മലപ്പുറം- നിലമ്പൂർ നഗരസഭയിൽ ഒരു സ്ഥാനാർഥിയെ പോലും വിജയിപ്പിക്കാനാവാതെ സംപൂജ്യരായതിന്റെ ഞെട്ടലിലാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. മുസ്ലിംലീഗിന്റെ പരാജയം പി.വി. അബ്ദുൽ വഹാബ് എം.പിക്കും ലീഗ് പ്രാദേശിക നേതൃത്വത്തിനും കനത്ത തിരിച്ചടിയായി. നിലമ്പൂരിൽ പാർട്ടി സ്ഥാനാർഥികളെ നിർണയിച്ചതിൽ വീഴ്ചപറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. നഗരസഭയിലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ലീഗ് അഖിലേന്ത്യാ ട്രഷറർ കൂടിയായ പി.വി. അബ്ദുൽ വഹാബ് എം.പിയാണ്. മലപ്പുറം ജില്ലയിൽ യു.ഡി.എഫ് ഭരിക്കുന്ന എല്ലാ നഗരസഭകൾക്കും മുസ്ലിം ലീഗ് ഭരണ നേതൃത്വം നൽകുമ്പോൾ നിലമ്പൂരിൽ ഒരു സീറ്റ് പോലുമില്ലാത്ത രാഷ്ട്രീയ ദുരന്തമാണ് പാർട്ടിക്കുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഭരണസമിതിയിൽ ലീഗിന് ഒമ്പത് അംഗങ്ങളാണുണ്ടായിരുന്നത്.
ഈ തെരഞ്ഞെടുപ്പിൽ നഗരസഭയിലെ പല ഡിവിഷനുകളിലും മുസ്ലിം ലീഗ് സ്ഥാനാർഥികളുടെ പ്രകടനം ദയനീയമായിരുന്നു. സിറ്റിംഗ് സീറ്റുകളെല്ലാം പോയി. പല സീറ്റുകളിലും പാർട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പെട്ടു. ഒരു സീറ്റിൽ കെട്ടിവെച്ച കാശും പോയി.
കഴിഞ്ഞ തവണ ചെറുവത്തുകുന്നിൽ വിജയിച്ച ബുഷ്റ ടീച്ചറും ചാരംകുളത്തെ സമീറാ അസീസും അതേ ഡിവിഷനുകളിലും താമരക്കുളത്തു നിന്നു ജനവിധി തേടിയ മുൻ കൗൺസിലർ ഷെരീഫ് ശിങ്കാരത്തും മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഷെരീഫിന് കെട്ടിവച്ച പണവും നഷ്ടമായി. 54 വോട്ടുകൾ മാത്രമാണ് ഇവിടെ ലഭിച്ചത്.
പാടിക്കുന്ന് ഡിവിഷനിൽ ആദ്യം പാർട്ടി നിശ്ചയിച്ച സ്ഥാനാർഥി മുംതാസ് ബാബു പ്രചാരണ ബോർഡുകൾ സ്ഥാപിച്ച് വോട്ടു തേടി തുടങ്ങിയപ്പോൾ ലീഗിനുള്ളിലുണ്ടായ ഭിന്നതയെ തുടർന്നു സ്ഥാനാർഥിയെ മാറ്റി. പി.വി. അബ്ദുൽ വഹാബിന്റെ തറവാട് വീട് ഉൾപ്പെടുന്ന ഈ ഡിവിഷനിൽ ഐ.എൻ.എൽ സ്ഥാനാർഥിയാണ് വിജയിച്ചത്. ജനറൽ സീറ്റുകളായ ചെറുവത്തുകുന്ന്, ചാരംകുളം എന്നിവിടങ്ങളിൽ വനിതാ അംഗങ്ങളെ സ്ഥാനാർഥിയാക്കിയതും എതിർപ്പുകളുയർത്തിയിരുന്നു.
പാർട്ടിയുടെ ഉറച്ച കോട്ടകളായ സ്കൂൾകുന്ന്, രാമംകുത്ത്, നെടുമുണ്ടകുന്ന്. മുള്ളുള്ളി തുടങ്ങിയവയെല്ലാം നഷ്ടമായി. സർക്കാരിന്റെ പ്രവർത്തനങ്ങളെ പി.വി. അബ്ദുൽവഹാബ് എം.പി പിന്തുണക്കുന്നുവെന്ന പ്രചാരണം നഗരസഭയിൽ വ്യാപകമായി ഉണ്ടായിരുന്നു. 2016 ലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി.വി. അൻവറിന് ലീഗ് വോട്ട് മറിച്ച് നൽകിയെന്ന ആരോപണം യു.ഡി.എഫിനുള്ളിൽ ശക്തമായിരുന്നു.