Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് തോൽവി കൃത്രിമമെന്ന്; ഫലപ്രഖ്യാപനം റദ്ദാക്കാൻ പരാതി

കോഴിക്കോട് - എതിർ സ്ഥാനാർഥിയുടെ വിജയം കൃത്രിമമാണെന്നും ഫലപ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്-വെൽഫെയർ പാർട്ടി സ്ഥാനാർഥി പരാതി നൽകി. കോർപഷൻ 46 ാം വാർഡ് ചെറുവണ്ണൂർ വെസ്റ്റിൽ രണ്ടുവോട്ടിന്റെ തോറ്റ എം.എ. ഖയ്യൂം ആണ് വോട്ടെണ്ണലിലെ കൃത്രിമത്തിനും കള്ളവോട്ടിനും ഉദേ്യാഗസ്ഥരുടെ സ്വജനപക്ഷപാതത്തിനുമെതിരെ ജില്ലാ വരണാധികാരി സാംബശിവറാവുവിനും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയത്.

സി.പി.എം നേതാവും കോർപറേഷൻ വികസനകാര്യ സമിതി ചെയർമാനുമായിരുന്ന പി.സി. രാജനാണിവിടെ ജയിച്ചത്. പി.സി രാജന് 1786 വോട്ടും എം.എ. ഖയ്യൂമിന് 1784 വോട്ടുകൾലഭിച്ചെന്നും രാജൻ രണ്ട് വോട്ടിന് ജയിച്ചെന്നുമാണ് ഫലം പ്രഖ്യാപിച്ചത്. യന്ത്രത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 19 വോട്ടുകൾക്ക് മുന്നിലായിരുന്നു ഖയ്യൂം. എന്നാൽ, ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞശേഷം പോലും ആകെ എത്ര തപാൽ വോട്ടുകൾ ഉണ്ട് എന്നത് ഉദ്യോഗസ്ഥർ യു.ഡി.എഫ് പ്രതിനിധികളിൽ നിന്ന്  മറച്ചുവെച്ചു. മൂന്ന് മണിക്കൂർ കഴിഞ്ഞാണ് ഇവ എണ്ണിയത് എന്നതും ദുരൂഹമാണ്. തോൽക്കുമെന്ന് ഉറപ്പായതോടെ കോവിഡ് തപാൽ വോട്ടുകൾ തിരുകിക്കയറ്റിയെന്നാണ് പരാതി. തപാൽ വോട്ട് എത്രയെണ്ണമുണ്ടെന്ന് ചോദിച്ചപ്പോൾ, അത് പറയാൻ പറ്റില്ലെന്നാണ് ആദ്യം ഉദ്യോഗസ്ഥർ പറഞ്ഞത്. വീണ്ടും അന്വേഷിച്ചപ്പോൾ 13 എന്നും പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ 22 എന്നും എണ്ണാൻ തുടങ്ങിയപ്പോൾ 36 എന്നും പറഞ്ഞു. പന്തികേട് തോന്നി പരാതി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥൻ ചെവിക്കൊണ്ടില്ല. വിഷയ ത്തിൽ കോടതിയെ സമീപിക്കുമെന്നും എം.എ. ഖയ്യൂം അറിയിച്ചു.
 

Latest News