണ്ടും തുല്യമാകും. എസ്.ഡി.പി.ഐയുടെ പിന്തുണ രണ്ടു മുന്നണികളും സ്വീകരിക്കാത്ത സ്ഥിതിക്ക് പിന്നെ നറുക്കെടുപ്പിലൂടെയാകും ചെയർമാനെയും വൈസ് ചെയർപേഴ്‌സനെയും നിർണയിക്കുക. ഇവിടെ ഭാഗ്യമുള്ളവർ ഈ സ്ഥാനങ്ങളിൽ എത്തും. എൽ.ഡി.എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് നഗരസഭാ സ്‌റ്റേഡിയം നിർമ്മാണമാണ്. വീണാ ജോർജ് എം.എൽ.എയുടെ പ്രസ്റ്റീജ് പ്രശ്‌നമാണിത്. അതു കൊണ്ടു തന്നെ അജിത്തിനെ ചെയർമാനാക്കാൻ എൽഡിഎഫിന് വലിയ എതിർപ്പുണ്ടാകില്ല.


ബുദ്ധിപരമായ നീക്കങ്ങൾക്ക് എൽഡിഎഫ് ശ്രമിക്കുമ്പോൾ യു.ഡി.എഫിൽ കുതിരക്കച്ചവടത്തിനാണ് കളമൊരുങ്ങുന്നത്. ജയസാധ്യതയുള്ള സ്ഥാനാർഥികളെ ഒഴിവാക്കി ഡി.സി.സി നേതൃത്വം ചില സീറ്റുകൾ വിറ്റതാണ് ഇപ്പോൾ ഈ ദുർഗതിക്ക് കാരണമായത് എന്നാണ് കോൺഗ്രസുകാരുടെ ആരോപണം. കോൺഗ്രസിന് അജിത്തിന്റെ പിന്തുണ വേണം. എന്നാൽ, ചെയർമാനാക്കാൻ തയാറാകില്ല. ചെയർമാൻ സ്ഥാനത്തിൽ കുറഞ്ഞൊന്നും അജിത്ത് സ്വീകരിക്കാത്ത സാഹചര്യത്തിൽ കോൺഗ്രസിന് പത്തനംതിട്ട മുനിസിപ്പൽ ഭരണം നഷ്ടമാകാനാണ് നിലവിൽ സാധ്യത.

 

Latest News