മസ്‌കത്ത്- തൊഴില്‍ നിയമലംഘകര്‍ക്ക് ഫീസും പിഴയും ഒടുക്കാതെ നാടുകളിലേക്ക് മടങ്ങാമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഒമാനിലെ ഇന്ത്യ, ബംഗ്ലാദേശ് എംബസികളില്‍ വന്‍തിരക്ക്.
തങ്ങളുടെ പൗരന്മാരെ സുഗമമായി സ്വദേശത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ രണ്ട് എംബസികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. പിഴകളില്ലാതെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയം ഡിസംബര്‍ 31 ന് സമയം അനുവദിച്ചരിക്കുന്നത്.
പാസ്‌പോര്‍ട്ട് ഇല്ലാത്ത ഇന്ത്യക്കാര്‍ക്ക് യാത്രാ പെര്‍മിറ്റ് നല്‍കുമെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഓരോ ദിവസവും നൂറോളം പേര്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും എംബസി വൃത്തങ്ങള്‍ പറഞ്ഞു. ചിലര്‍ക്ക് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതാണെങ്കിലും പലരുടേയും പാസ്‌പോര്‍ട്ടുകള്‍ ഒമാനി സ്‌പോണ്‍സര്‍മാരുടെ പക്കലുണ്ട്.
കുറച്ചു നാളുകളായി എംബസി പരിസരത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ബംഗ്ലാദേശ് സോഷ്യല്‍ ക്ലബ് മാനേജര്‍ മുഹമ്മദ് തൗഹീദിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ റിപ്പോര്‍ട്ട് ചെയ്തു. വിമാനങ്ങള്‍ നിറയെ യാതക്കാരുള്ളതിനാല്‍ വര്‍ഷാവസാനത്തിനുമുമ്പ് തന്നെ ഇവര്‍ യാത്രാ തീയതി ഉറപ്പുവരുത്തുകയും സീറ്റ് നേടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് ഇല്ലാത്ത ബംഗ്ലാദേശുകാര്‍ക്ക് എംബസി യാത്രാ പെര്‍മിറ്റ് നല്‍കുന്നുണ്ട്.
എംബസിയില്‍ നിന്ന് നേടിയ ട്രാവല്‍ പെര്‍മിറ്റ് തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കണം.
അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, യാത്രാ രേഖകളും, വിമാന ടിക്കറ്റും നിര്‍ബന്ധിത പിസിആര്‍ റിപ്പോര്‍ട്ടും ഉള്‍പ്പെടെ, പുറപ്പെടുന്ന സമയത്തിന് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ വിമാനത്താവളത്തിലെത്തണം. വിമാനത്താവളത്തില്‍, അവസാന എക്‌സിറ്റ് നടപടിക്രമങ്ങള്‍ക്കായി തൊഴില്‍ മന്ത്രാലയത്തിന്റെ കൗണ്ടറില്‍ പോകണം.