ദമാം- കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം ജനാധിപത്യവാദിയായ ഏത് മലയാളിക്കും ലോകത്തിന്റെ ഏത് കോണിലിരുന്നും ആഹ്ലാദിക്കാൻ വക നൽകുന്നതാെണന്ന് ദമാം നവോദയ അഭിപ്രായപ്പെട്ടു. എല്ലാ വലതുപക്ഷ വ്യാമോഹങ്ങളേയും പരാജയപ്പെടുത്തിയ ജനം കേരളത്തിന്റെ രാഷ്ട്രീയ ദിശയെ തീർത്തും ഏകപക്ഷീയമായി ഇടതുപക്ഷത്ത് ഉറപ്പിച്ച് നിർത്തി. ഇതിനെ ഇളക്കുക വലതുപക്ഷത്തിന്റെ പ്രൊപ്പഗണ്ടക്ക് എളുപ്പമാകില്ല. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രവാസ ലോകം നോക്കിക്കാണുന്നത്. ഗ്രാമങ്ങളും നഗരങ്ങളും മുനിസിപ്പാലിറ്റിയും കോർപ്പറേഷനും എല്ലാം ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഏൽപ്പിച്ചിരിക്കുകയാണ്. ഇത് 'വികസനത്തിനും സാമൂഹ്യ മൈത്രിക്കും ഒരു വോട്ട്' എന്ന മുദ്രാവാക്യമുയർത്തി വോട്ടു ചോദിച്ച ഇടതുപക്ഷ സർക്കാറിനുള്ള അംഗീകാരമാണെന്നും നവോദയ വാർത്താ കുറിപ്പിൽ പറഞ്ഞു. പ്രബുദ്ധരായ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നതോടൊപ്പം ലോകത്തെ മുഴുവൻ മലയാളികൾക്കും ഒപ്പം ഈ വിജയാഹ്ലാദത്തിൽ പങ്കുചേരുന്നതായും നവോദയ അറിയിച്ചു. നിരവധി പ്രവാസികൾ മാറ്റുരച്ച ഒരു തെരഞ്ഞെടുപ്പു കൂടിയാണത്. പ്രവാസികൾക്ക് ഏറെ സ്വാധീനമുള്ള ഒരിടമാണ് കേരളം. എക്കാലത്തും പ്രവാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സർക്കാറിനുള്ള അംഗീകാരമായും നവോദയ ഈ വിജയത്തെ കാണുന്നു. തെരഞ്ഞടുപ്പിൽ വിജയിച്ച മുൻ നവോദയ പ്രവർത്തകരായ ഏഴ് പേരെ പ്രത്യേകം അഭിനന്ദിക്കുന്നതായും നവോദയ അറിയിച്ചു.