മഞ്ചേരി- ഓൺലൈൻ പേയ്മെന്റ് സൈറ്റുകൾ ഹാക്ക് ചെയ്ത് പണം തട്ടിയ കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശികൾക്കെതിരെ കൊച്ചിയിലും കേസ്. കഴിഞ്ഞ ദിവസം മഞ്ചേരി പോലീസ് മഹാരാഷ്ട്രയിൽ നിന്ന് അറസ്റ്റ് ചെയ്തു താനെ സ്വദേശി ഭരത് ഗുർമുഖ് ജെതാനി (20), നവി മുംബെയിൽ താമസിക്കുന്ന ക്രിസ്റ്റഫർ (20) എന്നിവർക്കെതിരെയാണ് സമാനമായ തട്ടിപ്പുകളിൽ കൊച്ചിയിലും കേസെടുത്തത്. 'മിസ്റ്റേറിയസ് ഹാക്കേഴ്സ്' എന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായത്. മഞ്ചേരി പോലീസിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
ബാങ്ക് അക്കൗണ്ടുകളും ഭീം, ആമസോൺ, ഫ്ളിപ്പ് കാർട്ട് ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടുകയാണ് ഇവർ ചെയ്തിരുന്നത്. കാലങ്ങളായി സമാനമായ രീതിയിൽ ഇവർ തട്ടിപ്പു നടത്തി വരുന്നത് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. ഇവരുടെ വിവരങ്ങൾ മഞ്ചേരി പോലീസ് മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറിയതോടെയാണ് കൊച്ചിയിൽ ഇവർ നടത്തിയ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കൊച്ചിയിൽ താമസിക്കുന്ന കേന്ദ്ര സർക്കാരിന് കീഴിലുള്ള ശാസ്ത്രജ്ഞനായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം ഓൺലൈനിലൂടെ തട്ടിയത്.
വിവിധ ഫിഷിംഗ് വെബ്സൈറ്റുകൾ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റർനെറ്റ് ബാങ്കിംഗ് യൂസർ ഐഡിയും പാസ് വേഡും ക്രാക്ക് ചെയ്യുകയാണ് പ്രതികൾ ചെയ്യുന്നത്. പിന്നീട് അതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയ്യുകയും ആ പണം ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകളും വ്യാജ വിലാസങ്ങൾ നൽകി വസ്തുക്കൾ വാങ്ങുകയും ചെയ്യുന്നു. ഇത്തരത്തിൽ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകൾ ഓൺലൈൻ വഴി വിൽപന നടത്തിയാണ് പ്രതികൾ പണമാക്കി മാറ്റുന്നത്. പണമുപയോഗിച്ച് ആഢംബര ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്. നേരിട്ട് പണമാക്കി മാറ്റിയാൽ എളുപ്പത്തിൽ പിടിക്കപ്പെടാം എന്നതിനാലാണ് ഇത്തരത്തിൽ സമർത്ഥമായി കാര്യങ്ങൾ ചെയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇതര വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത സിം കാർഡുകളും വ്യാജ ഐ.പി വിലാസങ്ങളും ഉപയോഗിച്ചാണ് ഇവർ ഹാക്കിംഗ് നടത്തിവന്നിരുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി മഞ്ചേരി പോലീസ് സംഘം 20 ദിവസത്തോളം മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച് താമസിച്ചിരുന്നു.
വ്യക്തികളെ യാതൊരുവിധേനയും ബന്ധപ്പെടാതെയാണ് പ്രതികൾ കുറ്റം ചെയ്തിരുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മോഷണം, വ്യാജ രേഖ ചമക്കൽ, ഗൂഢാലോചന മുതലായ വകുപ്പുകളും, ഇൻഫോർമേഷൻ ടെക്നോളജി ആക്ടിലെ ഹാക്കിംഗ്, ഐഡന്റിറ്റി മോഷണം മുതലായ വകുപ്പുകളും ചേർത്താണ് മഞ്ചേരി പോലീസ് കേസ് അന്വേഷിക്കുന്നത്.
ഹാക്കിംഗ് ടൂൾസ്, ഹാക്ക് ചെയ്ത വിവരങ്ങൾ മുതലായവ ഷെയർ ചെയ്യാനായി ഇവർ ക്രിയേറ്റ് ചെയ്ത 'മിസ്റ്റേരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പിൽ ഹാക്ക് ചെയ്ത നിരവധി വ്യക്തികളുടെ യൂസർ ഐഡികളും പാസ് വേഡുകളും ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീമിന്റെ നിർദേശപ്രകാരം മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ എം. ഷഹബിൻ, കെ. സൽമാൻ, എം.പി. ലിജിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഏറെ ശ്രമകരമായ അന്വേഷണത്തിലൂടെ പ്രതികളെ അറസ്റ്റ് ചെയ്തതിന് സംസ്ഥാന പോലീസ് മേധാവി അന്വേഷണ സംഘത്തെ കാഷ് അവാർഡ് നൽകി അഭിനന്ദിച്ചു.