Sorry, you need to enable JavaScript to visit this website.

ലവ് ജിഹാദ് നിയമം: യു.പിയില്‍ യുവാവ് റിമാന്‍ഡില്‍; പരാതിയില്ലെന്ന് യുവതിയുടെ സഹോദരന്‍

ബറേലി- ഉത്തര്‍പ്രദേശില്‍ പുതുതായി നടപ്പാക്കിയ മതപരിവര്‍ത്തന നിരോധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആദ്യമായി അറസ്റ്റുചെയ്ത 21 കാരനെ കോടതി റിമാന്‍ഡ് ചെയ്തു.

പുതിയ ഓര്‍ഡിനന്‍സിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് ബറേലി റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാജേഷ് പാണ്ഡെ അറിയിച്ചു.


ഹിന്ദു പെണ്‍കുട്ടിയെ ബലമായി മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബറേലിയിലെ ഡിയോറാനിയ പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം ഉവൈസ് അഹമ്മദാണ് റിമാന്‍ഡിലായത്. നിയമവിരുദ്ധ മതപരിവര്‍ത്തനം തടുന്ന യു.പി. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനു പിന്നാലെ നവംബര്‍ 28 ന് ഉവൈസ് അഹമ്മദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.  ഉവൈസ് അഹമ്മദ് അന്നുമുതല്‍ ഒളിവിലായിരുന്നുവെന്ന് പോലീസ് പറയുന്നു.


സംസ്ഥാനത്ത് പുതിയ പരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം നടക്കുന്ന ആദ്യ അറസ്റ്റാണിതെന്ന്
ബറേലി പോലീസ് സൂപ്രണ്ട് സന്‍സാര്‍ സിംഗ് പറഞ്ഞു. ബറേലി ജില്ലയിലെ ഷെരീഫ് നഗറില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പിതാവ് ടിക്കാറമാണ് പരാതി നല്‍കിയതെന്ന് ഡിയോറാനിയ പോലീസ്  പറഞ്ഞു.


മകളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും  അവളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പുതിയ നിയമത്തിലെ 3, 5 വകുപ്പുകളും വധഭീഷണി സംബന്ധിച്ച ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ പ്രകരവുമാണ് ഉവൈസ് അഹമ്മദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


ബുധനാഴ്ച വൈകുന്നേരം ബഹേരിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രിയങ്ക അഞ്‌ജോര്‍ മുമ്പാകെ ഹാജരാക്കിയ ഉവൈസിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.


അതേസമയം, ലവ് ജിഹാദ് നിയമപ്രകാരമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും  താന്‍ നിരപരാധിയാണെന്നും  ആ സ്ത്രീയുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു വര്‍ഷം മുമ്പ് വിവാഹിതയായ യുവതായാണെന്നും ഉവൈസ് അഹമ്മദ് പറഞ്ഞു.

വിദ്യാര്‍ഥിനിയായിരിക്കെ മകള്‍ക്ക്  അഹമ്മദിനെ പരിചയമുണ്ടെന്നും മതപരിവര്‍ത്തനം നടത്താന്‍ അടുത്തിടെ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് ടിക്കാറം പരാതിയില്‍ ആരോപിച്ചിരുന്നത്.  കഴിഞ്ഞ ജൂണിലാണ് ഇദ്ദേഹത്തിന്റെ മകള്‍ വിവാഹിതയായത്.


2019 ഒക്ടോബറില്‍ ഇരുവരും ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒളിച്ചോടിയ ഇവരെ  അതേ മാസം തന്നെ മധ്യപ്രദേശിലെ രത്‌ലമില്‍  പോലീസ് പിടികൂടുകയായിരുന്നു.


അതിനിടെ, യുവാവുമായുള്ള പ്രശ്‌നം കഴിഞ്ഞ വര്‍ഷം തന്നെ അവസാനിച്ചതാണെന്നും യുവതി മറ്റൊരാളെ വിവാഹം ചെയ്തുവെന്നും സഹോദരന്‍ കേസര്‍പാല്‍ റാത്തോഡ് പറഞ്ഞു.


പഴയ കേസ് അന്വേഷിക്കുന്നതിനായി പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നുവെന്നും പിതാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നുവെന്നും കേസര്‍പാല്‍ പറഞ്ഞു. തങ്ങളുടെ അറിവില്ലതെയാണ് പുതിയ കേസെന്നും അദ്ദേഹം പറഞ്ഞു.

 

Latest News