ന്യൂദല്‍ഹി- സംഘപരിവാര്‍ ബന്ധമുള്ള ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്‌റംഗ്ദളിന്റെ മതവിദ്വേഷ പ്രചരണത്തിന് എതിര്‍പ്പുകള്‍ വകവെക്കാതെ ഇന്ത്യയിലെ ഫെസ്ബുക്ക് പിന്തുണ നല്‍കിയതായി റിപോര്‍ട്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘര്‍ഷങ്ങളെ പിന്തുണയ്ക്കുന്ന അപകടകരമായ സംഘടനയെന്ന് ഫെസ്ബുക്കിന്റെ സെക്യൂരിറ്റി ടീം മുന്നറിയിപ്പു നല്‍കിയിട്ടും ഇന്ത്യയില്‍ വിദ്വേഷ പ്രചരണം നടത്താന്‍ കമ്പനി ഈ സംഘടനയെ അനുവദിക്കുകയായിരുന്നുവന്ന് യുഎസ് പത്രമായ വോള്‍ സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തു.
ഭരണകക്ഷിയായ ബിജെപിയുമായി ബന്ധമുള്ള വലതുപക്ഷ സംഘടനയായ ബജ്‌റംഗ് ദളിന്റെ വിദ്വേഷ പ്രചരണങ്ങള്‍ക്ക് തടയിടുന്നത് കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് സാധ്യതകളെയും ജീവനക്കാരേയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് അനുവദിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ജൂണില്‍ ദല്‍ഹിയിലെ ഒരു ചര്‍ച്ച് തകര്‍ത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബജ്‌റംഗ് ദള്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഗീയ വിദ്വേഷ വിഡിയോ തടയുന്നതിനു പകരം 2.5 ലക്ഷം തവണ ആളുകള്‍ കാണുന്നതിന് ഫെയ്ബുക്ക് വഴിയൊരുക്കിക്കൊടുത്തുവെന്നും പത്രം റിപോര്‍ട്ട് ചെയ്യുന്നു.
ബിജെപിയുടേയും ആര്‍എസ്എസിന്റേയും നേതാക്കളുടെ മുസ്‌ലിം വിരുദ്ധ വര്‍ഗീയ പ്രചരണങ്ങളെ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ ഫെയ്‌സ്ബുക്കിന്റെ നിലപാടിനെ തുറന്നു കാട്ടി ഓഗസ്റ്റില്‍ വോള്‍ സ്ട്രീറ്റ് ജേണല്‍ ഒന്നിലേറെ റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥ അന്‍ഘി ദാസ് ആയിരുന്നു ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും അനുകൂലമായി ഫേസ്ബുക്ക് ഇന്ത്യയുടെ നയം സ്വീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് പുറത്തുകൊണ്ടു വന്നിരുന്നു. ഈ റിപോര്‍ട്ടുകള്‍ വന്‍ കോളിളക്കമുണ്ടാക്കിയതിനു പിന്നാലെ അന്‍ഘി ദാസ് ഫേസ്ബുക്കില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.